കോഴിക്കോട്: സൗജന്യ റെസിഡൻഷ്യൽ സിവിൽ സർവീസ് കോച്ചിംഗ് നടത്തുന്ന ഫേസ് ഐ.എ.എസ് അക്കാദമിയും കൊടിയത്തൂർ ഫേസ് കാമ്പസും സംയുക്കമായി നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സ്റ്റുഡന്റ്സ് പബ്ലിക്ക് ടോക്ക് ഷോയായ ഫേസ് എക്സ് ടോക്ക് ഷോ ഈ മാസം 14ന് ചുള്ളിക്കാപറമ്പ് ആലുങ്ങൽ പാരമൗണ്ട് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.
മുൻ കേരള ചീഫ് ഇലക്ഷൻ കമ്മീഷണർ പി. കമാൽകുട്ടി ഐ.എ.എസ്, എം.പി ജോസഫ് ഐ.എ.എസ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഫേസ് ഐ.എ.എസ് അക്കാദമി, തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്നു.
പൂർണ്ണമായും സൗജന്യമായി താമസ സൗകര്യത്തോടെ പ്രവർത്തിക്കുന്ന അക്കാദമി, 25 വിദ്യാർത്ഥികൾക്ക് പഠനവും താമസവും ഭക്ഷണവും ഉൾപ്പെടെ സൗജന്യമായി നൽകുന്നു.
വിദ്യാർത്ഥികളെ ഇന്ത്യയിലെയും വിദേശത്തേയും ഉന്നത കലാലയങ്ങളിലേക്ക് സ്കോളർഷിപ്പോടെ ഡിഗ്രി, പി.ജി പഠനങ്ങൾക്ക് എത്തിക്കുക, സിവിൽ സർവ്വീസ് പരീക്ഷക്ക് വിദ്യാർത്ഥികളെ പ്രാപ്തരാക്കുക, യു.എൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികളിലെ വിവിധ തസ്തികളിലെക്ക് മലയാളികളെ എത്തിക്കുക തുടങ്ങിയ സമൂഹത്തിന്റെ ലീഡർഷിപ്പിലേക്ക് നമ്മുടെ കുട്ടികളെ എത്തിക്കാനുള്ള ശ്രമമാണ് ഫേസ് നടത്തി കൊണ്ടിരിക്കുന്നത്.
ലോക പ്രശസ്തമായ ടെഡി എക്സ് ടോക്കിന്റെ മാതൃകയിലാണ് എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി ഫേസ് എക്സ് ടോക്ക്ഷോ രൂപകൽപ്പന ചെയ്തത്. പബ്ലിക് സ്പീക്കിംഗ് കഴിവുകളും ലീഡർഷിപ്പ് സ്‌കില്ലുകളും വികസിപ്പിച്ച്, അവർക്ക് അന്താരാഷ്ട്ര തലത്തിൽ വിദ്യാത്ഥികൾക്ക് അവസരങ്ങൾ സൃഷ്ടിക്കുക എന്നുള്ളതാണ് ഈ ടോക്ക് ഷോയുടെ ലക്ഷ്യം,
ഫേസ് എക്സ് ടോക്ക് ഷോയുടെ ഉദ്ഘാടനം ഇന്ത്യയുടെ മുൻ ഡിഫൻസ് സെക്രട്ടറിയും മുൻ ഇന്ത്യൻ രാഷ്ട്രപതിയുടെ സെക്രട്ടറിയുമായിരുന്ന ഡോ. തോമസ് മാത്യു ഐ.എ.എസ് നിർവഹിക്കും.
ഇ.ടി മുഹമ്മദ് ബഷീർ എം.പി, ഹാഷ്മി താജ് ഇബ്റാഹിം, സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി തങ്ങൾ, ലിൻ്റോ ജോസഫ് എം.എൽ.എ, ഫേസ് കാമ്പസ് പ്രിൻസിപ്പൽ പി. കമാൽകുട്ടി ഐ.എ.എസ്, മെഹ്ബൂബ് എം.എ, സി.പി ചെറിയ മുഹമ്മദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
ഫേസ് അക്കാദമിക്ക് ഡയറക്ടർ എം.പി ജോസഫ് ഐ.എ.എസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഫേസ് എക്സ് ടോക്ക് ഷോ മത്സരത്തിൽ വിജയികളാകുന്നവർക്ക് ഒരു ലക്ഷം രൂപയും, പ്രശസ്തി പത്രവും എക്സ് മാതൃകയിലുള്ള ഉപഹാരവും ലഭിക്കും. ആദ്യ റൗണ്ടിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് ലഭിക്കും. ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിൽ നിന്നായി 600 വിദ്യാർത്ഥികൾ ആദ്യ റൗണ്ടിൽ പങ്കെടുത്തു. ആദ്യ റൗണ്ടിൽ നിന്ന് തിരഞ്ഞെടുത്ത 100 പേരാണ് ഫൈനൽ റൗണ്ടിൽ മത്സരിക്കുന്നത്.
വിദ്യാർത്ഥികളുടെ പബ്ലിക് സ്പീക്കിംഗ് കഴിവുകൾക്ക് പുത്തൻ വേദിയൊരുക്കുന്ന ഫേസ് എക്സ് ടോക്ക് ഷോയിലൂടെ പുതിയ തലമുറയുടെ നേതൃ ശേഷികൾ പുറത്തുകൊണ്ടുവരാനാണ് ഫേസിന്റെ ശ്രമം.
വാർത്താ സമ്മേളനത്തിൽ ഫേസ് അക്കാദമിക് കൗൺസിൽ അംഗം അബൂസാലി ഒ, ഫേസ് ഐ.എ.എസ് അക്കാദമി ഡയറക്ടർ ബഷീർ എടാട്ട്, ഫേസ് ഡയറക്ടർ മുഹമ്മദ് തസ്നീം, ഫേസ് ഐ.എ.എസ് അക്കാദമി സി.എ.ഓ മുഹമ്മദ് മുർഷിദ് പങ്കെടുത്തു.
Tags:
EDUCATION