Trending

കേരളഗ്രന്ഥശാല ദിനം.




✍️ ഗിരീഷ് കാരക്കുറ്റി.

ഇന്ന് സപ്തംബർ 14 കേരള ഗ്രന്ഥശാല ദിനമായി ആചരിക്കുകയാണല്ലോ,
ഓരോ ദിനങ്ങളും ചില ഓർമ്മപ്പെടുത്തലാണ്.


അനന്തപുരിയിൽ1829ൽ സ്ഥാപിക്കപ്പെട്ട പബ്ലിക്ക് ലൈബ്രറിയാണ് കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കമിട്ടത്. തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന സ്വാതി തിരുനാളിൻ്റെ ഭരണകാലത്ത് രാജ കുടുംബാംഗങ്ങൾക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഈ ലൈബ്രറി പിന്നീട് പബ്ലിക്ക് ലൈബ്രറിയായി രൂപാന്തരപ്പെടുകയായിരുന്നു.

പിന്നീട് കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി ഗ്രന്ഥശാലകൾ സ്ഥാപിക്കപ്പെട്ടു,
പിന്നീട് പുസ്തക പ്രേമികളിൽ ചിലർ 1945 സപ്തംബർ 14 ന് അമ്പലപുഴയിൽ അഖില തിരുവിതാംകൂർ ഗ്രന്ഥശാല സംഘം വിളിച്ചു കൂട്ടി. ആ സംഘമാണ് പിന്നീട് ഇന്നത്തെ ലൈബ്രറി കൗൺസിൽ ആയി മാറിയത്.

കേരളത്തിൽ സംഘടിത ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച സെപ്റ്റംബർ 14 ഗ്രന്ഥശാല ദിനമായി ആചരിക്കുന്നു.
ഇതിനോടനുബന്ധിച്ച് കേരളത്തിലിന്ന് ഗ്രന്ഥശാലകളിൽ വിവിധ പരിപാടികൾ നടന്നുവരുകയാണ്.

കാലത്തിന്റെ രഥചക്രം പിന്നിട്ട പാതകളിൽ ഗതകാല സ്മരണകളുടെ ഏടുകൾ മറിച്ചു നോക്കുമ്പോൾ ഗ്രാമീണ വായനശാലകളും, ഗ്രന്ഥശാലകളും കാണാമായിരുന്നു. 
ഈ അവസരത്തിൽ എൻ്റെ ഗ്രാമത്തിൻ്റെ അക്ഷര വെളിച്ചത്തിന് കരിന്തിരി കത്താതെ കാത്തു സൂക്ഷിച്ചതലമുറകളെയും സംഘങ്ങളെയും സ്മരിക്കാതിരിക്കാൻ കഴിയില്ല.

പോയ കാലങ്ങളിൽ കൊടിയത്തൂരിൻ്റെ നെടും കോട്ടക്കകത്ത് രണ്ടാം പെന്നാനി എന്നറിയപ്പെടുന്ന, നൂറ്റാണ്ടുകൾക്ക് സാക്ഷിയായ ജുമാ മസ്ജിദിൽ കേര ളത്തിനകത്തും പുറത്തും നിന്നും മതപഠനത്തിന് വരുന്നവർക്ക് വേണ്ടി തയ്യാറാക്കിയ അതിവിശാലമായ ലൈബ്രറിയുണ്ടായിരുന്നു.
അറബി മലയാളം പ്രചാരമുള്ള കാലഘട്ടത്തിൽ ബദർപാട്ടുകളും, പദ്യങ്ങളും ഉൾപ്പെടെ അമൂല്യ ഗ്രന്ഥങ്ങളടങ്ങിയ ഗ്രന്ഥശാലയായിരുന്നത്.  

