Trending

‘അമ്മ’ ഒരു കുടുംബം പോലെ; എന്തിനും ഏതിനും അതിനെ കുറ്റപ്പെടുത്തരുതെന്ന് മോഹൻലാൽ.



തിരുവനന്തപുരം: ‘അമ്മ’ ട്രേഡ് യൂനിയൻ സ്വഭാവമുള്ള സംഘടനയല്ലെന്നും അതൊരു കുടുംബം പോലെയാണെന്നും രാജിവെച്ച പ്രസിഡന്റ് മോഹൻലാൽ. തിരുവനന്തപുരത്ത് കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിങ്ങിനെത്തിയ അദ്ദേഹം ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുള്ള മലയാള സിനിമയിലെ പ്രതിസന്ധി സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

പത്തഞ്ഞൂറ് പേരുള്ള ഒരു കുടുംബമാണ് ‘അമ്മ’. അതിലുള്ളവർക്ക് പ്രശ്നം വരുമ്പോൾ സഹായിക്കുന്നതിനും മറ്റും വേണ്ടി തുടങ്ങിയ സംഘടനയാണ്. എന്തിനും ഏതിനും ‘അമ്മ’യെ കുറ്റപ്പെടുത്തുന്നതായി കാണുന്നു. ഒരാൾ മാത്രം, അല്ലെങ്കിൽ ഒരു സംഘടന മാത്രം ക്രൂശിക്കപ്പെടുക എന്നത് ശരിയല്ല. ഒരുപാട് സംഘടനകളുള്ള ബ്രഹത്തായ ഇൻഡസ്ട്രിയാണ് സിനിമ.

ഞങ്ങളിലേക്ക് മാത്രമായി ഫോക്കസ് ചെയ്ത് സിനിമ വ്യവസായത്തെ തകർക്കരുതെന്നും പ്രതിസന്ധി പരിഹരിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. പതിനായിരക്കണക്കിന് പേർ ജോലി ചെയ്യുന്ന, കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത മേഖലയാണിത്. അത് നിശ്ചലമായിപ്പോകും. എല്ലാ മേഖലകളിലും സംഭവിക്കുന്ന കാര്യങ്ങൾ സിനിമയിലും സംഭവിക്കുന്നു. അതിനെ ഒരിക്കലും പ്രോത്സാഹിപ്പിക്കുകയല്ല.

നിരവധി പേരാണ് ആശങ്ക അറിയിക്കുന്നത്. നിങ്ങൾക്കെല്ലാവർക്കും സ്നേഹമുള്ള ഒരുപാട്​ പേർ നിസ്സഹായരായി നോക്കിനിൽക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹേമ കമ്മിറ്റി റിപ്പോർട്ട് വളരെയധികം ​സ്വാഗതാർഹമാണ്.

സിനിമയിൽ മാത്രമല്ല, എല്ലാ മേഖലയിലും ഇതുപോലുള്ള കമ്മിറ്റികൾ വരണം. ഞാൻ രണ്ടു തവണ ഹേമ കമ്മിറ്റിക്ക് മുന്നിൽ പോയിരുന്ന് എനിക്കറിയുന്ന കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. റിപ്പോർട്ടിൽ ഉത്തരം പറയേണ്ടത് മലയാള സിനിമ മൊത്തമാണ്. ഒരു കാര്യം മാത്രമല്ല ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

കൂടുതൽ ശരങ്ങൾ വന്നത് എന്നിലേക്കും എന്റെ കൂടെയുള്ള ബാക്കി ആളുകളിലേക്കുമാണ്. അഭിഭാഷകരും സിനിമയിലെ തലമുതിർന്ന ആളുകളുമായി സംസാരിച്ചതിന് ശേഷമാണ് പ്രസിഡന്റ് പദവിയിൽനിന്ന് പിന്മാറിയത്. അത് എല്ലാവരുടെയും അനുവാദത്തോടെ എടുത്ത തീരുമാനമാണ്.

വിവാദങ്ങളിൽനിന്ന് ഒളിച്ചോടിയിട്ടില്ല. ഇതിന് പിറകെ ഒരു സർക്കാറുണ്ട്, അത് നിയമിച്ചൊരു കമ്മിറ്റിയുണ്ട്. സർക്കാർ അതിനുള്ള തീരുമാനങ്ങൾ എടുക്കുന്നുണ്ട്. കുറ്റം ചെയ്തു എന്ന് പറയുന്നവർക്ക് പിന്നാ​​ലെ പൊലീസുണ്ട്. അതിന്റെ റിപ്പോർട്ടുകൾ തയാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇത് കോടതി വരെ എത്തിനിൽക്കുന്ന ഒരു വിഷയമാണ്.

അതിൽ ആധികാരികമായി ചോദിച്ചു കഴിഞ്ഞാൽ എനിക്ക് ആണെന്നോ അല്ലെന്നോ പറയാനാവില്ല. കൃത്യമായ തെളിവുകളുണ്ടെങ്കിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നാണ് അഭിപ്രായം. പവർ ഗ്രൂപ്പിനെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ മോഹൻലാൽ, താൻ ആ ഗ്രൂപ്പിന്റെ ഭാഗമല്ലെന്നും ആദ്യമായിട്ടാണ് അതിനെ കുറിച്ച് കേൾക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli