✍️ ഗിരീഷ് കാരക്കുറ്റി.
ഒരു കാലഘട്ടത്തിൽ കൊടിയത്തൂരിൽ ചെങ്കൊടി പ്രസ്ഥാനത്തിന് താങ്ങും തണലുമായ് നിന്ന കൊടിയത്തൂർ കോട്ടയുടെ നിറ സാന്നിധ്യം ടി.എൻ അബ്ദുറഹ്മാൻ എന്ന ബീച്ചാനക്കയുടെ വിയോഗത്തിൽ ആദരാജ്ഞലികൾ.
സഹോദരൻ താളത്തിൽ ചേക്കു മുഹമ്മദ് കാക്കയുടെ കൂടെ കൂപ്പിൽ തടി വ്യവസായത്തിൽ സഹായിച്ചു കൊണ്ട് ജീവിതം പുലർത്തി പോന്നു.
നാട്ടിലുള്ള സമയത്ത് പാർട്ടിയുടെ ശക്തനായ അനുയായി ചെങ്കൊടി പ്രസ്ഥാനത്തിന് കീഴിൽ അണിനിരന്നു.
കമ്മ്യൂണിസ്റ്റ് പാർട്ടിക്കൊരു യോഗം ചേരാനോ കൂടിയിരിക്കാനോ ഇടമില്ലാത്ത അക്കാലത്ത് വിശാലമായ സ്വന്തം വീട് പാർട്ടിക്ക് വേണ്ടി സൗകര്യം ചെയ്തു കൊടുത്ത സഖാവിന്റെ ത്യാഗ നിർഭരമായ മനസിന് റെഡ് സല്യൂട്ട്.
ആ വീട്ടു കോലായിലിരുന്നാണെന്റെ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ ആദ്യ തുടക്കം. ഒരു തെരഞ്ഞെടുപ്പ് ജനറൽബോഡിയിൽ കൊടിയത്തൂരിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന സി. ആലികാക്കയുടെ ശാന്തതയിലും ഗൗരവം നിറഞ്ഞതുമായ പ്രസംഗം ശ്രദ്ധയോടെ കേട്ടിരുന്നതും, സ്നേഹ സമ്പന്നതയിൽ പുഞ്ചിരി തൂകി കട്ടൻ ചായയുമായി വരുന്ന ബീച്ചാനാക്കയുടെ മുഖവും മായാതെ മനസ്സിലിന്നും തിളങ്ങിനിൽക്കുന്നു.
രാവിലെ മുതൽ എല്ലാ പത്രവും കണ്ണോടിച്ച്, കൊടിയത്തൂരിന്റെ നെടുംകോട്ടയുടെ മധ്യത്തിലെ കുയ്യിൽ അബ്ദുള്ളാക്കയുടെ കടയിൽ കയറി നാലും കൂട്ടി മുറുക്കാനുള്ളത് എടുത്ത് വായിൽ വച്ച് ചരച്ച് രാഷ്ട്രീയ എതിരാളികളോട് നിറ പുഞ്ചിരിയോടെ വാദ പ്രതിവാദങ്ങൾ നടത്തുമ്പോൾ നാലുഭാഗത്ത് നിന്നും ആളുകൾ വട്ടം കൂടും പിന്നീട് നടക്കുന്ന അങ്ങാടി രാഷ്ട്രീയ ചർച്ചയിൽ നിന്നാണ് എന്നെപ്പോലുള്ളവർ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പഠിച്ചു തുടങ്ങിയത്.
വളരെ കൃത്യതയോടെ കോട്ടമ്മലെ ജനകീയ കോടതിയിൽ ബീച്ചാ നാക്ക ആവനായിലെ അവസാനത്തെ തുരുപ്പുചീട്ടും നീട്ടി പാർട്ടിക്കുവേണ്ടി വാതിക്കുമ്പോൾ എതിരാളികൾക്ക് പിടിച്ചുനിൽക്കാൻ കഴിയില്ല.
കേരളത്തിലെ 140 നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥികളെ പേര് എണ്ണി പറയാനും കൃത്യതയോടെ വിധി പറയാനും അക്കൂട്ടത്തിൽ ബീച്ചാനാക്കക്കുള്ള കഴിവ് മറ്റാർക്കുമില്ലായിരുന്നു.
ചിലപ്പോൾ ഒച്ചക്കൊച്ചക്ക് വലിയൊച്ചയാകും എന്നാലോ സംഘർഷങ്ങൾ ഉണ്ടാവില്ല രാഷ്ട്രീയ സൗഹൃദത്തിന്റെ പറുദീസയായിരുന്നു കൊടിയത്തൂർ.
വാത്സല്യത്തോടെയുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം പിതൃതുല്യമായിരുന്നു.
പാർട്ടിക്കൂറിൽ പാർട്ടിക്കുവേണ്ടി അടിയുറച്ചു നിന്ന ധീര സഖാവേ റെഡ് സല്യൂട്ട്....
കണ്ണിർ പ്രണാമം...
Tags:
HISTORY