എന്നാൽ പിന്നീട് ഗ്രാമപഞ്ചായത്തുകൾ നിലവിൽ വന്നപ്പോൾ പൊതു ഗ്രന്ഥശാല കൊടിയത്തൂരിലും ജന്മം കൊണ്ടു. ആദ്യ കാലങ്ങളിൽ അതിൻ്റെ നടത്തിപ്പ് തേങ്ങ മണ്ണിലെ മർഹും കൊടക്കാട്ട് അസ്ലാൻ ഹാജിയായിരുന്നു, പിന്നീട് കരീം കൊടിയത്തൂരും മറ്റും ഏറ്റെടുത്തു. പിന്നീട് ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയം നിലവിൽ വന്നപ്പോൾ ഗ്രന്ഥശാല അതിലേക്ക് മാറ്റി. ഇപ്പോൾ ഗ്രാമ പഞ്ചായത്ത് നവീകരിച്ചു ഗ്രന്ഥശാല പൊതു ജനങ്ങൾക്ക് തുറന്നു കൊടുത്തിട്ടുണ്ട്.

കൂടാതെ മജീദ് ധിഷണയെ പോലുള്ളവർ നേതൃത്വം കൊടുത്ത തെയ്യത്തുംകടവ് തോണിയപകടത്തിൽ മരണപ്പെട്ട ഉള്ളാട്ടിൽ ഉസ്സൻകുട്ടി അനുസ്മരണ ഗ്രന്ഥശാല, സ: സി.ടി ഉണ്ണി മോയി വായനശാല സൗത്ത് കൊടിയത്തൂർ, എം.ഇ.എസ്, യുവചേതന കൊടിയത്തൂർ, അൻഞ്ചുമൻ ഇശാഅത്ത്, അഹമദീയ മുസ്ലീം ജമായത്ത് തുടങ്ങിയ ഗ്രന്ഥശാലകൾ ഗ്രാമത്തിൻ്റെ അക്ഷര ജ്ഞാനോദയത്തിന് നാന്ദി കുറിച്ചവയായിരുന്നു.

എന്നാൽ ഇന്ന് കേരള ഗ്രന്ഥശാല സംഘത്തിന്റെ അംഗീകാരത്തോടെ കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ 
തോട്ടുമുക്കത്തെ ജെയിംസ് അഗസ്റ്റിൻ മാസ്റ്റർ ഉണർവ് ഗ്രന്ഥശാല, യുവജന സംഘം ഗ്രന്ഥശാല പന്നിക്കോട്, സീതി സാഹിബ് ഗ്രന്ഥശാല സൗത്ത് കൊടിയത്തൂർ, യുവധാര ഗ്രന്ഥശാല കാരക്കുറ്റി എന്നിവ ഗ്രാമത്തിന്റെ അക്ഷരവിളക്കായി പ്രകാശിച്ചു കൊണ്ടിരിക്കുന്നു.

പ്രഭാതം മുതൽ പ്രദോഷം വരെ, വലിപ്പ ചെറുപ്പമില്ലാതെ വായനയിൽ മുഴുകിയ തലമുറയ്ക്ക് ഇന്നെന്തു പറ്റി. കമ്പ്യൂട്ടറുകളും മൊബൈൽ ഫോണും മനുഷ്യ മസ്തിഷ്ക്കത്തിൽ സ്ഥാനമുറപ്പിച്ചപ്പോൾ വായനശാലകളും കൂട്ടായ്മകളും അന്യം നിന്നുപോയ്.. സ്നേഹവും പരസ്പര ബഹുമാനവും ചോർന്നു പോയി... സ്ത്രീ പുരഷ ഭേദമന്യേ മംഗളത്തിലെയും മറ്റും തുടർലേഖനങ്ങൾക്ക് കാത്തിരുന്ന കാലം സീരിയലുകൾ കീഴടക്കി. ബാലരമയിലെ മായാവിയെയും ബാലമംഗളത്തിലെ ഡിങ്കനെയും മനസ്സിൽ താലോലിച്ച കാലത്ത്... വേർതിരിവില്ലാതെ കോട്ടികളിച്ചും കള്ളനും പോലീസും കളിച്ചു മദിച്ചു രസിച്ച കാലഘട്ടം തിരിച്ചു വരുമോ... 

