കുട്ടികളിലും കാഴ്ചക്കാരിലും അക്ഷര മധുരം നിറച്ച് കാരശ്ശേരി പഞ്ചായത്ത് തല പഠനോത്സവത്തിന് കക്കാടിൽ പ്രൗഢമായ തുടക്കം.
മുക്കം: ഒരു വർഷത്തെ പഠനമികവ് കുട്ടി മാഗസിനുകളിൽ അടയാളപ്പെടുത്തി കക്കാട് ജി.എൽ.പി സ്‌കൂളിലെ കുട്ടി എഴുത്തുകാർ. അക്ഷര മിഠായി പഞ്ചായത്ത് തല പഠനോത്സവത്തോടനുബന്ധിച്ചാണ് കക്കാടിലെ ഒന്നു മുതൽ നാലുവരെയുള്ള മുഴുവൻ ഡിവിഷനിലെയും കുട്ടികൾ സ്വന്തമായി കുട്ടി മാഗസിനുകൾ തയ്യാറാക്കിയത്.
ഓരോ ക്ലാസിലെയും കുട്ടികൾ തയ്യാറാക്കിയ വൈവിധ്യമാർന്ന കൈയെഴുത്ത് പതിപ്പുകൾക്കുള്ള പേരുകളും വ്യത്യസ്തമായിരുന്നു. കൈയെഴുത്ത് പതിപ്പിൽ വിവിധ തരം വിജ്ഞാനങ്ങളും അനുഭവങ്ങളുമാണ് കുട്ടികൾ എഴുതിയും വരച്ചും മനോഹരമാക്കിയത്.
20 മുതൽ 80 പേജ് വരെയുള്ള മാഗസിനുകളാണ് ഓരോ കുട്ടിയും വർണങ്ങളും ചിത്രങ്ങളും വിവരണങ്ങളും സഹിതം പുറത്തിറക്കിയത്. പുതുകാലത്തിന്റെ ഭാഷയും ഭാവനയും താളവുമെല്ലാം അടയാളപ്പെടുത്തുംവിധമാണ് ഓരോ കുട്ടിപ്പതിപ്പുകളും തയ്യാറാക്കിയത്.
കൈയെഴുത്ത് പതിപ്പുകളുടെ പ്രകാശനം കക്കാട് ജി.എൽ.പി സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജൻ കുന്ദമംഗലം ബി.പി.സി മുഹമ്മദ് റാഫിക്ക് നൽകി നിർവഹിച്ചു.
അക്ഷരങ്ങളുടെയും അക്കങ്ങളുടെയും ചിത്രങ്ങളുടെയും വഴിയിൽ നേരിന്റെയും നന്മയുടെയും മുഖശ്രീയാവാൻ കുഞ്ഞുമക്കൾക്കാവട്ടെയെന്ന് ചടങ്ങിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി.
ഓരോ കുട്ടിയും തയ്യാറാക്കിയ കൈയെഴുത്ത് പതിപ്പ് കുട്ടി എഴുത്തുകാർ അതിഥികൾക്കൊപ്പം ഉയർത്തിപ്പിടിച്ചപ്പോൾ പ്രീപ്രൈമറി ക്ലാസിലെ കുട്ടികൾ നിറഞ്ഞ കരഘോഷത്തോടെയാണ് ചടങ്ങ് ആഘോഷമാക്കിയത്.
കൈയെഴുത്ത് പതിപ്പിന് പുറമെ പിന്നിട്ട പത്തു മാസം കൊണ്ട് കുട്ടികൾ നേടിയെടുത്ത പഠനമികവുകളുടെ അവതരണവും നടന്നു. പാടിയും പറഞ്ഞും ദൃശ്യാവിഷ്‌കാരം നൽകിയുമുള്ള വിവിധ പരിപാടികൾ മക്കൾ അവതരിപ്പിക്കുമ്പോൾ അവ ആസ്വദിക്കാനും പ്രോത്സാഹിപ്പിക്കാനുമായി രക്ഷിതാക്കളും എത്തിയിരുന്നു.
കുട്ടികളിലും കാഴ്ചക്കാരിലും അക്ഷരമധുരം നിറച്ചുള്ള ഓരോ അവതരണങ്ങളും നിറഞ്ഞ കൈയടി നേടി.
