പന്നിക്കോട്: എയർ പോർട്ട് റോഡിൽ 'ലോഹ്യേട്ടൻ്റെ ചായക്കട' നടത്തി വന്നിരുന്ന ലോഹിതാക്ഷൻ നായരുടെ ആകസ്മിക നിര്യാണത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പന്നിക്കോട് യൂണിറ്റ് കമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദീർഘകാലം നാട്ടിലും കേരളത്തിന് പുറത്തും ഹോട്ടൽ മേഖലയിലായും മറ്റും കച്ചവട രംഗത്ത് പ്രവർത്തിച്ചിരുന്ന ലോഹിതാക്ഷൻ നായർ രണ്ടു വർഷത്തോളമായി പന്നിക്കോട് ടൗണിൽ ഹോട്ടൽ നടത്തിവരുന്നതിനിടയിലാണ് വീടിൻ്റെ ടെറസ്സിൽ നിന്ന് മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടത്.
യൂണിറ്റ് ഭാരവാഹികളായ പി.വി അബ്ദുല്ല, രാധാകൃഷ്ണൻ, സഹീദ് പി.സി, അശോകൻ, അബ്ദു റഷീദ് സി.പി, ഗോവിന്ദൻ, ശരീഫ് അമ്പലക്കണ്ടി തുടങ്ങിയവരും നിരവധി വ്യാപാരികളും വീട്ടിലെത്തി അനുശോചനമറിയിച്ചു.
പ്രസിഡണ്ട് പി.വി അബ്ദുല്ല സംഘടനക്ക് വേണ്ടി റീത്ത് സമർപ്പിച്ചു. കെ വി വി ഇ എസ് പന്നിക്കോട് യൂണിറ്റിലെ അംഗമായ സജീവ പ്രവർത്തകനെയും ഒരു മനുഷ്യപ്പറ്റുള്ള കച്ചവടക്കാരനെയുമാണ് അദ്ദേഹത്തിൻ്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് നേതാക്കൾ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
രാവിലെ 11 മണി വരെ അദ്ദേഹത്തോടുള്ള ആദര സൂചകമായി കടകളടക്കുകയും വൈകുന്നേരം വ്യാപാരികളും ബഹുജനങ്ങളും പങ്കെടുത്ത മൗന ജാഥയും അനുശോചന യോഗവും പന്നിക്കോട് നടക്കുകയും ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ ബാബു പൊലു കുന്നത്ത് യോഗം ഉദ്ഘാടനം ചെയ്തു. മജീദ് പുതുക്കുടി, ബാബു മൂലയിൽ തുടങ്ങിയവർ പ്രസംഗിച്ചു. അശോകൻ സ്വാഗതവും സതീഷ് കുമാർ നന്ദിയും പറഞ്ഞു.
Tags:
KODIYATHUR