പുതുക്കിപ്പണിയുന്ന മണാശേരി - ചെറുവാടി - കാവിലട റോഡിലെ തെയ്യത്തുംകടവ് മൊയ്തീൻ പാർക്ക് ഭാഗത്ത് പാതിവഴിയിൽ ഉപേക്ഷിച്ച ഡ്രൈനേജ്.
മുക്കം: മണാശേരി - ചെറുവാടി - കാവിലട റോഡ് നിർമാണത്തിലെ അപാകതകൾ പരിഹരിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
37 കോടി രൂപ ചിലവഴിച്ച് സംസ്ഥാന സർക്കാർ നിർമ്മിക്കുന്ന മണാശേരി - ചെറുവാടി - കാവിലട റോഡിലെ തെയ്യത്തുംകടവ് മൊയ്തീൻ പാർക്ക് പരിസരത്താണ് റോഡ് നിർമാണത്തിലെ അപാകതകൾ വ്യാപകമായിട്ടുള്ളത്.
സംരക്ഷണ ഭിത്തിയും ഓവുചാലും അനിവാര്യമായ ഭാഗത്ത് അവ രണ്ടും നിർമിക്കാതെ ഇൻ്റർലോക്ക് വിരിച്ച് റോഡ് പണി പൂർത്തിയാക്കുന്നതിനെതിരെയാണ് വ്യാപക പ്രതിഷേധം. ഇത് കാരണം റോഡിൻ്റെ ഇരുഭാഗങ്ങളിൽ നിന്ന് വരുന്ന മഴവെള്ളം റോഡിലും സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലും റോഡരികിലെ വിധവയുടെ വീട്ടുമുറ്റത്തും പരന്നൊഴുകുന്ന അവസ്ഥമായാണിപ്പോഴുള്ളത്.
ഒപ്പം സംരക്ഷണ ഭിത്തി നിർമ്മിക്കാതെ ഇൻ്റർലോക്ക് പതിക്കുന്നതിനാൽ വലിയ അപകട സാധ്യതയുമുണ്ട്. സുന്നിയ്യ അറബിക് കോളജ്, ഹെവൻസ് പ്രീ സ്കൂൾ പോലെയുള്ള നിരവധി സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും വലിയ സുരക്ഷാ ഭീഷണിയാണ് ഇത് മൂലമുണ്ടാവുന്നത്.
ഇത് സംബന്ധിച്ച് എം.എൽ.എ, നഗരസഭ അധികാരികൾ, പൊതുമരാമത്ത് വകുപ്പ് എന്നിവർക്ക് നേരത്തെ പരാതികൾ നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.
ഒപ്പം ഇതേ റോഡിലെ മണാശേരി മുതൽ പൊറ്റശേരി വരെയുള്ള ഭാഗങ്ങളിലെ മുഴുവൻ കയ്യേറ്റങ്ങളും റോഡ് പുതുക്കിപ്പണിയലിൻ്റെ ഭാഗമായി കെട്ടി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ തെയ്യത്തുംകടവ് ഭാഗത്തെ കയ്യേറ്റങ്ങളുടെ രേഖാമൂലമുള്ള തെളിവുകൾ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ കരാറുകാർക്കും മറ്റ് അധികാരികൾക്കും കൈമാറിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കയ്യേറ്റങ്ങൾക്ക് അധികൃതർ ഒത്താശ ചെയ്യുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാതെയുള്ള ഇപ്പോഴത്തെ റോഡ് നിർമാണ പ്രവൃത്തികൾ നിർത്തിവെയ്ക്കണമെന്ന് കടവ് റെസിഡൻസ് അസോസിയേഷൻ ജനറൽ ബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി.
പ്രസിഡൻ്റ് കെ.സി ഹുസൈൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ നസ്റുല്ല, വി.പി അബ്ദുൽ ഹമീദ്, കെ.പി സഈദ്, കെ.സി മുഹമ്മദലി, എ.കെ കുഞ്ഞിമൊയ്തീൻ എന്നിവർ സംസാരിച്ചു.
Tags:
MUKKAM