കൊടിയത്തൂർ: എസ്.വൈ.എസ് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലുടനീളം നടത്തപ്പെടുന്ന പ്ലാറ്റിനം സഫറിന് മുക്കം സോണിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. 'ഉത്തരവാദിത്തം മനുഷ്യ പറ്റിൻ്റെ രാഷ്ട്രീയം' എന്ന ശീർഷകത്തിൽ എസ്.വൈ.എസ് സംസ്ഥാന കമ്മറ്റി നടത്തുന്ന പ്ലാറ്റിനം ഇയറിൻ്റെ പ്രചരണാർത്ഥമാണ് സഫർ സംഘടിപ്പിച്ചത്.
ഉത്തരവാദിത്തബോധമാണ് മനുഷ്യനെ നയിക്കേണ്ടത്. അവനവൻ്റെ ഉത്തരവാദിത്തം നിർവ്വഹിക്കാതെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുന്നത് കാപട്യമാണ്. നാം നമ്മുടെ ഉത്തരവാദിത്തം നിർവ്വഹിച്ചാൽ മാത്രമേ സാമൂഹികമായി ഉന്നതിയിലെത്താൻ മനുഷ്യന് സാധ്യമാകൂ. അതിനായി സമൂഹം പ്രയത്നിക്കുക എന്ന സന്ദേശമാണ് സമ്മേളനം മുന്നോട്ടു വെക്കുന്നത്.
എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് ജലീൽ സഖാഫി കടലുണ്ടി നയിക്കുന്ന ജില്ലാ സഫറിന് മുക്കം സോണിൽ ശനിയാഴ്ച രാവിലെ 10 മണിക്ക് പന്നിക്കോട് അങ്ങാടിയിലാണ് ആദ്യ സ്വീകരണ സമ്മേളനമൊരുക്കിയത്. കെ എസ് ഇ ബി ഓഫീസിന് മുന്നിൽ സോൺ നേതാക്കളും പ്രവർത്തകരും ജാഥയെ സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചു.
എസ്.എം.എ ജില്ലാ സെക്രട്ടറി കെ.എം അബ്ദുൽ ഹമീദ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രമുഖ മാധ്യമ പ്രവർത്തകൻ എ.പി മുരളീധരൻ മാസ്റ്റർ ജാഥയ്ക്ക് അഭിവാദ്യ പ്രസംഗം നിർവ്വഹിച്ചു. സോൺ പ്രസിഡണ്ട് ഹമീദ് സഖാഫി അധ്യക്ഷനായിരുന്നു. ജാഥാ ക്യാപ്റ്റൻ ജലീൽ സഖാഫി സഫർ പ്രഭാഷണം നടത്തി.
സാദിഖ് സഖാഫി പൂനൂർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.എസ്.എ തങ്ങൾ, ശറഫുദ്ദീൻ മാസ്റ്റർ വെളിമണ്ണ, സാബിത് അബ്ദുല്ല സഖാഫി, കെ.ടി ഹമീദ് ഹാജി, ഷാദിൽ നൂറാനി, മുഹമ്മദ് കുട്ടി സഖാഫി, യുപി അബ്ദുല്ല മാസ്റ്റർ, മുഹമ്മദലി മുസല്യാർ, ഹമീദ് മാസ്റ്റർ, കാസിം മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു. കെ.ടി അബ്ദുറഹ്മാൻ സ്വാഗതവും സിദ്ദീഖ് കെ നന്ദിയും പറഞ്ഞു.
മൂന്ന് മണിക്ക് മുക്കത്ത് നടന്ന സ്വീകരണ പരിപാടിയുടെ ഉദ്ഘാടനം നാസർ മാസ്റ്റർ ചെറുവാടി നിർവ്വഹിച്ചു. റസാഖ് സഖാഫി അദ്ധ്യക്ഷനായിരുന്നു. എ.പി മുരളീധരൻ മാസ്റ്റർ, ഷമീർ മാസ്റ്റർ, സുൽഫിക്കർ സഖാഫി, ജി അനീസ്, സാബിത് സഖാഫി, ഷാഫി മാസ്റ്റർ, ബശീർ ഹാജി, സി.പി മുഹമ്മദ് ചോണാട് തുടങ്ങിയവർ സംബന്ധിച്ചു. നിഷാദ് കാരമൂല സ്വാഗതവും റിഷാദ് ചോണാട് നന്ദിയും പറഞ്ഞു.
വൈകുന്നേരം അഞ്ച് മണിക്ക് തിരുവമ്പാടിയിൽ ജാഥ സമാപിച്ചു.
Tags:
KODIYATHUR