കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൻ്റെ 2025-26 വാർഷിക പദ്ധതികൾക്ക് ജില്ല പ്ലാനിംഗ് കമ്മീഷൻ്റെ അംഗീകാരം ലഭിച്ചു. 10,35,38,289 രൂപയുടെ 167 പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു പറഞ്ഞു.
പഞ്ചായത്തിലെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് 17 ലക്ഷം, എൽ.പി, യു.പി സ്കൂളുകളിൽ എ.ഐ ലാബ് സ്ഥാപിക്കൽ, കൊടിയത്തൂർ - കാരശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കട്ടിരിച്ചാൽ റോഡ്, 60 വയസ് കഴിഞ്ഞവർക്ക് സൗജന്യ മരുന്ന് വിതരണം, പന്നിക്കോട്, പൊറ്റമ്മൽ എന്നിവിടങ്ങളിൽ കളിസ്ഥലം, പെൺകുട്ടികൾക്കായി സ്കൂളുകളിലേക്ക് സൈക്കിളുകൾ, പഞ്ചായത്തിൽ പൊതു വൈദ്യുതി ശ്മശാനം, തോട്ടുമുക്കത്ത് ആരോഗ്യ സബ് സെൻ്റർ, ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യമായി കിണർ, ഭിന്നശേഷി വിഭാഗങ്ങൾക്ക് 25 ലക്ഷം രൂപ, ഗ്രാമീണ റോഡുകൾക്ക് 6 കോടി, ഓപ്പൺ ജിംനേഷ്യങ്ങൾ, മുഴുവൻ ഭവന രഹിതർക്കും വീട്, വനിതകൾക്കായി ഫിനിഷിംഗ് സ്കൂൾ, കാർഷിക മേഖലയിൽ തരിശ് ഭൂമി കണ്ടെത്തി കൃഷി പ്രോത്സാഹിപ്പിക്കാൻ പദ്ധതികൾ, കുടിവെള്ള പദ്ധതികൾ എന്നിവയാണ് പ്രധാന പദ്ധതികൾ.
കോളനികളുടെ നവീകരണം, റോഡുകൾ നവീകരണവും പുതിയ റോഡുകളുടെ നിർമ്മാണവും, എരഞ്ഞിമാവ് സബ് സെൻ്റർ നവീകരണം എന്നിവയും പ്രധാന പദ്ധതികളാണ്.
Tags:
KODIYATHUR