കല, ശാസ്ത്രം, ഭാഷ വിഷയങ്ങൾക്കു പുറമെ ഗണിതാസ്വാദനവും ലഹരിക്കെതിരെയുള്ള സ്‌കിറ്റും വഞ്ചിപ്പാട്ടും ട്രാഫിക് - പരിസ്ഥിതി ബോധവത്കരണവും കുഞ്ഞു ശാസ്ത്ര പരീക്ഷണങ്ങളും കരവിരുതുകളും പഠനോത്സവത്തിന്റെ മാറ്റ് കൂട്ടി. പഠനഭാഗത്തെ ആസ്പദമാക്കിയുള്ള ഇംഗ്ലീഷ്, അറബി സ്‌കിറ്റുകൾ, ലഘു ചിത്രീകരണങ്ങൾ, ഗാനാവതരണം, കവിതാലാപനം, കഥാകഥനം, സംഘഗാനം, പ്രസംഗം, ആംഗ്യപ്പാട്ട് തുടങ്ങിയവയും നടന്നു.
വിവിധ ചാർട്ടുകളുടെയും മാഗസിനുകളുടെയും വിപുലമായ പ്രദർശനവും ഒരുക്കി. ഈ അക്കാദമിക് വർഷം ഫുട്‌ബോൾ, ക്വിസ് മത്സരങ്ങളിൽ സ്‌കൂൾ നേടിയ നാല് കിരീടങ്ങളും പഞ്ചായത്ത്, ഉപജില്ലാ തല കായികമേളയിലെയും കലോത്സവത്തിലെയും വിവിധ നേട്ടങ്ങളും പ്രദർശനത്തിൽ ഇടം പിടിച്ചു.
പഠനോത്സവം പഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ - ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജിജിത സുരേഷ് മുഖ്യാതിഥിയായി. വാർഡ് മെമ്പർ എടത്തിൽ ആമിന, കുന്ദമംഗലം ബി.പി.സി മുഹമ്മദ് റാഫി, കോ-ഓർഡിനേറ്റർ ഷീന ടീച്ചർ, കുമാരനെല്ലൂർ ജി.എൽ.പി സ്‌കൂൾ എച്ച്.എം ബോബി ജോസഫ്, തേക്കുംകുറ്റി എഫ്.എം.എൽ.പി സ്‌കൂൾ ഹെഡ്മിസ്ട്രസ് ട്രീസ ജോസഫ്, കക്കാട് ജി.എൽ.പി.എസ് ഹെഡ്മിസ്ട്രസ് ജാനീസ് ജോസഫ്, പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ്, ഹബീബ ടീച്ചർ, മിഷ്ബ ആയിശ, ഷാക്കിർ പാലിയിൽ പ്രസംഗിച്ചു. ഭിന്നശേഷി കുട്ടികൾക്കുള്ള സഹായധനം ഹബീബ ടീച്ചർ കൈമാറി.
പരിപാടിക്ക് അധ്യാപകരായ ഷഹനാസ് ബീഗം, ജി ഷംസുദ്ദീൻ, കെ ഫിറോസ്, സത്യൻ സി.കെ, പി.ടി വിജില, ഇ.പി ഫർസാന, എം.പി ഖൈറുന്നീസ, ഗീതു ദാസ്, പി ഫസീല, ഷിൽന പർവീൺ, ഷീബ, വിപിന്യ, എസ്.എം.സി ചെയർമാൻ ജലാലുദ്ദീൻ, വൈസ് ചെയർപേഴ്‌സൺ ഷഹനാസ്, എം.പി.ടി.എ ചെയർപേഴ്‌സൺ കമറുന്നീസ എം, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രസിഡന്റ് എടക്കണ്ടി അഹമ്മദ്കുട്ടി, പി.ടി.എ എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുനീർ പാറമ്മൽ, ടി.ടി റിയാസ്, ഷബ്‌ന എടക്കണ്ടി, ഷാഹിന തോട്ടത്തിൽ, ഷാമില എം, സ്‌കൂൾ ലീഡർ നാബിഹ് അമീൻ കെ.സി, ഡെപ്യൂട്ടി ലീഡർ ഷാദിയ എം, സലീന എം, തസ്‌ലീന സി തുടങ്ങിയവർ നേതൃത്വം നൽകി.
Tags:
KODIYATHUR