✍🏻റഫീഖ് കുറ്റിയോട്ട്.
കൊടിയത്തൂർ: നടുക്കണ്ടത്തിൽ കോയാമു - ഉമ്മാച്ചക്കുട്ടി തറവാട്ടിൽ നിന്നും എൻ കാക്കയും കൂടി വിട ചൊല്ലിയതോടെ ഒരു തലമുറയുടെ കൂടി നാന്ദി കുറിച്ചിരിക്കുകയാണ്. നടുക്കണ്ടത്തിൽ കോയാമു - ഉമ്മാച്ചക്കുട്ടി ദമ്പതികളുടെ 8 മക്കളിൽ അവസാനത്തെ സന്തതിയായിരുന്നു എൻ.കെ അബ്ദുറഹ്മാൻ എന്ന എൻ കാക്ക. നൂറ് പിന്നിട്ട ഉമ്മയ്യ എടാരത്ത് 2 വർഷം മുമ്പാണ് വിധിക്ക് കീഴടങ്ങിയത്. ഇവരെ കൂടാതെ പരേതരായ കുഞ്ഞാലി, മുഹമ്മദ് (മഹ്മൂദ്), ഫാത്തിമ കാരശ്ശേരി, ഖദീജ കുയ്യിൽ, ആയിശക്കുട്ടി പുതിയോട്ടിൽ, അബ്ദുട്ടി എന്ന അബ്ദുൽ മജീദ് എന്നിവരാണ് മറ്റ് സഹോദരങ്ങൾ.
ഇവരുടെ വലിയ അമ്മായിയായിരുന്നു കെ.സി ഹുസൈയിൻ മുസ്ലിയാരുടെ ഭാര്യയായ അതിയ്യ. പെരിങ്ങംപുറത്ത് അബ്ദുറഹ്മാൻ കുട്ടിയുടെ ഭാര്യ ഖദീജ ചെറിയ അമ്മായിയും നടുക്കണ്ടത്തിൽ അബ്ദുല്ല എളാപ്പയുമായിരുന്നു. ഇവരുടെ വല്യുപ്പയായിരുന്ന
നടുക്കണ്ടത്തിൽ കോയാമു ഹാജി പൗര പ്രമുഖനും ദീനീ തല്പരനും പള്ളിയുടെയും ദർസ്സിന്റെയും നടത്തിപ്പിൽ മുൻപന്തിയിലുള്ള ആളുമായിരുന്നു. പള്ളി പറമ്പിനോടടുത്ത് വടക്കുഭാഗത്തായി പുഴയോടു ചേർന്ന അയ്യൻകുഴി പറമ്പിൽ 83 സെന്റ് ഭൂമി അദ്ദേഹം വഖഫ് ചെയ്യുകയും ദർസിനും മറ്റുമായി രണ്ടു നില കെട്ടിടം പണി കഴിപ്പിക്കയുമുണ്ടായി. അതേപോലെ ദർസ്സ് വിദ്യാർഥികൾക്കും അധ്യാപകർക്കും നാട്ടുകാർക്കും സൗകര്യപ്രദമായ രീതിയിൽ 5 മുറി കക്കൂസും അതിന്നടുത്തായി പുഴയിലേക്ക് ഇറങ്ങുന്നതിനും കുളിക്കുന്നതിനും അലക്കുന്നതിന്നുമായി ഒതുക്കുകൾ ഉണ്ടാക്കി (പള്ളിക്കടവ് ) സൗകര്യപ്പെടുത്തുകയും ചെയ്യുകയുണ്ടായി. ഇന്ന് കെട്ടിടം സ്ഥിതി ചെയ്തിരുന്ന ഈ ഭാഗം നടുക്കണ്ടത്തിൽ കുടുംബക്കാരുടെ ഖബറിസ്ഥാനായി ഉപയോഗിച്ചു വരുന്നു.
