✍️ഗിരീഷ് കാരക്കുറ്റി.
ഒരു ഗ്രാമത്തിന്റെയാകെ അമ്മ, കോട്ടമ്മൽ ദേവകിയമ്മ (74) നിര്യാതയായി.
കൊടിയത്തൂരിലും
പരിസര പ്രദേശങ്ങളിലും പോയ ജന്മത്തിൽ വീടുകളിൽ പേറ്റുനോവിന് കാവലിരിക്കുകയും പേറ് എടുക്കുകയും അമ്മയെയും കുഞ്ഞിനെയും നിറവാത്സ്യത്തോടെ ശുശ്രൂഷിക്കുകയും, നൂറുകണക്കിന് കുഞ്ഞുങ്ങളുടെയും നാട്ടുകാരുടെയും വീട്ടുകാരുടെയും അമ്മയായി അറിയപ്പെട്ട ദേവകിയമ്മ തിരിച്ചുവരാൻ പറ്റാത്ത ലോകത്തേക്ക് യാത്രയായി.
നവജാതശിശുക്കളെയും അമ്മമാരെയും മാസങ്ങളോളം അവരുടെ വീട്ടിൽ താമസിച്ച് പ്രസവാനന്തര ചികിത്സയും ശുശ്രൂഷയും നടത്തി. കുടുംബത്തിലെ അംഗത്തെ പോലെ സ്നേഹാമൃതം പുരട്ടിയുള്ള ശുശ്രൂഷകൾ അനുഭവിച്ചറിഞ്ഞവർ നൂറുകണക്കിന് പേരാണ്.
ഉണ്ണിപ്പേരിയമ്മയിൽ നിന്നും നന്നേ ചെറുപ്പത്തിൽ തന്നെ വീടുകളിൽ പ്രസവ ശുശ്രൂഷ കണ്ടുപഠിച്ച് സ്വയാത്ത മാക്കിയിരുന്നു. ഞങ്ങളുടെ നാട്ടിലെ നിരവധി കുഞ്ഞുങ്ങൾ ദേവകിയമ്മ ഒരുക്കിയ പാളയിൽ കിടത്തി കാച്ചിയ എണ്ണയിൽ മഞ്ഞളും പൂശി കയ്യും കാലും മൂക്കും ശരീരമാകെ ആ കൈകളുടെ സ്നേഹസ്പർശമേറ്റ് വളർന്നവരാണ്.
ആ സ്നേഹ വാത്സല്യ നിറകുടത്തിനെ കാണുമ്പോൾ ആരും അടുത്ത് വന്ന് കുശലം പറയും. ആരോടും വെറുപ്പും വിദ്വേഷവും ഇല്ലായിരുന്നു എല്ലാവരോടും സ്നേഹമായിരുന്നു.
പ്രസവാനന്തര ചികിത്സകളിൽ അവരുടെ കൈപ്പുണ്യം അനുഭവിച്ചറിഞ്ഞവർ നിരവധി പേർ. ജീവിത യാത്രയിൽ കഷ്ടപ്പാടിന്റെ ദുരിതത്തിനിടയിൽ നാട്ടുകാർ നൽകുന്ന നാണയത്തുട്ടുകളും വീടുകളിൽ നിന്നും പാരിതോഷികമായി കിട്ടുന്ന ഫോറിൻ വസ്ത്രങ്ങളും ധരിച്ച് പ്രായത്തെ തോൽപ്പിച്ച് യുവത്വത്തിന്റെ പ്രസരിപ്പോടെ നടന്നു നീങ്ങുമ്പോഴാണ് ആകസ്മികമായ മരണം സംഭവിച്ചത്. ദേവകിയമ്മ എടുത്തുവളർത്തിയ നിരവധി പേരെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി.
സ്നേഹ വാത്സല്യ നിറകുടത്തിന് കണ്ണീർ പ്രണാമം