Trending

ലഹരിക്കെതിരെ ഫുട്ബാൾ; മുക്കം ഉപജില്ലാ ഫുട്‌ബോളിന്റെ ഫിക്‌സ്ചർ പ്രകാശനം ചെയ്തു.



മുക്കം: 'ലഹരിക്കെതിരെ ഫുട്ബാൾ: ആരോഗ്യമുള്ള ശരീരം, ലഹരിമുക്ത ജീവിതം' എന്ന സന്ദേശത്തിൽ ഈമാസം 18ന് കക്കാട് തൂക്കുപാലത്തോട് ചേർന്നുള്ള മംഗലശ്ശേരി മൈതാനിയിൽ നടക്കുന്ന മുക്കം ഉപജില്ലാ രണ്ടാമത് സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ ഫിക്‌സ്ചർ പ്രകാശനം ചെയ്തു.


പ്രശസ്ത കളിയെഴുത്തുകാരൻ കമാൽ വരദൂർ നാഷണൽ റഫറിയും റിട്ട. പ്രധാനാധ്യാപകനുമായ സി.ടി ഗഫൂർ മാഷിന് (കൊടിയത്തൂർ) നൽകിയാണ് ഫിക്‌സ്ചർ പ്രകാശനം ചെയ്തത്. സ്‌കൂൾ അക്കാദമിക് ഡയറിയുടെ സമർപ്പണവും കമാൽ വരദൂർ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ജാനീസ് ജോസഫ് ഏറ്റുവാങ്ങി.


കക്കാട് ജി.എൽ.പി സ്‌കൂളിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ് അധ്യക്ഷത വഹിച്ചു. അന്തരിച്ച സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ പേരിലുള്ള ചന്ദ്രിക സ്‌പെഷ്യൽ പതിപ്പും കമാൽ വരദൂർ സ്‌കൂൾ ലൈബ്രറിയിലേക്ക് സമർപ്പിച്ചു. ലഹരിയുടെ വിപത്തും പുതിയ കാലത്തെ ചതിക്കുഴികളും കുട്ടികളെ ഉണർത്തിയ അദ്ദേഹം, ലോക ഫുട്‌ബോളിൽ നിറഞ്ഞുനിൽക്കുന്ന കുട്ടികളുടെ ഇഷ്ടതാരങ്ങളുടെ ജീവിതകഥകളിലൂടെ ശ്രോതാക്കളുടെ മനസ്സ് തൊട്ടുണർത്തി. അറിവും കൗതുകവും നിറഞ്ഞുനിന്ന മുഖാമുഖത്തിൽ കുട്ടികളുടെ വിവിധ സംശയങ്ങൾക്കും അദ്ദേഹം മറുപടി നൽകി.


പി സാദിഖലി മാസ്റ്റർ, അസി. എച്ച്.എം ജി ഷംസു മാസ്റ്റർ, സംഘാടകസമിതി കൺവീനർ ഷാക്കിർ പാലിയിൽ, സ്റ്റാഫ് സെക്രട്ടറി കെ ഫിറോസ് മാസ്റ്റർ, റഹീം മാസ്റ്റർ നെല്ലിക്കപറമ്പ്, അധ്യാപികമാരായ വിജില പേരാമ്പ്ര, ഗീതു മുക്കം, പി ഫസീല വെള്ളലശ്ശേരി, ഫർസാന വടകര, റജുല, ഷീബ എം, വിപിന്യ, ഹൻഫ, സ്‌കൂൾ സ്റ്റാഫ് സലീന മഞ്ചറ, തസ്‌ലീന സി തുടങ്ങിയവർ നേതൃത്വം നൽകി.

സ്‌കൂളിൽ നടന്ന രക്ഷാകർതൃ മീറ്റിംഗിൽ എഫക്ടീവ് പാരന്റിംഗ് എന്ന വിഷയത്തിൽ മോട്ടിവേറ്റർ ഹമീദ് ചൂലൂർ ക്ലാസെടുത്തു. കുട്ടികളുടെ പഠനത്തിലും വളർച്ചയിലും രക്ഷിതാക്കൾ പ്രത്യേകം മനസ്സിരുത്തേണ്ട പുതിയകാല പ്രവണതകളും കുടുംബാന്തരീക്ഷം മനോഹരമാക്കാൻ ആവശ്യമായ കാര്യങ്ങളിലും ഊന്നൽ നൽകിയുള്ളതായിരുന്നു ക്ലാസ്.

