Trending

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്തരിച്ചു.



ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും പ്രമുഖ സാമ്പത്തികവിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിങ് അന്തരിച്ചു. 92 വയസ്സായിരുന്നു. വര്‍ധക്യസഹചമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ ഏതാനും സമയം മുമ്പ് ഡല്‍ഹി എയിംസിലാണ് അന്ത്യം. രാത്രി എട്ടു മണിയോട് കൂടി ഡല്‍ഹിയിലെ വസതിയില്‍ കുഴഞ്ഞു വീണ അദ്ദേഹത്തെ എയിംസിലെ അത്യാഹിത വിഭാഗത്തിലാണ് പ്രവേശിപ്പിച്ചതെങ്കിലും രക്ഷിക്കാനായില്ല. ആഴ്ചകളായി മന്‍മോഹന്‍ സിങ് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടുവരികയായിരുന്നു.

അവിഭക്ത ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ചാക്വാള്‍ ജില്ലയില്‍പ്പെട്ട ഗാഹ് ഗ്രാമത്തില്‍ 1932 സെപ്റ്റംബര്‍ 26നാണ് ഗുര്‍മുഖ് സിങ്- അമൃത് കൗര്‍ ദമ്പതികളുടെ മകനായി മന്‍മോഹന്‍ സിങ് ജനിച്ചത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെത്തിയ സിങ്ങിന്റെ കുടുംബം അമൃത്‌സറിലേക്ക് മാറുകയായിരുന്നു.

യു.പി.എ മുന്നണിയുടെ ഭാഗമായി ഇന്ത്യയുടെ പതിമൂന്നാമത്തെ പ്രധാനമന്ത്രിയായി 2004 മെയ് 22 നാണ് ഡോ. മന്‍മോഹന്‍ സിങ് ആദ്യമായി രാജ്യം ഭരിച്ചത്. 2009 ല്‍ യു.പി.എ സര്‍ക്കാരിന് അധികാരത്തുടര്‍ച്ച ലഭിച്ചതോടെ 2014 മെയ് വരെ അദ്ദേഹം പ്രധാനമന്ത്രിക്കസേരയിലിരുന്നു. 

1991 മുതല്‍ 1996 വരെ പി.വി നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ധനമന്ത്രിയായി സേവനമനുഷ്ഠിച്ച മന്‍മോഹന്‍ സിങ് നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ ഇന്ത്യയില്‍ വലിയ സാമ്പത്തിക വിപ്ലവത്തിന് നാന്ദികുറിച്ചതായാണ് കരുതുന്നത്.

1991 ല്‍ രാജ്യസഭയിലേക്കെത്തിയ അദ്ദേഹം അനാരോഗ്യത്തെത്തുടര്‍ന്ന് ഈ വര്‍ഷം ഏപ്രിലിലാണ് രാജ്യസഭയില്‍ നിന്ന് രാജിവച്ചത്. 1998 മുതല്‍ 2004 വരെ പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു.
Previous Post Next Post
Italian Trulli
Italian Trulli