കട്ടാങ്ങൽ: ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ വാർഡ് വിഭജനം സർക്കാർ സംവിധാനങ്ങളെയെല്ലാം നോക്കു കുത്തിയാക്കി നിർത്തി കൊണ്ട് സി പി ഐ എം ഓഫീസ് കേന്ദ്രീകരിച്ചാണെന്ന് യൂത്ത് ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം ഹഖീം മാസ്റ്റർ പറഞ്ഞു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രവർത്തക സമിതി യോഗം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണ ഗതിയിൽ പഞ്ചായത്തിലെ ക്ലർക്കുമാർ ഫീൽഡിൽ പോയി വിവരങ്ങൾ ശേഖരിച്ച് അതിർത്തി നിശ്ചയിക്കണമെന്ന വ്യവസ്ത്ഥ പാടെ കാറ്റിൽ പറത്തിയാണ് വിഭജനം നടന്നത് എന്നാണ് അറിയുന്നത്. നിലവിൽ ഉണ്ടായിരുന്ന പഞ്ചായത്ത് സെക്രട്ടറിയെ നിർബന്ധിത ലീവെടുപ്പിച്ച് തങ്ങളുടെ ചൊൽപ്പനകൾക്ക് വിധേയനായ ഒരാളെ താൽക്കാലികമായി കൊണ്ട് വന്നാണ് സി പി ഐ എം വാർഡ് വിഭജനത്തിനുള്ള രേഖകൾ തയ്യാറാക്കിയത്. പഞ്ചായത്ത് ഭരണവും സംസ്ഥാന ഭരണവും കയ്യിലുള്ളതിന്റെ അഹങ്കാരമാണ് പാർട്ടി കാണിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.
15 വർഷം മുന്നെ സി പി ഐ എം വാർഡ് വിഭജനം നടത്തിയതിന് ശേഷം യു ഡി എഫ് നു ഭരണം ലഭിച്ചിട്ടില്ല. യു ഡി എഫ് നു അനുകൂലമായി വോട്ട് ചെയ്യുന്നവരെ മൂന്ന്-നാല് വാർഡുകളിൽ ഒതുക്കി മറ്റുള്ള വാർഡുകളെല്ലാം സി പി ഐ എമ്മിന് സിമ്പിൾ ആയി ജയിക്കാവുന്ന തരത്തിലായിരുന്നു അന്ന് വിഭജിച്ചത്. യു ഡി എഫ് ജയിക്കുന്ന വാർഡുകളിൽ 2000 ത്തോളം വോട്ടർമാർ നിലവിലുണ്ട്. അതിലാവട്ടെ യു ഡി എഫ് സ്ഥാനാർത്ഥികൾ ജയിക്കുന്നത് 500 ൽ പരം വോട്ടിന്റെ ലീഡിനും.
സംസ്ഥാന സർക്കാർ പഞ്ചായത്ത് വിഭജനം നടത്തുകയാണെങ്കിൽ ആദ്യത്തെ ലിസ്റ്റിൽ ഇടം നേടേണ്ട പഞ്ചായത്താണ് ചാത്തമംഗലം പഞ്ചായത്ത്. അത് കൊണ്ടൊക്കെയാണ് വാർഡ് വിഭജനം അനിവാര്യമായത്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ ഇലക്ഷനെ നേരിട്ടാൽ അഴിമതിയും സ്വജന പക്ഷപാതവും ഭരണത്തകർച്ചയും കാരണം പഞ്ചായത്ത് ഭരണം നഷ്ടപ്പെടുമെന്ന് സി പി ഐ എമ്മിന് നല്ലത് പോലെ അറിയാം. അങ്ങനെ സംഭവിച്ചാൽ ഇത്രയും നാൾ കാട്ടിക്കൂട്ടിയ അഴിമതികൾ കുടുംബ ശ്രീ വഴിയുള്ള ലക്ഷങ്ങളുടെ തട്ടിപ്പുകൾ എൻ സി പി സി, കരുവാരപ്പറ്റ തുടങ്ങിയ കുടിവെള്ള പദ്ധതികളിലെ അഴിമതികൾ തുടങ്ങിയവയെല്ലാം പുറത്ത് വരുമെന്നും അതെല്ലാം പാർട്ടിക്ക് വീണ്ടും തലവേദനയാകുമെന്നും ഉറപോലുള്ളതിനാൽ എങ്ങനെയെങ്കിലും ഭരണം നില നിർത്താനാണ് യാതൊരു നിയമവും പാലിക്കാതെ വാർഡുകൾ വിഭജിക്കാൻ പാർട്ടി വ്യഗ്രത കാണിക്കുന്നത്. ഇതിനെതിരെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് പഞ്ചായത്ത് യൂത്ത് ലീഗ് നേതൃത്വം ആഹ്വാനം ചെയ്തു. പ്രസിഡന്റ് റസാഖ് പുള്ളന്നൂർ അദ്ധ്യക്ഷത വഹിച്ചു.
അക്ബർ പുള്ളാവൂർ, സഫറുള്ള കൂളിമാട്, ശിഹാബുദ്ധീൻ വെള്ളലശ്ശേരി, റജീബ് പാലക്കുറ്റി, സജ്ജാദ് പുള്ളന്നൂർ, ആസിഫ് കളന്‍തോട്, റംലി പുള്ളാവൂർ, മിസ്ഹബ് അരയങ്കോട്, അബൂബക്കർ കുട്ടി ഈസ്റ്റ് മലയമ്മ, നൗഷാദ് പുള്ളന്നൂർ തുടങ്ങിയവർ സംസാരിച്ചു. ഫാസിൽ മുടപ്പനക്കൽ സ്വാഗതവും അഷ്‌റഫ് കളന്‍തോട് നന്ദിയും പറഞ്ഞു.
Tags:
MAVOOR