ശനിയാഴ്ചയാണ് ലഹരിക്കെതിരേ ഫുട്‌ബോൾ എന്ന പ്രമേയത്തിലൂന്നിയുള്ള ഏകദിന ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ്. മുക്കം ഉപജില്ലയിലെ കരുത്തരായ ടീമുകൾ മാറ്റുരക്കുന്ന മത്സരം രാവിലെ ഏഴിന് ആരംഭിച്ച് ഉച്ചയോടെ സമാപിക്കുംവിധമാണ് ക്രമീകരിച്ചിട്ടുള്ളത്.

മുൻവർഷത്തെ ചാമ്പ്യൻമാരായ ജി.എം.യു.പി സ്‌കൂൾ ചേന്ദമംഗല്ലൂർ, റണ്ണേഴ്‌സായ എച്ച്.എൻ.സി.കെ സ്‌കൂൾ കാരശ്ശേരി, ആതിഥേയരായ ജി.എൽ.പി.എസ് കക്കാട് എന്നി ടീമുകൾക്കു പുറമെ ആദ്യം പേര് രജിസ്റ്റർ ചെയ്ത ജി.യു.പി.എസ് മണാശ്ശേരി, ജി.എം.യു.പി സ്‌കൂൾ കൊടിയത്തൂർ, എ.യു.പി സ്‌കൂൾ സൗത്ത് കൊടിയത്തൂർ, ജി.എൽ.പി.എസ് കൂമാരനല്ലൂർ, ജി.എൽ.പി.എസ് പന്നിക്കോട് തുടങ്ങിയ ടീമുകളാണ് മത്സരത്തിൽ മാറ്റുരക്കുക.

മുക്കത്തെ കെയർ എൻ ക്യൂർ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന സ്ഥാപനമാണ് ചാമ്പ്യൻഷിപ്പിലെ വിജയികൾക്കും റണ്ണേഴ്‌സിനുമുള്ള ട്രോഫികൾ സ്‌പോൺസർ ചെയ്തിട്ടുള്ളത്. വിജയികൾക്കുള്ള 5001 രൂപയുടെ പ്രൈസ് മണി റസാസ് ഫുഡ് പ്രൊഡക്ട് കമ്പനിയും റണ്ണേഴ്‌സിനുള്ള 3001 രൂപയുടെ പ്രൈസ് മണി മുക്കത്തെ ചാലിയാർ ഏജൻസീസുമാണ് സമ്മാനിക്കുക. മത്സരത്തിലെ വിവിധ വ്യക്തിഗത ട്രോഫികളും മെഡലുകളും സോയോ ബാത്ത് വെയറും ഗ്രൗണ്ട് സീറോ സ്‌പോർട്‌സ് ആൻഡ് ഫിറ്റ്‌നസ് ഹബ്ബുമാണ് സമ്മാനിക്കുക.

ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരൻ, ഏറ്റവും മികച്ച സ്‌റ്റോപ്പർ ബാക്ക്, മികച്ച ഗോൾക്കീപ്പർ, ടോപ് സ്‌കോറർ എന്നിവർക്കുള്ള ട്രോഫികളും പ്രാഥമിക റൗണ്ടിലെ മാൻ ഓഫ് ദി മാച്ചിനും ട്രോഫികളുണ്ടാവും. ടൂർണമെന്റിലെ ഏറ്റവും മികച്ച ടീം മാനേജർക്കും സമാപന ചടങ്ങിൽ പ്രത്യേക ഉപഹാരം സമ്മാനിക്കും. കൂടാതെ മത്സരത്തിൽ പരാജയപ്പെടുന്ന ടീം അംഗങ്ങൾക്കെല്ലാം മെഡലുകളും സമ്മാനിക്കും.

പാഠ്യപഠനാനുബന്ധ പ്രവർത്തനങ്ങളിലൂടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ചുവട് വയ്ക്കുന്ന കക്കാട് ജി.എൽ.പി സ്‌കൂളിന്റെ 67-ാം വാർഷികാഘോഷവും എൻഡോവ്‌മെന്റ് സമർപ്പണവും തിളക്കം 2025 ഈമാസം 24ന് നടക്കും.

