Trending

മന്‍മോഹന്‍ സിങിന് വിട നല്‍കി രാജ്യം; യമുനാ തീരത്ത് അന്ത്യവിശ്രമം.



ന്യൂഡൽഹി: മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ.മന്‍മോഹന്‍ സിങ് ഇനി ഓര്‍മ. സംസ്‌കാരം യമുന തീരത്തെ നിഗംബോധ് ഘട്ടില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. രാഷ്ട്രപതി ദൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ നിഗംബോധ് ഘട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. എഐസിസി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം വിലാപയാത്രയായാണ് നിഗംബോധ് ഘട്ടിലെത്തിച്ചത്.

സോണിയാ ഗാന്ധി ,രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ വിലാപയാത്രയെ അനുഗമിച്ചു. മന്‍മോഹന്‍ സിംഗ് അമര്‍ രഹേ മുദ്രാവാക്യം മുഴക്കി വന്‍ ജനക്കൂട്ടം അന്ത്യയാത്രയില്‍ പങ്കാളികളായി.

മന്‍മോഹന്‍ സിങിന്റെ വിയോഗത്തില്‍ അനുശോചിച്ച് രാജ്യം ഏഴ് ദിവസത്തെ ദുഃഖാചരണത്തിലാണ്. വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അനുശോചനപ്രമേയം അംഗീകരിച്ചു. ജനുവരി ഒന്നുവരെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. 

വിദേശത്തെ ഇന്ത്യന്‍ ദൗത്യസംഘങ്ങളുടെ ആസ്ഥാനങ്ങളിലും ഹൈക്കമ്മിഷനുകളിലും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും.വിവാദങ്ങള്‍ പിന്തുടര്‍ന്നായിരുന്നു ഡോ. മന്‍മോഹന്‍സിംഗിന്റെ അന്ത്യ യാത്രയും. 

മന്‍മോഹന്‍സിംഗിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനും സ്മാരകം നിര്‍മ്മിക്കുന്നതിനും പ്രത്യേക സ്ഥലം അനുവദിക്കാത്തതില്‍ കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുകയാണ്. മന്‍മോഹന്‍സിംഗിനെ ബോധപൂര്‍വ്വം അപമാനിക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാരിന്റെതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. അതേസമയം സ്മാരകത്തിനായി സ്ഥലം അനുവദിക്കുമെന്ന് വിവാദങ്ങളില്‍ കേന്ദ്രം മറുപടി നല്‍കി.

ഇന്ദിരാഗാന്ധിയുടെ സമാധിസ്ഥലമായ ശക്തി സ്ഥലിലോ, രാജീവ് ഗാന്ധിയുടെ സ്മാരകം കുടികൊളളുന്ന വീര്‍ ഭൂമിയിലോ ഡോക്ടര്‍ മന്‍മോഹന്‍ സിങിന്റെ അന്ത്യകര്‍മ്മങ്ങള്‍ക്കും സംസ്‌കാര ചടങ്ങുകള്‍ക്കും പ്രത്യേക സ്ഥലം അനുവദിക്കണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. കോണ്‍ഗ്രസിന്റെ ഈ ആവശ്യം പരിഗണിക്കാതെയാണ് മുന്‍ പ്രധാനമന്ത്രിയെ നിഗം ബോധ് ഘട്ടില്‍ സംസ്‌കരിച്ചത്. 

ആദ്യ സിഖ് പ്രധാനമന്ത്രിയെ കേന്ദ്രസര്‍ക്കാര്‍ ബോധപൂര്‍വ്വം അപമാനിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പിന്നില്‍ മോദിയുടെയും ബിജെപിയുടെയും തരംതാണ രാഷ്ട്രീയം ആണെന്ന് വിമര്‍ശിച്ചു.
Previous Post Next Post
Italian Trulli
Italian Trulli