✍️ഗിരീഷ് കാരക്കുറ്റി.
കൊടിയത്തൂരിന്റെ നെടുങ്കോട്ടയിൽ ചെങ്കൊടി പ്രസ്ഥാനത്തിന്റെ കൊടിക്കൂറ ഉയർത്തിപ്പിടിച്ച് മുമ്പെ കടന്നുപോയ ധീര സഖാക്കളുടെ പാത പിന്തുടർന്ന് ചുവപ്പു രാശി പടർത്തി ഒറ്റയാൾ പോരാട്ടത്തിലൂടെയും ചെങ്കൊടിക്ക് കരുത്തായി നിലയുറച്ച് അകാലത്തിൽ പൊലിഞ്ഞുപോയ രക്തനക്ഷത്രം സഖാവ് സത്താറിന്‍റെ ജ്വലിക്കുന്ന ഓർമ്മകൾക്കു മുമ്പിൽ ഒരുപിടി രക്ത പുഷ്പങ്ങൾ അർപ്പിക്കുന്നു.
പി ടി എം ഹൈസ്കൂളിൽ എസ്എഫ്ഐയുടെ നക്ഷത്രാങ്കിത സുപ്ര പതാക കൈകളിലേന്തി എളിയ പ്രവർത്തകനായി പ്രവർത്തനം തുടങ്ങുമ്പോളെനിക്ക് കരുത്തായി അന്നത്തെ എസ് എഫ് ഐയുടെ മുക്കം ഏരിയ പ്രസിഡന്റ് കെ സത്താറുണ്ടായിരുന്നു. അന്ന് തുടങ്ങിയ സൗഹൃദം പിന്നീട് യുവജന പ്രസ്ഥാനത്തിന്റെ ദീർഘകാലം സെക്രട്ടറിയായി, പ്രസിഡണ്ടായി മാറിമാറി തോളോട് തോൾ ചേർന്ന് കൊടിയത്തൂർ കോട്ടമ്മൽ ഞങ്ങൾ രണ്ടുപേരും സഹോദരന്മാരെ പോലെ പ്രവർത്തിച്ചപ്പോൾ സത്താറിന്റെ കളി തമാശകളും ദീർഘ വീഷണത്തോടുകൂടിയ സംഘടനാ പ്രവർത്തനവും ഇന്നും കരുത്തായി കൂടെയുണ്ട്.
അങ്ങാടി രാഷ്ട്രീയം പറഞ്ഞു നർമ്മം കലർത്തി രാഷ്ട്രീയ എതിരാളികളുടെ വായടപ്പിക്കുന്നതിൽ നല്ല മിടുക്കായിരുന്നു സത്താറിന്. ഏൽപ്പിച്ച പ്രവർത്തനങ്ങൾ കൃത്യതയോടെ ചെയ്തുതീർക്കുന്നതോടൊപ്പം കൊടിയത്തൂർ സർവ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാരൻ എന്ന നിലയിൽ ജനങ്ങൾക്ക് പ്രിയപ്പെട്ടവനായിരുന്നു. അതു കൊണ്ടുതന്നെ സത്താറിന്‍റെ ബാങ്ക് എന്നാണ് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ കൊടിയത്തൂർ സർവ്വീസ് സഹകരണ ബാങ്കിനെ പരിചയപ്പെടുത്തിയിരുന്നത്'.
അർജൻറീനയുടെ ഫാൻസായ സത്താറിന് കോച്ച് ഉൾപ്പെടെയുള്ള മുഴുവൻ കളിക്കാരുടെയും പേരുകൾ മന:പ്പാഠമായിരുന്നു. അർജൻറീനയോടുള്ള ആരാധന മൂത്ത് മറ്റു ഫുട്ബോൾ ഫാൻസുകളെ അതിരൂക്ഷമായി വിമർശിക്കുകയും കളിയാക്കുകയും ചെയ്തിരുന്നു. ഒരിക്കൽ അർജൻറീന ഫൈനലിൽ പരാജയപ്പെട്ടപ്പോൾ അർദ്ധരാത്രിയിൽ ചൂട്ട് കത്തിച്ച് സത്താറിന്റെ വീടും തേടി ബ്രസീൽ ആരാധകരെത്തിയതും അവരെ സ്വീകരിച്ചിരുത്തി "ജയിക്കലും തോൽക്കലും ഒക്കെ സാധാരണയാണ്, അവിടുത്തെ കാലാവസ്ഥ ഞങ്ങളെ ടീമിന് പിടിച്ചില്ല, അതുകൊണ്ടാണ് തോറ്റത് അടുത്ത കളിയിൽ കാണിച്ചുതരാം" എന്നു പറഞ്ഞത് ആകെ ചിരി പടർത്തി.
തെരഞ്ഞെടുപ്പ് കാലത്ത് 140 നിയമസഭാ മണ്ഡലത്തിലെയും എൽഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാർത്ഥികളെ സത്താറിന് മന:പ്പാഠമായിരുന്നു. വീറും വാശിയോടെയും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഏർപ്പെടുകയും രാഷ്ട്രീയ സൗഹൃദം നിലനിർത്തുകയും ചെയ്തിരുന്നു. ഏവർക്കും പ്രിയങ്കരനായിരുന്നു സത്താർ.
സഖാവെ കൊടിയത്തൂർ യുവചേതനയിലിരുന്ന് ഞങ്ങൾ നിന്നെയോർക്കാത്ത ദിവസങ്ങളില്ല.
സഖാവേ നീ വളർത്തിയ പാർട്ടി നിന്നെ വളർത്തിയ പാർട്ടി ഇന്ന് കൊടിയത്തൂരിലാകെ ശക്തി പ്രാപിച്ചു വരികയാണ്.നീ പ്രവർത്തിച്ച ബ്രാഞ്ച് കമ്മിറ്റി പ്രവർത്തന സൗകര്യാർത്ഥം വിഭജിച്ച് കാരക്കുറ്റിയിലും ചാത്ത പറമ്പിലും സൗത്ത് കൊടിയത്തൂരിലും തെയ്യത്തും കടവിലും പാലക്കോട്ട് പറമ്പിലും വെസ്റ്റ് കൊടിയത്തൂരിലും ബ്രാഞ്ച് ഘടകങ്ങളായി നൂറുകണക്കിന് പാർട്ടി മെമ്പർമാരുമായി വളരുകയാണ് ഈ പ്രസ്ഥാനം.
സഖാവേ നിന്റെ ജ്വലിക്കുന്ന ഓർമ്മകൾക്കു മുമ്പിൽ ഒരുപിടി രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു ലാൽസലാം.
സി.പി.ഐ.എം കൊടിയത്തൂർ കോട്ടമ്മൽ മുൻ ബ്രാഞ്ച് സെക്രട്ടറിയും കൊടിയത്തൂർ സർവ്വീസ് സഹകരണ ബാങ്ക് കൊടിയത്തൂർ ബ്രാഞ്ച് മാനേജറുമായിരുന്ന സത്താറിന്റെ അനുസ്മരണ ദിനമായ ഇന്ന് (ഫെബ്രുവരി 26) വൈകിട്ട് 5 മണിക്ക് കൊടിയത്തൂർ യുവചേതനയിൽ നടക്കുന്ന അനുസ്മരണ യോഗത്തിലേക്ക് ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു.