✍️ ഗിരീഷ് കാരക്കുറ്റി.
കാരക്കുറ്റി എന്ന കൊച്ചു ഗ്രാമത്തിലെ കുട്ടികൾക്ക് പോലും സുപരിചിതം എല്ലാവരുടെയും ഉമ്മ, ഉള്ളിലൊന്നും ഒളിച്ചു വെക്കാനില്ലാതെ മറയില്ലാതെ മുഖത്തുനോക്കി കാര്യം പറയും. നർമ്മഭരിതമായ സംസാര ശൈലി ഏവർക്കും പ്രിയങ്കരം.
ചെറുപ്രായത്തിൽ തന്നെ വിധവയായിട്ടും, ദാരിദ്ര്യത്തിൻ കണ്ണീർ പുഴ നീന്തിക്കടന്ന് അനാഥരായ തന്റെ കൈക്കുഞ്ഞുങ്ങളുടെ കണ്ണീരൊപ്പി ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി മാതൃസ്നേഹം നൽകി
റസാക്ക് കൊടിയത്തൂരെന്ന വ്യവസായ പ്രമുഖനെ വളർത്തിക്കൊണ്ടു വരുന്നതിൽ ത്യാഗം ചെയ്ത ഉമ്മ.
ഭർത്താവായ കമ്മ്യൂണിസ്റ്റുകാരനായ അരിമ്പ്ര മുഹമ്മദിന്റെ പെട്ടെന്നുള്ള ആകസ്മികമായ മരണം വല്ലാതെ തളർത്തിയെങ്കിലും, പറക്കമുറ്റാത്ത കൈക്കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് ജീവിതയാത്രയിലെ ദുർഘടമായ പാതകളെ അതിജീവിച്ച് ജീവിത വിജയം കൈവരിച്ചു മുന്നോട്ടുള്ള യാത്രകളിൽ, പാത്രങ്ങൾ കഴുകിയും, പാടത്തും പറമ്പിലും, കൃഷിപ്പണി ചെയ്തും, നെല്ല് കൊയ്തും, കറ്റ മെതിച്ചും, കൊയ്തു തീർന്ന പാടത്തെ കുറുന്താള് പെറുക്കിയും, റോഡ് പണിയെടുത്തും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വ്യത്യസ്ത വേഷങ്ങൾ ധരിച്ച് ഒരായുസ്സ് മുഴുവൻ മക്കൾക്കു വേണ്ടി ജീവിച്ചു തീർത്ത പ്രിയപ്പെട്ട ഉമ്മയുടെ ജീവിതഗാഥകൾ ഹൃദയസ്പർശിയാണ്.
എന്റെ പിതാവ് മരണശയ്യയിൽ കിടക്കുമ്പോൾ ഉമ്മ സന്ദർശിക്കാൻ വന്നപ്പോൾ സങ്കടമടക്കാനാവാതെ പൊട്ടിക്കരഞ്ഞതും വിങ്ങി വിങ്ങി അച്ഛനെക്കുറിച്ച് പറഞ്ഞു.... ഒരു കാലഘട്ടത്തിൽ എന്റെയും മക്കളുടെയും പട്ടിണി മാറ്റിയതച്ഛനാ യിരുന്നെന്ന്.
വറുതിയുടെ കാലഘട്ടത്തിൽ ഒരു മണി അരിക്കു പോലും ക്ഷാമ മായിരുന്ന കാലത്ത് മര ഈർച്ചപ്പണിക്കാരനായ അച്ഛൻ വലിയ തടായിക്കുന്നിൻ ചെരുവിലും വിളക്കോട്ടിലും മാസങ്ങളോളം ജോലി ചെയ്യുമ്പോൾ ഉച്ചക്ക് വിശപ്പടക്കാനുള്ള കുറച്ച് അരിയെടുത്ത് ഉമ്മയുടെ കയ്യിൽ കൊടുക്കും. അതുകൊണ്ട് ഒരുപാട് വെള്ളവും ചേർത്ത് നീട്ടി ഒരു കഞ്ഞി വെക്കും. എവിടെയെങ്കിലും പന മുറിച്ചിട്ടാൽ ഈർന്നു മുറിച്ച് കൊണ്ടു കൊടുക്കും മാസങ്ങളോളം പനങ്കഞ്ഞി വെക്കാൻ അതുമതി. അങ്ങനെ കുട്ടികളുടെ വിശപ്പടക്കും.... എന്ന് പറഞ്ഞു കരഞ്ഞു കണ്ണീരൊലിപ്പിച്ച നേരം ഞാൻ അച്ഛനെ ശ്രദ്ധിച്ചു അച്ഛന്റെ കണ്ണുകളും നിറഞ്ഞിരുന്നു. കണ്ടുനിന്ന എന്റെ കണ്ണുകളും അറിയാതെ നിറഞ്ഞു പോയി.
വലിയ വീടുകളിൽ നെല്ല് മെതിക്കാനും, ചേറാനും പോയാൽ കൂലിയായി ലഭിക്കുന്ന കുറച്ച് നെല്ലും കയ്യിൽ തൂക്കിപിടിച്ച് തിരികെ വരുമ്പോൾ വീട്ടുകാർ ചായക്ക് കടിയായി കൊടുക്കുന്ന പത്തിരിയും പുട്ടും കോന്തലയിൽ കെട്ടി വീട്ടിൽ വിശന്നിരിക്കുന്ന കുഞ്ഞുങ്ങൾക്ക് എത്തിച്ചു കൊടുക്കുന്ന കഥന കഥകൾ പലപ്പോഴും എന്നോട് പറഞ്ഞിട്ടുണ്ട്. എന്നെ വലിയ ഇഷ്ടമായിരുന്നു മകനെ പോലെയായിരുന്നു കണ്ടിരുന്നത്. ഞാൻ ഇടയ്ക്കിടയ്ക്ക് സന്ദർശിക്കാറുണ്ടായിരുന്നു.
ഉമ്മക്കുള്ള പെൻഷനുമായി മാസാമാസം ഞാൻ വരുന്നത് കാത്തിരിക്കും. നേരം വൈകിയാൽ തിരക്കും പെൻഷൻ കൊടുക്കാൻ വന്നാലോ ചായ കുടിപ്പിച്ചിട്ടേ വിടൂ ആ സ്നേഹത്തിന്റെ നിറകുടത്തിനു മുമ്പിൽ പലപ്പോഴും ഞാൻ തോറ്റുപോയിട്ടുണ്ട്.
ആ തിരിച്ചു കിട്ടാത്ത സ്നേഹബന്ധങ്ങളിന്ന് അന്യമായി കൊണ്ടിരിക്കുന്ന ഒരു കാലത്ത് ഇത്തരം അടയാളങ്ങൾ ബാക്കിയാക്കി ഉമ്മ യാത്രയാകുമ്പോൾ പുതിയ തലമുറക്ക് കൗതുകമായിരിക്കും.
നാളെ നീലാകാശത്ത് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളിൽ പുഞ്ചിരി തൂകി ഉമ്മയുണ്ടാകും, ആ സ്നേഹത്തിന്റെ നിറകുടത്തെ മറക്കാൻ കഴിയില്ല.......
കണ്ണീർ പ്രണാമം....
Tags:
HISTORY