മുക്കം: കൊടിയത്തൂരിൽ വച്ച് നടന്ന മുക്കം ഉപജില്ലാ കലാമേളയോടനുബന്ധിച്ച് വാർത്താ മാധ്യമങ്ങളിലൂടെ പുറത്തു വന്ന ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കെ.എസ്.ടി.എ മുക്കം ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പൊതു വിദ്യാഭ്യാസ രംഗത്ത് കാലോചിതമായ പരിഷ്കാരങ്ങൾ വരുത്തി മുന്നോട്ടുപോകുന്ന പൊതു വിദ്യാഭ്യാസ വകുപ്പിനെതിരെ ദുഷ്പ്രചരണം നടത്തുന്നവരെ അധ്യാപക സമൂഹം തിരിച്ചറിയണം.
കലോത്സവ മാനുവൽ പ്രകാരം ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ ജനറൽ കൺവീനറും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ട്രഷററുമാണ്. മത്സരക്രമം നിശ്ചയിക്കുന്നതും വിധികർത്താക്കളെ നിയമിക്കുന്നതും ഫലപ്രഖ്യാപനം നടത്തുന്ന പ്രോഗ്രാം കമ്മിറ്റിയുടെ ചുമതലയാണ്. മത്സരങ്ങളുടെ വിധി നിർണയത്തിൽ അപാകങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിനുത്തരവാദികൾ പ്രോഗ്രാം കമ്മിറ്റിയാണ്. ഈ സാഹചര്യത്തിൽ ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കെതിരെ കോൺഗ്രസ് പ്രാദേശിക നേതാവ് നടത്തിയ പ്രസ്താവന ദുഷ്ടലാ ക്കോടെയാണ്. കുറ്റക്കാരെ സംരക്ഷിക്കാനുള്ള ശ്രമമാണ് ചിലർ നടത്തുന്നത്.
ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മത്സര പരിപാടികളുടെ വേദിയുടെയും ശബ്ദ വെളിച്ച സംവിധാനങ്ങളുടെയും ചുമതല ഉണ്ടായിരുന്ന കെ.എസ്.ടി.എ പ്രതികൂലമായ കാലാവസ്ഥയിലും സ്തുത്യർഹമായ പ്രവർത്തനം നടത്തിയതായി യോഗം വിലയിരുത്തി.
താഴക്കോട് എ.യു.പി സ്കൂളിൽ ചേർന്ന ഉപജില്ലാ യോഗം കെ.എസ്.ടി.എ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി അജീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി പത്മശ്രീ, കെ.സി ഹാഷിദ്, ഉപജില്ലാ സെക്രട്ടറി ടി.കെ വിനോദ് കുമാർ, ഇ.കെ അബ്ദുൽസലാം, കെ ബാൽരാജ്, കെ വാസു, പി.സി മുജീബ് റഹ്മാൻ, ടി.പി രാജീവ്, ടി ബബിഷ, എം അബ്ദുൽ നസീർ, പി ചന്ദ്രൻ, ടി മുഹമ്മദ് ഷെഫീഖ്, കെ ആരതി, കെ.പി മിഥുൻ തുടങ്ങിയവർ സംസാരിച്ചു.
Tags:
MUKKAM