Trending

മലബാർ റിവർ ഫെസ്റ്റിവൽ: അരീക്കോട് നിന്നുള്ള സൈക്കിൾ റാലി ബിനോയ് ജോസഫ് ഫ്ലാഗ് ഓഫ് ചെയ്യും.



മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രചരണാർത്ഥം മൂന്ന് ജില്ലകളിൽ നിന്നും ഫെസ്റ്റിവലിന്റെ പ്രധാന കേന്ദ്രമായ പുലിക്കയത്തേക്ക് സംഘടിപ്പിക്കുന്ന സൈക്കിൾ റാലികളിൽ മലപ്പുറം ജില്ലയിലെ അരീക്കോട് നിന്നാരംഭിക്കുന്ന റാലി പൊതുമേഖലാ സ്ഥാപനമായ കേരള യുണൈറ്റഡ് ഇലക്ട്രിക്കൽസ് ചെയർമാനും കേരള കോൺഗ്രസ്സ് (സ്കറിയ തോമസ്) ചെയർമാനുമായ ബിനോയ് ജോസഫ് ഫ്ലാഗ് ഓഫ് ചെയ്യുന്നു.

കെ.എൽ ടെൻ പെഡലേഴ്സ് സൈക്കിൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇരുപത്തിയൊന്നാം തിയ്യതി ഞായറാഴ്ച രാവിലെ ഏഴ് മണിക്ക് അരീക്കോട് സ്റ്റേഡിയം പരിസരത്ത് നിന്നും റോട്ടറി മിസ്റ്റിമെഡോസ് തിരുവമ്പാടിയുടെ അകമ്പടിയോടെ ആരംഭിക്കുന്ന റാലി കാരശ്ശേരിയിലും തിരുവമ്പാടിയിലും അതത് ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തിലുള്ള സ്വീകരണ പരിപാടികൾക്ക് ശേഷം പതിനൊന്ന് മണിയോടെ പുലിക്കയത്ത് എത്തി മറ്റ് രണ്ട് റാലികളുമൊത്ത് സംഗമിക്കും. 

മലബാർ റിവർ ഫെസ്റ്റിവൽ സംഘാടക സമിതി അംഗങ്ങളും ഭാരവാഹികളും പങ്കെടുക്കുന്ന സംഗമച്ചടങ്ങിന് തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ്, കോഴിക്കോട് കളക്ടർ സ്നേഹിൽകുമാർ, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് ചെമ്പകശ്ശേരി, അഡ്വഞ്ചർ ടൂറിസം സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ് തുടങ്ങിയവർ നേതൃത്വം നല്‍കുന്നതാണ്.

സൈക്കിൾ റൈഡേഴ്സിന് പുലിക്കയത്ത് ചാലിപ്പുഴയിൽ കയാക്കിംഗും റാഫ്റ്റിംഗും ആസ്വദിക്കാനുള്ള സൗകര്യങ്ങളും അതിനുശേഷം തുഷാരഗിരി സന്ദർശിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കോഴിക്കോട് നിന്നും ജില്ല കളക്ടർ സ്നേഹിൽ കുമാർ സിംഹ് ഫ്ലാഗ് ഓഫ് ചെയ്ത് ആരംഭിക്കുന്ന റാലി കൽപറ്റ നിന്നുമാരംഭിക്കുന്ന റാലിയുമായി അടിവാരത്ത് വച്ച് സംഗമിച്ചാണ് പുലിക്കയത്തേക്ക് എത്തിച്ചേരുക. 

ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പായ മലബാർ റിവർ ഫെസ്റ്റിവലിനെ
മലബാർ മേഖലയുടെ മുഴുവൻ ശ്രദ്ധാകേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്ന് ജില്ലകളിൽ നിന്നും ഒരേ സമയം സൈക്കിൾ റാലികൾ സംഘടിപ്പിക്കുന്നത്.
Previous Post Next Post
Italian Trulli
Italian Trulli