Trending

എല്ലാ വര്‍ഷവും ഇനി ഒളിംപിക്‌സ് മാതൃകയില്‍ കായികമേള മന്ത്രി വി. ശിവൻകുട്ടി.



കൊച്ചി: എല്ലാ വർഷവും ഇനി ഒളിംപിക്‌സ് മാതൃകയില്‍ കായികമേള നടത്തുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. പ്രൈസ്മണി കൂട്ടുന്ന കാര്യവും സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ട്. കേരളം ഇന്ത്യയ്ക്കും ലോകത്തിനും നല്‍കുന്ന മാതൃകയാണ് ഈ കായികമേളയെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ കായികചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചിരിക്കുകയാണ്. ഐക്യകേരള രൂപീകരണശേഷം ഇത്ര വിദ്യാർഥികള്‍ പങ്കെടുത്ത് ഒരു കായിക മാമാങ്കം നടന്നിട്ടില്ല. സാധാരണ കായിക മത്സരങ്ങള്‍ പല വേദികളിലായാണു നടന്നുവന്നിരുന്നത്. ഇന്ന് കേരളം ചർച്ച ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഈ കായികമേള. അടുത്ത വർഷം മുതല്‍ എല്ലാവരെയും ഒരേ വേദിയില്‍ അണിനിരത്തി മേള നടത്തുന്ന കാര്യം ആലോചിക്കാമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.

''കുട്ടികള്‍ക്ക് വേണ്ട പ്രോത്സാഹനവും അവസരവും കിട്ടുന്നില്ലെന്ന പരാതിയുണ്ടായിരുന്നു. ഒളിംപിക്‌സ് മാതൃകയില്‍ നടക്കുന്ന ഈ കായിക മേളയില്‍ 24,000 വിദ്യാർഥികളാണു പങ്കെടുക്കുന്നത്. 2,000ത്തോളം മത്സരം നിയന്ത്രിക്കുന്ന അധ്യാപകരുമുണ്ട്. താമസ - ഭക്ഷണ കാര്യത്തിലെല്ലാം കുറവുണ്ടാകുമോ എന്ന ആശങ്കയുണ്ടായിരുന്നു.''

ഭിന്നശേഷിക്കാർക്കായി സ്‌പെഷല്‍ ഒളിംപിക്‌സും ഇതോടൊപ്പം നടക്കുന്നുണ്ട്. കേരളം ഇന്ത്യയ്ക്കു നല്‍കുന്ന സംഭാവനയും മാതൃകയുമാണിത്. ഇതോടൊപ്പം ഗള്‍ഫ് രാജ്യങ്ങളിലെ എട്ട് സ്‌കൂളുകളില്‍നിന്നുള്ള 50ലേറെ കുട്ടികളും ഇവിടെ പങ്കെടുക്കുന്നുണ്ട്.

ഒളിംപിക്‌സിനോടൊപ്പം എത്തിയില്ലെങ്കിലും ഒളിംപിക്‌സ് മാതൃകയിലും രീതിയിലും നമുക്ക് നടത്താൻ കഴിയുന്നു. ഇത് കേരളത്തിനും ഇന്ത്യയ്ക്കും ലോകത്തിനും മാതൃകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Previous Post Next Post
Italian Trulli
Italian Trulli