✍️ ഗിരീഷ് കാരക്കുറ്റി.
മുക്കത്തിന്റെ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന "എം.സി ബാധ്യത" എന്ന എം.സി മുഹമ്മദ്ക്കയുടെ മരണ വാർത്ത മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി .
അടുത്തകാലത്താണ് പരിചയപ്പെടുന്നത്. എന്റെ ഫോൺ നമ്പർ തെരഞ്ഞുപിടിച്ചു മുക്കത്തെ "വിചാരം" കൂട്ടായ്മ മരണപ്പെട്ടവരെ കുറിച്ച് സുകൃതം സ്മരണിക പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് സഹായിക്കണമെന്നു പറഞ്ഞു കൊണ്ടാണ് പരിചയപ്പെടുന്നത്. അദ്ദേഹത്തെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്, ആദ്യമായി കാണുന്നത് വയലിൽ മൊയ്തീൻ കോയ ഹാജിയുടെ വിവര ശേഖരണത്തിന് അദ്ദേഹത്തിൻ്റെ മകൻ അബ്ദുൽ ജലീലിന്റെ വീട്ടിൽ വെച്ചായിരുന്നു .
മാനവ സൗഹൃദ മുക്കത്തിന്റെ മാറിടത്തിലൂടെ വെള്ളിയരഞ്ഞാണം പോലെ ചാലിട്ടൊഴുകുന്ന ഇരു വഴിഞ്ഞിയുടെ ഇരുകരകളിലും ഇതിഹാസങ്ങൾ സൃഷ്ടിച്ച് വിടപറഞ്ഞു പോയവരുടെ പാദ മുദ്രകൾ തേടി സുകൃതം സ്മരണിക പുറത്തിറക്കുന്നതിൽ മുന്നിൽ നിന്നു പ്രവർത്തിക്കുകയും... അതിന്റെ പ്രകാശന ചടങ്ങിൽ സദസ്സിലൊരു മൂലയിൽ ഇരിക്കുന്ന ആ സാധു മനുഷ്യനെ പി കെ സി മുഹമ്മത് പിടിച്ചുകൊണ്ടുവന്ന് വേദിയിലിരുത്തിയപ്പോൾ എല്ലാവരുടെയും ആകർഷണ പാത്രമായി പ്രിയ എം.സി മാറി.
മുക്കത്താദ്യമായി അച്ചടിയന്ത്രം പരിചയപ്പെടുത്തിയ സഹോദരൻ ആലിക്കയുടെ ചിത്രകല പ്രിന്റേഴ്സിന്റെ നടത്തിപ്പുകാരനായി ദീർഘകാലം സേവനമനുഷ്ഠിക്കുകയും . മാറുന്ന മുക്കത്തെ കടകൾക്കും സ്ഥാപനങ്ങൾക്കും ചന്ത, പന്തി, മക്കാനി തുടങ്ങിയ വൈവിധ്യമാർന്ന പേരുകൾ നൽകുന്ന പ്രശസ്തനായിരുന്നു എം സി മുഹമ്മദ്ക്ക. സാഹിത്യ ഭരിതമായ നല്ല നല്ല വാക്കുകൾ അടുക്കി വെച്ച് ആകർഷകമായ കല്യാണ ക്ഷണക്കത്തുകൾ, നോട്ടീസുകൾ തുടങ്ങിയവ തയ്യാറാക്കുന്നതിൽ കഴിവ് തെളിയിച്ചിട്ടുണ്ട്.
മുക്കത്തെ ധൂമ 77 എന്ന ക്ലബ്ബിന്റെ സജീവ പ്രവർത്തകനും,
മുക്കത്തിന്റെ സാംസ്കാരിക നായകന്മാരായ സുരാസു, ബി.പി മൊയ്തീൻ എന്നിവരുടെ സന്തതസഹചാരിയുമായിരുന്നു.
പിന്നീട് ആനയാംകുന്നിൽ ജീവിത പ്രാരാബ്ദത്തിന്റെ പടവുകൾ താണ്ടാൻ "ബാധ്യത" എന്ന സ്റ്റേഷനറി കട തുടങ്ങിയതും നാട്ടുകാർ അദ്ദേഹത്തിൻറെ പേരിന്റെ കൂടെ സ്നേഹത്തോടെ 'ബാധ്യത' എന്ന് തുന്നിചേർക്കുകയും ചെയ്തു.... ആരോടും വെറുപ്പില്ലാതെ എല്ലാവരെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന എം.സി യെ മറക്കാൻ കഴിയില്ല.
സ്നേഹാമൃതം പുരട്ടിയ പുഞ്ചിരിയും കുട്ടികളെ പോലും ബഹുമാനിക്കുകയും ചെയ്യുന്ന എംസിയുടെ വേർപാട് മാനവ സൗഹൃദ മുക്കത്തിന് കനത്ത നഷ്ടമാണ്.
കണ്ണീർ പ്രണാമം.
Tags:
HISTORY