അന്ന് ആർത്തിയോടെ വായിച്ച മാക്സീം ഗോർഖിയുടെ അമ്മ, എം.ടി യുടെ രണ്ടാംമൂഴം, തോപ്പിൽ ഭാസിയുടെ ഒളിവിലെ ഓർമകൾ, ഇ.എം.എസ്സിന്റെ 1921 ആഹ്വാനവും താക്കീതും തുടങ്ങിയവ ഇന്നും മനസ്സിൽ തട്ടി നിൽക്കുന്നു.. കോട്ടയം പുഷ്പനാഥിന്റ നോവലുകൾ ഭയപ്പാടോടെ വായിച്ചു തീർത്ത കാലം... വൈലോപ്പിള്ളി കവിതകൾ. ബാലസാഹിത്യങ്ങൾ, അങ്ങനെയെത്രയെത്ര കഥകൾ, കഥാപാത്രങ്ങൾ ചോർന്നു പോകാതെ മനസ്സിലിടം പാർത്തിട്ടുണ്ട്.

"വായിച്ചാലും വളരും, വായിച്ചിലെങ്കിലും വളരും, വായിച്ചു വളർന്നാൽ വിളയും, വായിക്കാതെ വളർന്നാൽ വളയും" എന്ന കുഞ്ഞുണ്ണി മാഷുടെ കവിത ഈ ഗ്രന്ഥശാല ദിനത്തിൽ നിങ്ങൾക്ക് പ്രചോദനമാവട്ടെ...

ഏറെ അഭിമാനത്തോടും സന്തോഷത്തോടും കൂടിയാണ് ഈ ഗ്രന്ഥശാല ദിനം കടന്നു പോകുന്നത്. എന്റെ പ്രിയപ്പെട്ട കാരക്കുറ്റി ഗ്രാമത്തിലും ആയിരത്തി അഞ്ഞൂറിലധികം ഗ്രന്ഥ ശേഖരങ്ങളുമായി പോയ കാലത്ത് മനോഹരമായ യുവധാര ഗ്രന്ഥശാല തുടങ്ങാനും അതിന് നേതൃത്വപരമായ പങ്കുവഹിക്കാനും കഴിഞ്ഞതിൽ ഞാൻ അഭിമാനം കൊള്ളുന്നു.

ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ച എന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന മുന്നൂറിലധികം വരുന്ന ഗ്രന്ഥശേഖരങ്ങൾ ഗ്രാമത്തിൽ പുതുതായി തുടങ്ങിയ യുവധാര ഗ്രന്ഥശാലയുടെ അലമാരിയിൽ മിന്നി തിളങ്ങി ഗ്രാമത്തിന്റെ വെളിച്ചമായവ യുവധാരയിൽ പ്രകാശിക്കുന്നുണ്ട്.

സെപ്റ്റംബർ 14 ഗ്രന്ഥശാല ദിനമായ ഇന്ന് കൊടിയത്തൂർ കാരക്കുറ്റിയിലെ യുവധാര ഗ്രന്ഥശാലയിൽ പ്രസിഡന്റ് കെ.സി മുഹമ്മദ് നജീബ് പതാക ഉയർത്തി. സെക്രട്ടറി ഗിരീഷ് കാരക്കുറ്റി, ലൈബ്രറിയൻ സുനിൽ പി.പി, ശശീന്ദ്രൻ കാരക്കുറ്റി, അഖിൽ ദാസ് സി.കെ എന്നിവർ സംബന്ധിച്ചു.

എല്ലാവർക്കും ഗ്രന്ഥശാല ദിനാശംസകൾ...
Previous Post Next Post
Italian Trulli
Italian Trulli