✍🏻എ ആർ കൊടിയത്തൂർ.
കൊടിയത്തൂർ വാദി റഹ് മ സ്കൂളിൽ മകളോടും പേരക്കുട്ടിയോടും ഒപ്പം നാലാം ക്ലാസിലെ ഹിന്ദി അധ്യാപകന്റെ അടുത്ത് എത്തിയപ്പോൾ, അദ്ദേഹം വിങ്ങി പൊട്ടുകയായിരുന്നു. ഞാൻ ഹിന്ദി പഠിപ്പിച്ച മോളാണ് ഇന്ന് യാത്രയായത്. ചേന്നമംഗല്ലൂർ ഹയർ സെക്കൻഡറി പ്ലസ് ടു വിദ്യാർഥി ഫാത്തിമ ജിബിന്റെ ഈ ലോകത്തു നിന്നുള്ള വേർപാട് ബന്ധപ്പെട്ടവരെയെല്ലാം വേദനിപ്പിക്കുന്നതായിരുന്നു.
കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ കാരാട്ട് മുജീബിന്റെ മകൾ 18 വയസ്സുള്ള ഫാത്തിമ ജിബിൻ കൂട്ടുകാരിൽ നിന്നും മന്ദസ്മിതം തൂകി യാത്രയായി. മോളും ഉമ്മയും യാത്ര ചെയ്തിരുന്ന ബൈക്ക് നിയന്ത്രണം വിട്ടു പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. മോളുടെ ആത്മാവ് ഈ ലോകത്ത് നിന്നും വിട്ടു പോയി. മാതാവ് കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലാണ്.
പൊന്നുമോൾക്ക് അനുവദിക്കപ്പെട്ട സമയം കഴിഞ്ഞു. ഈ വിദ്യാർഥിനിയുടെ മയ്യിത്ത് നമസ്കാരവും കബറടക്കവും കൊടിയത്തൂർ ജുമാ മസ്ജിദിൽ നടന്നപ്പോൾ അക്ഷരാർത്ഥത്തിൽ മനം നൊന്തു. കൂടെ പഠിക്കുന്ന കൗമാര പ്രായക്കാരായ കൂട്ടുകാർ നമസ്കാരത്തിനും കബറിടത്തിലും വിങ്ങിയ മനസ്സുമായി നിൽക്കുമ്പോൾ, പഠിപ്പിച്ച അധ്യാപകർക്ക് കുട്ടിയെ സംബന്ധിച്ച് നല്ലതു മാത്രമേ പറയാനുള്ളൂ.
വൈകുന്നേരം അഞ്ചു മണിയാകുമ്പോഴേക്കും വലിയ ജുമാ മസ്ജിദ് നിറഞ്ഞു കവിയുകയായിരുന്നു. കൂടുതൽ പേരും കൊടിയത്തൂർകാർക്ക് അപരിചിതരാണ്. കുട്ടി പഠിച്ച സ്കൂളുകളുമായി ബന്ധപ്പെട്ട അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ചു കൂടി, പ്രാർത്ഥനാ മനസ്കരായി ഈ മോളെ യാത്രയാക്കി. 18 വർഷക്കാലത്തെ ജീവിതം അവസാനിപ്പിച്ച്, ആകസ്മിക മരണത്തിലൂടെ, വീട്ടുകാരിൽ നിന്നും കൂട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും, ഈ ലോകത്ത് നിന്നും വിട പറഞ്ഞ ഫാത്തിമ ജെബിൻ ധാരാളം പാഠങ്ങൾ ബാക്കിയാക്കുന്നു.
കൗമാരക്കാരുടെ ജീവിതത്തിൽ ചിട്ടയും ഒതുക്കവും അനുസരണവും കോർത്തിണക്കണം. എല്ലാവർക്കും വേണ്ടപ്പെട്ടവരായി ജീവിക്കാനുള്ള ബോധം ഉണ്ടാക്കിയെടുക്കുന്നത്, നന്മയുടെ നാഴികക്കല്ലുകൾ ആയി ഇവിടെ അവശേഷിക്കാൻ ഇടയാക്കും. നാട്ടുകാർക്കും പരിചിതർക്കും ചെയ്യാനുള്ളത് ആത്മാർത്ഥമായ തേട്ടമാണ്.
ജഗന്നിയന്താവിനോട് നമുക്ക് പ്രാർത്ഥിക്കാം: കുട്ടിയുടെ കുടുംബത്തിനും ബന്ധുക്കൾക്കും പ്രപഞ്ചനാഥൻ ആശ്വാസവും സമാധാനവും ക്ഷമയും നൽകട്ടെ,