കൊടിയത്തൂർ: വിദ്യാർത്ഥികൾ ഉൾപ്പെടെ ലഹരിയുടെ ഉപയോക്താക്കളും വിൽപ്പനക്കാരുമായി മാറുന്ന കാലഘട്ടത്തിൽ കായിക രംഗത്തെ വളർച്ച ലഹരിക്ക് ഒരു പരിധി വരെ തടയിടുമെന്ന തിരിച്ചറിവിൽ കൊടിയത്തൂരിൽ വിദ്യാലയങ്ങൾക്ക്
സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഞ്ചായത്തിലെ സർക്കാർ എൽ പി യു പി സ്കൂളുകൾക്ക് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തത്.
ഫുട്ബോൾ, വോളിബോൾ ഷട്ടിൽ ബാറ്റ് കോക്ക്, നെറ്റ്, സ്കിപ്പിംഗ് റോപ്പ്, റിങ്, ചെസ്സ് ബോർഡ്, ലുഡോ ബോർഡ് തുടങ്ങി നിരവധി ഉപകരണങ്ങളാണ് കിറ്റിൽ ഉൾപെടുത്തിയിട്ടുള്ളത്. കാരക്കുറ്റി ജി.എൽ.പി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു വിതരണ ഉദ്ഘാടനം നിർവഹിച്ചു.
വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മറിയം കുട്ടിഹസൻ, എം.ടി റിയാസ്, വി. ഷംലുലത്ത്, കെ.ജി സീനത്ത്, നിർവഹണ ഉദ്യോഗസ്ഥൻ ജി. അബ്ദുറഷീദ്, വിവിധ സ്കൂളുകളിലെ പ്രധാന അധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു.
Tags:
SPORTS