പഠന - പഠനാനുബന്ധ പ്രവർത്തകനങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള അരലക്ഷം രൂപയുടെ എൻഡോവ്‌മെന്റ് സമർപ്പണം ചടങ്ങിൽ നടക്കും. നാടിന്റെ നന്മ നിറഞ്ഞ പ്രവർത്തനങ്ങൾക്കായി ജീവിതം ജീവിതം സമർപ്പിച്ച പ്രമുഖ വ്യക്തികളുടെ പേരിൽ വിവിധ കുടുംബങ്ങൾ സ്‌പോൺസർ ചെയ്യുന്ന അയ്യായിരം രൂപ വിതമുള്ള വിവിധ എൻഡോവ്‌മെന്റുകൾ കുടുംബ പ്രതിനിധികൾ ചടങ്ങിൽ കുട്ടികൾക്ക് സമ്മാനിക്കും. ശുചിത്വത്തിനുള്ള ഏറ്റവും മികച്ച ക്ലാസിനുള്ള അയ്യായിരം രൂപയുടെ പഠനോപകരണങ്ങളും വാർഷികത്തിൽ സമ്മാനിക്കും.

ഇതിന് പുറമെ, വാർഷികത്തിന്റെ പിറ്റേന്ന്, പരിസരപ്രദേശങ്ങളിലെ വിവിധ സ്‌കൂളുകളെ പങ്കെടുപ്പിച്ച് പ്രീപ്രൈമറി, എൽ.പി വിഭാഗങ്ങളിലായി ഒപ്പന മത്സരം 25ന് നടക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് ആരംഭിക്കുന്ന ഒപ്പന ഫെസ്റ്റിലെ വിജയികൾക്ക് സമാപന ചടങ്ങിൽ പ്രൈസ് മണി നൽകും. 

ഒപ്പന ഫെസ്റ്റിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്ക് 5001, 3001, 1001 രൂപ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലും പ്രത്യേകം പ്രൈസ് മണി നൽകും. പരിപാടിയുടെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണെന്ന് പി.ടി.എ പ്രസിഡന്റ് അറിയിച്ചു.

മൂന്ന് കോടിയോളം രൂപ ചെലവഴിച്ച് കണ്ടോളിപ്പാറയിൽ പണിയുന്ന പുതിയ ഹൈടെക് കെട്ടിടത്തിന്റെ ആദ്യഘട്ടം ഇതിനകം പൂർത്തിയായിട്ടുണ്ട്. തിരുവമ്പാടി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒരുകോടി 34 ലക്ഷം രൂപ ചെലവഴിച്ചാണ് ആദ്യ ഘട്ടം ഉദ്ഘാടനത്തിന് സജ്ജമായിട്ടുള്ളത്. ഇതിന്റെ രണ്ടാംഘട്ട നിർമാണ ഫണ്ടിനുള്ള നിരന്തര പ്രയത്‌നത്തിലാണ് ബന്ധപ്പെട്ടവർ.

സ്‌കൂളിനെ കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ആദ്യ സർക്കാർ യു.പി സ്‌കൂളാക്കി ഉയർത്തി അന്തർ ദേശീയ നിലവാരത്തിലേക്ക് എത്തിക്കുന്നതിനുള്ള കഠിനമായ പരിശ്രമങ്ങളിലാണ് സ്‌കൂൾ അധികൃതർ. അതിനിടെ, പ്രീപ്രൈമറി വിദ്യാർത്ഥികൾക്കായുള്ള വർണക്കൂടാരം പദ്ധതിയുടെ ഫണ്ടിന്റെ 75 ശതമാനവും ഇതിനകം സ്‌കൂളിൽ ലഭ്യമായിട്ടുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥ സംഘം ഉടനെ സ്‌കൂൾ സന്ദർശിക്കുമെന്നും ഇതിന് പിന്നാലെ പ്രവൃത്തികൾ ഉടനെ ആരംഭിക്കാനാകുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
Previous Post Next Post
Italian Trulli
Italian Trulli