അവസാനമായി ഇന്നലെ രാത്രി എൻ ക്കാക്കയുടെയും കൂടി അന്ത്യവിശ്രമ കേന്ദ്രമായി അവിടം. ഏറെക്കാലം കൂപ്പ് ജോലിയുമായി നീങ്ങിയ അദ്ദേഹം തെയ്യത്തും കടവിലെ തെരുപ്പം കെട്ടിലും സജീവമായിരുന്നു. പിൽക്കാലത്ത് കൃഷിയിൽ വ്യാപൃതനായി. നല്ലൊരു നെൽകർഷകൻ എന്നതിനു പുറമെ കവുങ്ങ്, ജാതി, വാഴ, പച്ചക്കറി കർഷകൻ കൂടിയായിരുന്നു. പൊതുവെ സൗമ്യ പ്രകൃതക്കാരനായിരുന്ന എൻകാക്ക ദീനീരംഗത്തും സജീവമായിരുന്നു. പറ്റെ അവശനാകുന്നത് വരെ ജമാഅത്ത് നമസ്കാരങ്ങൾക്കായി മഹല്ല് പളളിയിലും തെയ്യത്തും കടവ് മസ്ജിദിലും പ്രയാസപ്പെട്ട് എത്തിപ്പെടുമായിരുന്നു.
കാഞ്ഞിരത്തിൻ ചുവട്ടിലെ മദ്രസാ ഉസ്താദുമാർക്ക് കഞ്ഞിപ്പാർച്ച നടത്തിയ ആ വീട് എന്നെന്നും നിത്യ ഹരിത മൻസിലായി മനസ്സകങ്ങളിൽ തങ്ങി നിൽക്കുക തന്നെചെയ്യും.
തെയ്യത്തും കടവ് പാലം അപ്രോച്ച് റോഡ് വികസനത്തിന്നായി ആ മദ്രസ പൊളിച്ചു മാറ്റേണ്ടി വന്നപ്പോൾ, പുന:സ്ഥാപനത്തിന്നായി റോഡിന്നെതിർവശത്ത് സ്ഥലം സൗകര്യപ്പെടുത്തിത്തരുന്നതിൽ അദ്ദേഹം കാണിച്ച ഔൽ സുക്യത്തിനും താല്പര്യത്തിനും അതിരുകളുണ്ടായിരുന്നില്ല.
ആ മദ്രസയോട് ചേർന്നുള്ള റോഡ് നിർമാണത്തിനും ഉപഭോക്താക്കളുടെ താല്പര്യപ്രകാരം സ്ഥലം നൽകാൻ അദ്ദേഹം സൻ മനസ്സ് കാണിക്കുകയുണ്ടായി. വർഷക്കാലത്തെ വെള്ളപ്പൊക്ക കെടുതി കാലത്ത് ജന സേവന രംഗത്തും നിറ സാന്നിധ്യമായിരുന്നു അവർ.
അല്ലാഹു അദ്ദേഹത്തിന്റെ ചെറുതും വലുതുമായ എല്ലാ തെറ്റു കുറ്റങ്ങളും പൊറുത്തു കൊടുക്കുകയും നന്മകൾ സ്വീകരിക്കപ്പെടുകയും ജന്നാത്തുൽ ഫിർദൗസിൽ ഇടം നൽകി അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ. വിയോഗം മൂലം ദുഃഖമനുഭവിക്കുന്ന ഭാര്യ ആമിന സാഹിബക്കും മക്കളായ ജവാദ്, സമീറ, തഫ്സീന, റാബിയ , മരുമക്കളായ സലീം, സിദ്ധീഖ്, മുജീബ്, ജംന, മറ്റു ബന്ധുമിത്രാദികൾ, അയൽവാസികൾ തുടങ്ങി എല്ലാവർക്കും നാഥൻ ക്ഷമയുടെ പ്രതിഫലം അധികരിപ്പിച്ചു നൽകുമാറാകട്ടെ. നാമേവരെയും റബ്ബ് സ്വർഗത്തിൽ ഒരുമിച്ചു കൂട്ടിത്തരികയും ചെയ്യുമാറാകട്ടെ - ആമീൻ
Tags:
HISTORY