Trending

കർക്കടകം പിറന്നു; ഇനി രാമായണം നിറയും ദിനങ്ങള്‍.



ഇന്ന് കർക്കടകം ഒന്ന്. രാമായണ പാരായണത്തിനും ഇന്ന് തുടക്കമാകും. വീടുകളിലും ക്ഷേത്രങ്ങളിലും രാമായണ പാരായണം നടക്കും. നാലമ്പല തീര്‍ഥാടനത്തിനും ഇന്ന് തുടക്കമാകും.

കർക്കടകം പഞ്ഞ മാസമായിരുന്നു പണ്ട്. മഹാമാരിയുടെയും തിരിമുറിയാതെ പെയ്യുന്ന മഴയിലെ വിളനാശത്തിൻ്റെയും കാലം. അതിനെ മറികടക്കാൻ വിശ്വാസികള്‍ ഭക്തിയിൽ അഭയം തേടും. കർക്കിടകാരംഭത്തിന് ദിവസങ്ങൾക്കുമുൻപ് തന്നെ വീടും പരിസരവും വൃത്തിയാക്കും. കത്തിച്ചുവച്ച നിലവിളക്കിനു മുന്നിൽ ഒരു മാസം രാമായണ പാരായണം നടക്കും.

ഐശ്വര്യം നൽകുന്ന ശ്രീ ഭഗവതിയെ വരവേൽക്കുന്ന ചടങ്ങും കർക്കിടക മാസത്തിലെ പ്രത്യേകതയാണ്. വീടിന്റെ ഉമ്മറത്ത് വാല്‍കിണ്ടിയും നിലവിളക്കും ദശപുഷ്പങ്ങളും ഒരുക്കി ശീബോധി വയ്ക്കും. ദുരിതമകറ്റാനും മനസിൽ നന്മകള്‍ നിറയാനും ഇതിലൂടെ കഴിയുമെന്നാണ് വിശ്വാസം.

കര്‍ക്കടക മാസത്തില്‍ ദശരഥ പുത്രന്മാരുടെ ക്ഷേത്രങ്ങളില്‍ ഒരേ ദിവസം ദര്‍ശനം നടത്തുന്നത് പുണ്യമായാണു വിശ്വാസികള്‍ കരുതുന്നത്. തൃപ്രയാര്‍ ക്ഷേത്രത്തില്‍നിന്നാണ് നാലമ്പല തീര്‍ഥാടനം തുടങ്ങുക. തുടര്‍ന്ന് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണപ്പെരുമാള്‍ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌ന ക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തി തൃപ്രയാറില്‍ തന്നെ അവസാനിക്കുന്നതാണ് നാലമ്പല തീര്‍ഥാടനം.

ഭക്തര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രങ്ങളില്‍ ഒരുക്കുന്നത്. തൃപ്രയാർ ക്ഷേത്രത്തിൽ മഴ നനയാതെ നില്‍ക്കാന്‍ നടപന്തലുകള്‍, ശുദ്ധജലം, കാപ്പി, പാര്‍ക്കിങ് സൗകര്യം എന്നിവ സജ്ജമാകുന്നുണ്ട്. ഒരേസമയം 4,000 പേര്‍ക്ക് മഴ കൊള്ളാതെ നില്‍ക്കാവുന്ന പന്തലാണ് നിർമിച്ചിട്ടുള്ളത്.

മുൻവർഷത്തെക്കാൾ കൂടുതൽ സി.സി.ടി.വി ക്യാമറകള്‍ സജ്ജമാക്കിയിട്ടുണ്ട്. പൊലീസ്, സന്നദ്ധ പ്രവര്‍ത്തകര്‍, ദേവസ്വം, ക്ഷേത്രം ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആംബുലന്‍സ് സൗകര്യം എന്നിവയും ക്ഷേത്രത്തിലുണ്ടാകുമെന്ന് ദേവസ്വം പ്രസിഡന്‍റ് എ.പി സുരേഷ് കുമാർ പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli