Trending

ചാമ്പ്യൻ ഇന്ത്യ; കീവീസിനെ നാല് വിക്കറ്റിന് വീഴ്ത്തി ഇന്ത്യക്ക് മൂന്നാം ഐ.സി.സി ചാമ്പ്യൻസ് ട്രോഫി കിരീടം.



ദുബായ്‌: ചാമ്പ്യൻസ് ട്രോഫി ഫൈനൽ പോരാട്ടത്തിൽ കിവീസിനെ തകർത്ത് ഇന്ത്യയ്ക്ക് കിരീടം. ന്യൂസിലൻഡ് ഉയർത്തിയ 252 റൺസ് വിജയലക്ഷ്യം ആറു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറി കടന്നു. സ്കോർ: ന്യൂസിലൻഡ്: 251/7. ഇന്ത്യ 254/6 (49).

ദുബായ്‌ ഇന്റർനാഷണൽ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയും (83 പന്തിൽ 76) ശുഭ്‌മാൻ ഗില്ലും (50 പന്തിൽ 31) മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. 17 ഓവറിൽ ഇന്ത്യൻ ഓപ്പണർമാർ 100 റൺസ് കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ ന്യൂസിലൻഡ്‌ ക്യാപ്‌റ്റൻ മിച്ചൽ സാന്റ് 18-ാം ഓവറിൽ ഓപ്പണിങ് കൂട്ടുകെട്ടുപൊളിച്ചു. ഓൾറൗണ്ടർ ഗ്ലെൻ ഫിലിപ്‌സ് നേടിയ അത്യു​ഗ്രൻ ക്യാച്ചിലാണ് ​ഗിൽ മടങ്ങിയത്. പിന്നാലെ മൈക്കൽ ബ്രേസ്‌വെലിന്റെ പന്തിൽ വിരാട് കോഹ്‍ലിയും (2 പന്തിൽ 1) പുറത്തായി. 16 റൺ കൂട്ടിചേർക്കുന്നതിനിടെ രോഹിത് ശർമയും വിക്കറ്റും ടീമിന് നഷ്ടമായി. രചിൻ രവീന്ദ്രയുടെ ഓവറിൽ അനാവശ്യമായി ക്രീസിൽനിന്ന് കയറിക്കളിക്കാൻ ശ്രമിച്ച് പുറത്താവുകയായിരുന്നു.

ഇതോടെ ന്യൂസിലാൻഡ് കുരുങ്ങിയത് പോലെ സ്പിൻ കുഴിയിൽ വീണ് ഇന്ത്യയും പ്രതിസന്ധിയിലായി. പിന്നീട് കളത്തിലെത്തിയ ശ്രേയസ്‌ അയ്യരും (62 പന്തിൽ 48) അക്‌സർ പട്ടേലും (40 പന്തിൽ 29) കരുതലോടെയാണ് ബാറ്റേന്തിയത്. ഇരുവരും ചേർന്ന് 61 റൺ കൂട്ടിചേർത്തു. മിച്ചൽ സാന്റിന്റെ പന്തിൽ രചിൻ രവീന്ദ്രയ്ക്ക് ക്യാച്ച് നൽകിയാണ് അയ്യർ മടങ്ങിയത്. ടീം സ്കോർ 203ൽ എത്തിനിൽക്കെ മൈക്കൽ ബ്രേസ്‌വെലിന്റെ പന്തിൽ കൂറ്റനടിക്ക് ശ്രമിച്ച് വില്യം ഒറൂർക്കെയ്ക്ക് ക്യാച്ച് നൽകി അക്സർ പട്ടേലും പുറത്തായി. സ്കോർ 241 എത്തിനിൽക്കെ ഹാർദിക്‌ പാണ്ഡ്യയും (18 പന്തിൽ 18) പുറത്തായി. ആറാം വിക്കറ്റിൽ കെ എൽ രാഹുലും പാണ്ഡ്യയും ചേർന്ന് 38 റൺസ് കൂട്ടിചേർത്തു. കെ എൽ രാഹുലും (33 പന്തിൽ 34) രവീന്ദ്ര ജഡേജയും (6 പന്തിൽ 9) പുറത്താവാതെ നിന്നു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലൻഡിനെ ഇന്ത്യൻ സ്പിന്നർമാർ വരുതിയിലാക്കിയതോടെ നിശ്ചിത ഓവറിൽ ടീംസ്കോർ 251/7 ഒതുങ്ങി. അർധ സെഞ്ചുറി നേടിയ ഡാരിൽ മിച്ചെലും (101 പന്തിൽ 63) മൈക്കൽ ബ്രേസ്‌വെലുമാണ് (40 പന്തിൽ 53) കിവീസിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. വരുൺ ചക്രവർത്തിയും കുൽദീപ് യാദവും രണ്ടു വിക്കറ്റ് നേടിയപ്പോൾ മുഹമ്മദ്‌ ഷമിയും രവീന്ദ്ര ജഡേജ ഒരോ വിക്കറ്റ് നേടി.

