Trending

'ദ ഷോർ വൈബ്സ്': കഴുത്തൂട്ടിപുറായ ഗവ. എൽ പി സ്കൂൾ 67-ാം വാർഷികാഘോഷത്തിന് ഉജ്വല തുടക്കം.


'ദ ഷോർ വൈബ്സ്': കഴുത്തൂട്ടിപുറായ ഗവ. എൽ പി സ്കൂൾ 67-ാം വാർഷികാഘോഷത്തിൻ്റെ ഒന്നാം ദിനത്തിൽ നടന്ന പഞ്ചായത്ത് തല ചിത്രരചന മൽസരത്തിൽ നിന്ന്.

കൊടിയത്തൂർ: 'ദ ഷോർ വൈബ്സ്' എന്ന തലക്കെട്ടിൽ മൂന്ന് ദിവസങ്ങളിലായി കഴുത്തൂട്ടിപുറായ ഗവ. എൽ പി സ്കൂൾ സംഘടിപ്പിക്കുന്ന 67-ാം വാർഷികാഘോഷത്തിന് ഉജ്വല തുടക്കം.

കൊടിയത്തൂർ പഞ്ചായത്തിലെ മുഴുവൻ അംഗനവാടികളിലെയും സ്കൂളുകളിലെയും പിഞ്ചുകുട്ടികൾ പങ്കെടുത്ത ചിത്രരചന കളറിംഗ് മത്സരത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്.

സ്കൂളിന് തൊട്ടടുത്തുള്ള പൈതൃക ഗൃഹാങ്കണത്തിലെ പൂന്തോട്ടത്തിൽ നടന്ന ചിത്രരചന മത്സരം മത്സരാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പുത്തൻ അനുഭവമായി മാറി. വാർഡ് മെമ്പർ എം ടി റിയാസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശംസു കുന്നത്ത് അധ്യക്ഷത വഹിച്ചു. ഷരീഫ് അമ്പലക്കണ്ടി, ശിഹാബ് കുന്നത്ത്, വി വി നൗഷാദ്, എ കെ ഹാരിസ്, രാഗേഷ്, ലക്ഷ്മി, വിമല എന്നിവർ ആശംസകൾ നേർന്നു.

പ്രധാനധ്യാപകൻ ടി.കെ ജുമാൻ സ്വാഗതവും സി അബ്ദുൽ കരീം നന്ദിയും പറഞ്ഞു. നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പഞ്ചായത്തിൻ്റെയും പൂർണ പിന്തുണയോടെയാണ് ജീർണാവസ്ഥയിലായിരുന്ന ഈ വിദ്യാലയത്തിൻ്റെ പുനരുജ്ജീവനം സാധ്യമായത്.

ഇപ്പോൾ ഉപജില്ലയിലെ അക്കാദമിക - കലാ - സാഹിത്യ രംഗങ്ങളിലെ മികച്ച വിദ്യാലയമായി ഈ സ്ഥാപനം മാറിക്കഴിഞ്ഞു. ഈ അധ്യയന വർഷം ഉപജില്ല അറബി കലാമേളയിൽ ഓവറോൾ ചാമ്പ്യൻ പട്ടവും പ്രവൃത്തി പരിചയ മേളയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.

പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളെയും അംഗനവാടികളെയും ഉൾപ്പെടുത്തിയാണ് 67-ാം വാർഷികാഘോഷം മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്നത്.

ഇന്നലെ രാവിലെ നടന്ന ചിത്രരചന മത്സരത്തിന് ശേഷം 'ഇരുവഴിഞ്ഞിപ്പുഴയും കൊടിയത്തൂരും' എന്ന തലക്കെട്ടിൽ പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിൽ നിന്നുള്ള എൽ പി വിഭാഗം വിദ്യാർഥികൾ പങ്കെടുത്ത പ്രസംഗ മത്സരവും പൈതൃക ഗൃഹാങ്കണത്തിൽ നടന്നു.

ഇന്ന് (വെള്ളിയാഴ്ച്ച) രാവിലെ 10 മണി മുതല്‍ കൊടിയത്തൂര്‍ പഞ്ചായത്തിലെ 26 അംഗനവാടികളില്‍ നിന്നുള്ള അധ്യാപികമാരും രക്ഷിതാക്കളും (എ.എല്‍.എം.സി) പങ്കെടുക്കുന്ന ഫുഡ് ഫെസ്റ്റ് പ്രത്യേകം തയാറാക്കിയ നഗരിയില്‍ നടക്കും. തുടര്‍ന്ന് വൈകീട്ട് 5.30 മണി മുതല്‍ കെ.ജി വിഭാഗം, സമീപത്തെ അംഗനവാടികള്‍, പൂര്‍വ വിദ്യാര്‍ഥികള്‍ എന്നിവര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ അരങ്ങേറും. 

ജനുവരി 11 ശനിയാഴ്ച രാവിലെ 10 മണിക്ക് സ്‌കൂള്‍ ഹാളില്‍ പൂര്‍വാധ്യാപക - വിദ്യാര്‍ഥി സംഗമം നടത്തും. തുടര്‍ന്ന് വൈകീട്ട് 4 മണിക്ക് പഠനോത്സവത്തിന്റെ ഭാഗമായ എക്‌സിബിഷന്‍, പ്രമുഖര്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനം, സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, ജില്ലാ തലത്തില്‍ മികച്ച വിജയം കരസ്ഥമാക്കിയ എസ് കെ എ യു പി സ്‌കൂളിലെ ഒപ്പന, നാട്ടുകാരുടെ ഗാനമേള തുടങ്ങിയ നടക്കും. ഒപ്പം പ്രതിഭാദരം, സമ്മാനദാനം, സപ്ലിമെന്റ് പ്രകാശനം, ഒരുമ ദുബൈ സ്‌പോണ്‍സര്‍ ചെയ്ത ആധുനിക ലൈബ്രറിയുടെയും ഖത്തര്‍ പ്രവാസി കൂട്ടായ്മയുടെ ഡിജിറ്റല്‍ ക്ലാസ് മുറികളുടെയും പദ്ധതി പ്രഖ്യാപനം, ഡിജിറ്റല്‍ റിപ്പോര്‍ട്ട് തുടങ്ങിയവയും നടക്കും. 

സാംസ്‌കാരിക സമ്മേളനം തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്യും. കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസല്‍ കൊടിയത്തൂര്‍, 13-ാം വാര്‍ഡ് മെമ്പര്‍ കെ.ജി സീനത്ത്, സി ടി സി അബ്ദുല്ല, എ ഇ ഒ ടി ദീപ്തി, മാവൂര്‍ ബിപിസി ജോസഫ് തോമസ്, എന്‍ അലി അബ്ദുല്ല, മജീദ് മൂലത്ത്, കെ ടി അബ്ദുല്ല മാസ്റ്റർ, കെ എം അബദുറഹിമാന്‍ ഹാജി, ഷരീഫ് അമ്പലക്കണ്ടി, കെ.എം അബ്ദുല്‍ ഹമീദ് ഹാജി, ദാസന്‍ കൊടിയത്തൂര്‍, ഡോ. കാവില്‍ അബ്ദുല്ല തുടങ്ങിയവര്‍ സംസാരിക്കും.
Previous Post Next Post
Italian Trulli
Italian Trulli