Trending

പി.വി അന്‍വര്‍ എം.എൽ.എ സ്ഥാനം രാജിവെച്ചു; വസതിയിലെത്തി സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറി.



തിരുവനന്തപുരം: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചു. തിങ്കളാഴ്ച രാവിലെ സ്പീക്കര്‍ എ.എന്‍ ഷംസീറിനെ കണ്ടാണ് രാജിക്കത്ത് കൈമാറിയത്. ഇടതുപക്ഷവുമായി തെറ്റിപ്പിരിഞ്ഞ ശേഷം തൃണമൂല്‍ കോണ്‍ഗ്രസില്‍ ഔദ്യോഗികമായി അംഗത്വമെടുത്തതിന് പിന്നാലെയാണ് അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചത്.

മുപ്പത് വര്‍ഷത്തോളം കോണ്‍ഗ്രസിലെ ആര്യാടന്‍ മുഹമ്മദ് കൈവശം വെച്ചിരുന്ന നിലമ്പൂര്‍ മണ്ഡലത്തില്‍ രണ്ട് തവണ അട്ടിമറി വിജയം നേടി ചരിത്രംകുറിച്ച അൻവർ ഇതോടെ ഇടതുപക്ഷവുമായുള്ള ബന്ധം ഔദ്യോഗികമായി വേർപെടുത്തി.

പൊലീസിനെതിരേ ആരോപണം ഉന്നയിച്ച്‌ സി.പി.എമ്മിനെതിരേയും മുഖ്യമന്ത്രി പിണറായി വിജയനെതിരേയും യുദ്ധപ്രഖ്യാപനം തുടങ്ങിയ അന്‍വര്‍ 14 വര്‍ഷത്തിന് ശേഷമാണ് ഇടതുപക്ഷവുമായുള്ള ബന്ധം വേർപെടുത്തുന്നത്. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തിലെ ഔദ്യോഗിക ഇടതുസ്ഥാനാര്‍ഥിയെ നാലാം സ്ഥാനത്തേക്ക് തള്ളിയായിരുന്നു പി.വി അന്‍വര്‍ തന്റെ രാഷ്ട്രീയ എന്‍ട്രി ശ്രദ്ധേയമാക്കിയത്.

അന്ന് അന്‍വറിന്റെ ശക്തി തിരിച്ചറിഞ്ഞ ഇടതുപക്ഷം 2016-ല്‍ നിലമ്പൂര്‍ പിടിച്ചടക്കാന്‍ അന്‍വറിനെ ചുമതലയേല്‍പിക്കുകയായിരുന്നു. അത് ചരിത്രമാവുകയും ചെയ്തു. 2016-ല്‍ നിലമ്പൂര്‍ പിടിച്ചെടുത്ത പി.വി അന്‍വര്‍ 2021-ലും ഇത് ആവര്‍ത്തിച്ചതോടെ മണ്ഡലം അന്‍വറിന്റെ കുത്തകയായി മാറി. 2016-നെ അപേക്ഷിച്ച്‌ 2021-ല്‍ വലിയ വോട്ടുചോര്‍ച്ച മണ്ഡലത്തില്‍ അന്‍വറിനുണ്ടായെങ്കിലും വിജയം തുടരാനായത് ഇടതുപക്ഷത്തിന് ഏറെ ആശ്വാസമായിരുന്നു. എ.ഐ.സി.സി അംഗവും എടവണ്ണ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.വി.ഷൗക്കത്തലിയുടെ മകനായ അന്‍വര്‍ കോണ്‍ഗ്രസ് വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തെത്തിയത്. 

കെ.എസ്.യു - എസ്. സംസ്ഥാന സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ് ജില്ലാ വൈസ് പ്ര സിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.

ഉപതിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ മത്സരിക്കില്ല; പ്രതിപക്ഷ നേതാവിനെതിരേ ആരോപണം ഉന്നയിച്ചത് പി. ശശി പറഞ്ഞിട്ടെന്ന് പി. വി. അന്‍വര്‍

നിലമ്പൂരില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് പി. വി. അന്‍വർ. യുഡിഎഫിനായിരിക്കും തന്റെ പിന്തുണയെന്നും എംഎല്‍എ സ്ഥാനം രാജിവെച്ചശേഷം നടത്തിയ വാർത്താസമ്മേളനത്തില്‍ അന്‍വര്‍ പറഞ്ഞു.150 കോടി രൂപയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ആരോപണം പ്രതിപക്ഷ നേതാവ് വി. ഡി. സതീശനെതിരെ ഉന്നയിച്ചത് പി. ശശി പറഞ്ഞിട്ടാണ്. ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോടു പരസ്യമായി മാപ്പ് ചോദിക്കുന്നു. സതീശനുണ്ടായ മാനഹാനിക്ക് കേരള ജനതയോട് ആത്മാർഥമായി മാപ്പ് ചോദിക്കുന്നു. സതീശനും കുടുംബത്തിനും ബന്ധുക്കള്‍ക്കും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കുമുണ്ടായ വിഷമത്തില്‍ മാപ്പ്. തന്റെ മാപ്പപേക്ഷ സ്വീകരിക്കണമെന്നു സതീശനോടു സ്നേഹപൂർവം അഭ്യർഥിക്കുന്നതായും അന്‍വര്‍ പറഞ്ഞു.

പി.ശശി, എം.ആർ.അജിത്കുമാർ എന്നിവർക്കെതിരൊണ് ഞാൻ ആദ്യം ആരോപണം ഉന്നയിച്ചത്. എന്റെ ആരോപണങ്ങള്‍ അവജ്ഞയോടെ തള്ളുകയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ഒറ്റയടിക്ക് എന്നെ തള്ളിപ്പറയുകയാണ് അദ്ദേഹം ചെയ്തത്. ഇതോടെയാണ് സിപിഎമ്മും എല്‍ഡിഎഫുമായുമുള്ള ബന്ധം നിലച്ചത്. പിതാവിനെപ്പോലെയാണ് പിണറായി വിജയനെ കണ്ടിരുന്നത്. അദ്ദേഹത്തിനെതിരെ വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നു തോന്നിയിരുന്നു. പിണറായിക്കെതിരായ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ വൈകാരികമായാണു കണ്ടിരുന്നതെന്നും അന്‍വർ പറഞ്ഞു. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫിസിനും എതിരായ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായും ഉന്നതശ്രേണിയിലുള്ള നേതാക്കളുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അന്‍വർ കൂട്ടിച്ചേർത്തു.

രാജി മലയോര മേഖലയ്ക്കായാണെന്നും ഇനി പോരാട്ടം പിണറായിസത്തിനെതിരെയാണെന്നും അന്‍വര്‍ പറഞ്ഞു. മലയോര ജനതയെ അറിയുന്നിന ആളെ നിലമ്പൂരില്‍ മത്സരിപ്പിക്കണം. ഡിസിസി അധ്യക്ഷന്‍ വി.എസ്. ജോയിയെ മത്സരിപ്പിക്കണമെന്നാണ് യുഡിഎഫിനോടുള്ള അഭ്യര്‍ഥനയെന്നും അന്‍വര്‍ പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli