കൊടിയത്തൂർ: യുവ തലമുറ ലഹരിക്കടിമപ്പെട്ടുപോകുന്ന ഈ കാലത്ത്, നാട്ടിലെ യുവ തലമുറയിലെ കായിക പ്രതിഭകളെ കണ്ടെത്താനും, അതിലൂടെ നാടിനുപകരിക്കുന്ന നല്ലൊരു തലമുറയെ വളർത്തിയെടുക്കാനും കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ മുണ്ടോട്ട് കുളങ്ങര സർഗ്ഗ കലാ - കായിക വേദി കഴിഞ്ഞ എട്ട് വർഷങ്ങളായി സംഘടിപ്പിച്ച് വരുന്ന കുളങ്ങര പ്രീമിയർ ലീഗ് (കെ.പി.എൽ) എട്ട് ടീമുകൾ മാറ്റുരച്ച ഫുട്ബോൾ ടൂർണമെന്റിലെ എട്ടാം സീസണിൽ എൻ ഫ്യൂഇഗോ എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി എഫ്.സി ഹോഫൻഹെയിം ചാമ്പ്യന്മാരായി.
ഇ.എം.വി ടിപ്പർ സർവീസ് എരഞ്ഞിമാവ് സ്പോൺസർ ചെയ്ത വിന്നേഴ്സ് പ്രൈസ് മണിക്കും, നാപ്പ് ന്യൂ അസോസിയേറ്റഡ് ഫാർമ സ്പോൺസർ ചെയ്ത വിന്നേഴ്സ് ട്രോഫിക്കും, സനോക്ക ഇവെന്റ്സ് മുക്കം സ്പോൺസർ ചെയ്ത റണ്ണേഴ്‌സ് പ്രൈസ് മണിക്കും, ഗ്യാലക്സി ഹോംസ് സ്പോൺസർ ചെയ്ത റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടി സംഘടിപ്പിച്ച ടൂർണ്ണമെന്റിൽ മികച്ച കളിക്കാരനായി എഫ്.സി ഹോഫൻഹെയിംസിന്റെ റാസി, എമേർജിങ് പ്ലെയറായി വോൾവ്സ് എഫ്.സി യുടെ സിനാൻ, ടോപ് സ്കോററായി കെ.ജി.ആർ.എഫ്.സിയുടെ റിസ്‌വാൻ, മികച്ച ഡിഫെൻഡറായി എൻ ഫ്യൂഇഗോ എഫ്.സിയുടെ സനീർ, മികച്ച ഗോൾ കീപ്പറായി എൻ ഫ്യൂഇഗോ എഫ്.സിയുടെ അരീബും ടൂർണമെന്റിലെ താരങ്ങളായി.
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ മുഖ്യാതിഥിയായ ടൂർണ്ണമെന്റിൽ മുഹമ്മദ് ഗോതമ്പറോഡ്, മെഹബൂബ് കോഴിശ്ശേരി, സൈനീഷ് ചീരോളി, മുനീർ ഗോതമ്പറോഡ്, ഷാഫി, മൊയ്തീൻ, സുബൈർ ശങ്കരൻകണ്ടി, അഷ്‌റഫ് പുള്ളിയിൽ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. പന്നിക്കോട് പേൾ ഫോർട്ട് ടർഫിൽ വൈകുന്നേരം ഏഴ് മണിയോടെ ആരംഭിച്ച ടൂർണമെന്റ് പുലർച്ചെ വരെ ഒട്ടും ആവേശം ചോരാതെ നാടിന്റെ ആഘോഷമായി മാറി.
സർഗ്ഗ കലാ കായിക വേദിയുടെ മുതിർന്ന രക്ഷാധികാരി ശിഹാബ് കുഴിഞ്ഞോടി, കുളങ്ങര പ്രീമിയർ ലീഗ് കമ്മിറ്റി ഭാരവാഹികളായ ഷാജഹാൻ, ഷിബിൻ ജവാദ്, ജാസിം എന്നിവർ വിജയികൾക്ക് ട്രോഫി സമ്മാനിച്ചു.
Tags:
SPORTS