Trending

വിളക്കോട്ടുകാരന്റെ നിലപാട് വിശദീകരണം നിലച്ചിട്ട് 5 വർഷം.



✍🏻റഫീഖ് കുറ്റിയോട്ട്.


അഞ്ചു വർഷമായി രോഗ ബാധിതനായ ശേഷം ഈ പ്രസംഗം നിലച്ചിരിക്കുകയാണ്.

കൊടിയത്തൂർ: ഓണവും നബിദിനവും തലേന്നും പിറ്റേന്നുമായി സമുചിതമായി ആഘോഷിക്കപ്പെട്ടപ്പോൾ, തദവസരങ്ങളിൽ കോട്ടമ്മൽ അങ്ങാടിയിൽ തന്റെ നിലാപാടുകൾ പൊതുജനങ്ങളുമായി പങ്കുവെച്ചിരുന്ന വിളക്കോട്ടിൽ മുഹമ്മദ് സാഹിബിനെ ഓർത്തു പോയി.

വർഷങ്ങളോളം വ്യത്യസ്ത മത ആഘോഷാവസരങ്ങളിലും രാഷ്ട്രീയ പോരാട്ട നാളുകളിലും കോട്ടമ്മൽ കോയയെ ഓപറേറ്ററായി ഏർപ്പാടാക്കിയും അവസാനമായി മെഗഫോൺ സ്വന്തമാക്കിയും സ്വന്തം നിലപാടുകൾ വ്യക്തമാക്കിയിരുന്ന വിളക്കോട്ടുകാരൻ.

ശ്രദ്ധിക്കാനാളുണ്ടോ ഇല്ലയോ എന്നതൊന്നും അദ്ദേഹത്തിന് പ്രശ്നമായിരുന്നില്ല. ഉന്നതമായ വിദ്യാഭ്യാസമൊന്നും നേടിയിട്ടില്ലെങ്കിലും പരന്ന വായനയിലൂടെ ഒരുപാടറി വുകൾ സ്വായത്തമാക്കിയിട്ടുണ്ട്. കൊടിയത്തൂർ അംശം അധികാരിയായിരുന്ന ഉള്ളാട്ടിൽ എ.എം ഉണ്ണിമോയിൻ അവർകളുടെ കാര്യസ്ഥനായിരുന്ന അദ്ദേഹം കൊടിയത്തൂരിലെ അഹ്മദിയ്യാ ജമാഅത്ത് പള്ളിയിൽ ഖത്തീബായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മീർസാ ഗുലാം അഹ്മദ് ഖാദിയാനി ഒരു മസീഹും മഹ്ദിയുമാണ്, ഒരു പ്രവാചകനല്ല എന്ന ലാഹോരി വിഭാഗം വിശ്വാസക്കാരനായി മാറി പിൽക്കാലത്ത് അദ്ദേഹം. തുടർന്ന് റസൂൽ വാദക്കാരുമായി ബന്ധം വിഛേദിച്ച അദ്ദേഹം തന്റെ അഭിപ്രായങ്ങളും ആശയങ്ങളും കണ്ടെത്തലുകളും പൊതുയോഗങ്ങളിലൂടെ പൊതുജനത്തെ അറിയിക്കലായിരുന്നു പതിവ്. 

മുസ്ലിം സംഘടനകളിലെ തനിക്ക് നല്ലതെന്ന് തോന്നുന്ന വശങ്ങളെ പിന്തുടരുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്തുപോന്നു. ഉദാഹരണമായി ഖുതുബ പ്രാദേശിക ഭാഷകളിൽ ആകണമെന്ന അഭിപ്രായമുള്ളപ്പോൾ തന്നെ നബിദിനം ആഘോഷിക്കണമെന്ന അഭിപ്രായക്കാരൻ കൂടിയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങളിൽ നിന്നുമെന്നപോലെ കാക്ക പോലെയുളള ജീവജാലങ്ങളിൽ നിന്ന് പോലും മാർഗ നിർദേശങ്ങൾ സ്വീകരിക്കാമെന്നാണ് ഖുർആൻ പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു. 

പ്രായം 88ലെത്തി ശാരീരിക അവശതകൾ പിടികൂടിയുട്ടുണ്ടെങ്കിലും താൻ മനസ്സിലാക്കി യിട്ടുള്ള സംഗതികളെക്കുറിച്ച് വാചാലനാകാൻ അദ്ദേഹ ത്തിന്റെ മനസ്സ് ഇപ്പോഴും യുവത്വത്തിന്റെതാണ്. സ്വന്തം വീടിനു മുമ്പിൽ ഒരു നമസ്കാരപ്പള്ളി പണി കഴിപ്പിച്ചിരിക്കുകയാണ് ഈ ദൈവദാസൻ.

കോട്ടമ്മൽ അങ്ങാടിയിലെത്തി പ്രസംഗം തുടരണമെന്ന അതിയായ ആഗ്രഹത്തിന്നുടമയാണിന്നും അദ്ദേഹം. അഞ്ചു വർഷമായി രോഗ ബാധിതനായ ശേഷം ഈ പ്രസംഗം നിലച്ചിരിക്കുകയാണ്. സ്വന്തമായിട്ടുള്ള മെഗഫോൺ ഇന്ന് വീട്ടിൽ അദ്ദേഹത്തോടൊപ്പം വിശ്രമ ജീവിതത്തിലുമാണ്, എന്നെങ്കിലും ആരോഗ്യം വീണ്ടെടുത്ത് പ്രസംഗിക്കാമല്ലൊ എന്ന പ്രതീക്ഷയിൽ. ദൈവം ഉതവി നൽകട്ടെ എന്ന പ്രാർഥനയോടെ.
Previous Post Next Post
Italian Trulli
Italian Trulli