ഗ്രൂപ്പ് മത്സരത്തിൽ ന്യൂസിലൻഡിനെതിരെ അഞ്ച് വിക്കറ്റെടുത്ത സ്പിന്നർ വരുൺ ചക്രവർത്തിയാണ് ഇത്തവണയും കിവീസിന് ആദ്യ പ്രഹരമേൽപ്പിച്ചത്. വരുൺ ചക്രവർത്തിയെറിഞ്ഞ എട്ടാം ഓവറിൽ ഓപ്പണർ വിൽ യങ് (23 പന്തിൽ 15) എൽബിഡബ്ല്യു ആകുകയായിരുന്നു. ഒന്നാംവിക്കറ്റിൽ കിവീസ് 57 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ 18 റൺസ് ചേർക്കുന്നതിനിടെ രചിൻ രവീന്ദ്രയെയും (29 പന്തിൽ 37) കെയ്ൻ വില്യംസണെയും (11 പന്തിൽ 14) കുൽദീപ്‌ യാദവ്‌ പുറത്താക്കി. രചിൻ രവീന്ദ്രയെ ബോൾഡാക്കിയ കുൽദീപ് പിന്നാലെ കെയ്ൻ വില്യംസനെ സ്വന്തം പന്തിൽ ക്യാച്ച് എടുത്ത് പുറത്താക്കുകയായിരുന്നു.

ഇതോടെ ടീം സ്കോർ മന്ദ​ഗതിയിലായി. 19.2 ഓവറിലാണ് കിവീസ് 100 പിന്നിട്ടത്. ശ്രദ്ധയോടെ ബാറ്റേന്തിയ ടോം ലാതമിനെ (30 പന്തിൽ 14) രവീന്ദ്ര ജഡേജ എൽബിഡബ്ല്യു ആക്കി. പിന്നാലെ ഗ്ലെൻ ഫിലിപ്‌സ്‌ (52 പന്തിൽ 34) വരുൺ ചക്രവർത്തി മടക്കി. 45-ാമത്തെ ഓവറിലാണ് ടീം സ്കോർ 200 കടന്നത്. അടുത്ത ഓവറിൽ അർധസെഞ്ചുറിയുമായി ടീമിനെ കരുതലോടെ നയിച്ച ഡാരിൽ മിച്ചെൽ മുഹമ്മദ് ഷമിയ്ക്ക് മുന്നിൽ വീണു. ആറാം വിക്കറ്റിൽ മൈക്കൽ ബ്രേസ്‌വെലുമായി ചേർന്ന് മിച്ചെൽ 46 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 91 പന്തുകൾ നേരിട്ടാണ് മിച്ചെൽ 50 റൺ പൂർത്തിയാക്കിയത്. ഇതിൽ ഒരു ബൗണ്ടറി മാത്രമേ ഉണ്ടായിരുന്നുള്ളൂ. 46-ാം ഓവറിൽ ഷമിയെ തുടർച്ചയായി രണ്ട് ബൗണ്ടറികൾ നേടി നിൽക്കെയാണ് താരം ഇന്ത്യൻ ക്യാപ്റ്റൻ രോഹിതിന് ക്യാച്ച് നൽകി മടങ്ങിയത്. 49-ാം ഓവറിൽ ക്യാപ്‌റ്റൻ മിച്ചൽ സാന്റ്‌നെറെ (10 പന്തിൽ 8) റണ്ണൗട്ട് ആയി.
Previous Post Next Post
Italian Trulli
Italian Trulli