Trending

ക്രിസ്റ്റ്യാനോയുടെ ചിറകിലേറി പോർച്ചുഗൽ; സ്വിസ് വലയിൽ നാലടിച്ച് സ്‌പെയിൻ.




മത്സരം സമനിലയിലേക്കെന്ന് തോന്നിച്ച ഘട്ടത്തിലാണ് 88ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ വലകുലുക്കിയത്.
മാഡ്രിഡ്: യുവേഫ നാഷൺസ് ലീഗിൽ പോർച്ചുഗലിനും സ്‌പെയിനും ജയം. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ സ്‌കോട്ട്‌ലാൻഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പറങ്കിപട തോൽപിച്ചത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വിജയ ഗോൾ നേടി. ഏഴാം മിനിറ്റിൽ മക് ടോമിനിയിലൂടെ സ്‌കോട്ടലാൻഡാണ് ലീഡ് നേടിയത്. 

ആദ്യ പകുതിയിൽ മറുപടി ഗോൾനേടാൻ പോർച്ചുഗലിനായില്ല. എന്നാൽ 54ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിലൂടെ തിരിച്ചടിച്ചു. ഒടുവിൽ മത്സരം സമനിലയിലേക്കെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് റോണോ അവതരിച്ചത്. 88ാം മിനിറ്റിൽ ന്യൂനോ മെൻഡിസിന്റെ അസിസ്റ്റിൽ താരം വലകുലുക്കി. കഴിഞ്ഞ മത്സരത്തിൽ കരിയറിലെ 900മത് ഗോൾനേടിയ 39 കാരന്റെ നാഷൺസ് ലീഗിലെ രണ്ടാം ഗോളായിമാറിയിത്.

മറ്റൊരു മത്സരത്തിൽ യൂറോ ചാമ്പ്യൻമാരായ സ്‌പെയിന് തകർപ്പൻ ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്ക് സ്വിറ്റ്‌സർലാൻഡിനെയാണ് കീഴടക്കിയത്. 20ാം മിനിറ്റിൽ പ്രതിരോധ താരം റോബിൻ ലെ നോർമെൻഡ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ഭൂരിഭാഗം സമയവും പത്തുപേരുമായി കളിച്ചാണ് സ്‌പെയിൻ തകർപ്പൻ ജയം സ്വന്തമാക്കിയത്. 4ാം മിനിറ്റിൽ ലമീൻ യമാലിന്റെ അസിസ്റ്റിൽ ഹോസെലു ഹെഡ്ഡറിലൂടെ സ്‌പെയിനായി ആദ്യ ഗോൾ നേടി. 13ാം മിനിറ്റിൽ ഫാബിയാൻ റൂയിസിലൂടെ ലീഡ് രണ്ടാക്കി ഉയർത്തി. എന്നാൽ 20ാം മിനിറ്റിൽ സ്വിസ് സ്‌ട്രൈക്കർ എംബോളയെ ഫൗൾചെയ്തതിന് നോർമെൻഡ് ഡയറക്ട് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ സ്‌പെയിൻ ആക്രമണം താളം തെറ്റി.

കളി കൈവശപ്പെടുത്തിയ സ്വിസ് നിര 41ാം മിനിറ്റിൽ സെകി അമഡോണിയിലൂടെ ഗോൾ മടക്കി. രണ്ടാം പകുതിയിലും ആക്രമണത്തിൽ മുന്നിൽ സ്വിറ്റസർലാൻഡായിരുന്നു. എന്നാൽ അതിവേഗ കൗണ്ടർ അറ്റാക്കിലൂടെ സ്‌പെയിൻ കളം പിടിച്ചു. 77ാം മിനിറ്റിൽ ഫാബിയാൻ റൂയിസ് രണ്ടാം ഗോൾനേടി. മൂന്ന് മിനിറ്റുകൾക്ക് ശേഷം പകരക്കാരൻ ഫെറാൻ ടോറസും ഗോൾനേടി പട്ടിക പൂർത്തിയാക്കി. 

മറ്റു മത്സരങ്ങളിൽ ക്രൊയേഷ്യ എതിരില്ലാത്ത ഒരുഗോളിന് പോളണ്ടിനെ തകർത്തു. 52ാം മിനിറ്റിൽ ക്യാപ്റ്റൻ ലൂക്ക മോഡ്രിചാണ് വലകുലുക്കിയത്. എതിരില്ലാത്ത മൂന്ന് ഗോളിന് സ്‌പെയിൻ എസ്റ്റോണിയയെ തോൽപിച്ചു.
Previous Post Next Post
Italian Trulli
Italian Trulli