Trending

അതിഥി തൊഴിലാളികളുടെ വിവര ശേഖരണം നിർബന്ധമാക്കി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്.



കൊടിയത്തൂർ: അതിഥി തൊഴിലാളികളുടെ കൃത്യമായ വിവരശേഖരണം നടത്തുന്നതിന് വിവിധ പദ്ധതികളുമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അതിഥി തൊഴിലാളികൾ ഉൾപ്പെട്ട മദ്യ - മയക്ക് മരുന്ന് കേസുകൾ ഉൾപ്പെടെ വർധിക്കുകയും കൊലപാതകം, കവർച്ച ഉൾപ്പെടെയുള്ള സംഭവങ്ങൾ
റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഗ്രാമ പഞ്ചായത്ത് വിവരശേഖരണത്തിന് ഒരുങ്ങുന്നത്.


ഇതിൻ്റെ ഭാഗമായി അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിട ഉടമകളുടെ യോഗം കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്നു. 
യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു അധ്യക്ഷയായി.

തൊഴിലാളികളുടെ വാസസ്ഥലത്തെ മലിനീകരണ പ്രശ്നങ്ങളും ആരോഗ്യ പ്രശ്നങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളുടെ പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത കെട്ടിട ഉടമകളെ ബോധ്യപ്പെടുത്തി.

മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി നടപ്പിലാക്കേണ്ട സർക്കാർ നിർദേശങ്ങളും ഉത്തരവുകളും കൃത്യമായി പാലിക്കുന്നതിന് കെട്ടിട ഉടമകൾക്ക് കർശന നിർദ്ദേശവും നൽകി.

കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന മുഴുവൻ തൊഴിലാളികളുടെ വിവരങ്ങൾ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുന്നതിനും ഇത്തരം തൊഴിലാളികളെ മാത്രമേ കെട്ടിടത്തിൽ താമസിപ്പിക്കാൻ പാടുള്ളൂ എന്നും യോഗത്തിൽ തീരുമാനിച്ചു. അങ്ങാടികൾ കേന്ദ്രീകരിച്ച് തൊഴിലാളികൾക്ക് ആരോഗ്യ ശുചിത്വം, കുറ്റകൃത്യങ്ങൾ, ലഹരി ഉപയോഗം തുടങ്ങിയ വിഷയങ്ങളെ ഉൾപ്പെടുത്തി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നതിനും തീരുമാനമെടുത്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മറിയംകുട്ടി ഹസ്സൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാബു പൊലു കുന്നത്ത്, മെമ്പർമാരായ ടി.കെ അബൂബക്കർ, യു.പി മമ്മദ്, സീനത്ത്, വി ഷംലൂലത്ത് എന്നവരും കുന്ദമംഗലം എക്സൈസ് ഇൻസ്പെക്ടർ ടി.കെ നിഷിൽ കുമാർ, അസിസ്റ്റന്റ് സെക്രട്ടറി അബ്ദുൽ ഗഫൂർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ സി റിനിൽ, രമേശൻ എന്നിവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli