Trending

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്; പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ.



ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ ഏഴാമത്തെ ബജറ്റ് അവതരിപ്പിച്ചു. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ബിഹാറിനും ആന്ധ്രാ പ്രാദേശിനും കൂടുതൽ പ്രാതിനിധ്യം നൽകിയിട്ടുണ്ട് ധനമന്ത്രി. മോദി സർക്കാരിനെ ജനങ്ങൾ മൂന്നാമതും തെരഞ്ഞെടുത്തതിൽ നന്ദി അറിയിച്ചുകൊണ്ടാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരണം തുടങ്ങിയത്. രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ സുശക്തമെന്ന് ധനമന്ത്രി എടുത്തു പറഞ്ഞു. ബജറ്റിൽ, സ്ത്രീകൾ, കർഷകർ, യുവജനങ്ങൾ എന്നിവർക്ക് പ്രത്യേക പ്രാതിനിധ്യം നൽകുന്നതായി ധനമന്ത്രി പറഞ്ഞു.

ബജറ്റ് ഒറ്റനോട്ടത്തിൽ.

▪️ആദാനികുതി, സ്റ്റാന്‍ഡാര്‍ഡ് ഡിഡക്ഷന്‍ 50,000 ആയിരുന്നത് 75,000 ആക്കി.

▪️പെന്‍ഷന്‍കാര്‍ക്കുള്ള കുടുംബ പെന്‍ഷന്റെ നികുതിയിളവ് 15,000 രൂപയില്‍ നിന്ന് 25,000 രൂപയായി ഉയര്‍ത്തി.

▪️കോര്‍പറേറ്റ് നികുതി 35 ശതമാനമായി കുറച്ചു, വിദേശ കമ്പനികള്‍ക്ക് നേട്ടം.

▪️പുതിയ സ്‌കീമില്‍ ആദായ നികുതി സ്ലാബുകള്‍ പരിഷ്‌കരിച്ചു, സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍ 50000 രൂപയില്‍നിന്ന് 75,000 രൂപയാക്കി.

▪️സാമ്പത്തിക, സാമ്പത്തികേതര ആസ്തികളുടെ ദീര്‍ഘകാല നേട്ടങ്ങള്‍ക്കുള്ള നികുതി 12.5 ശതമാനമായി ഉയര്‍ത്തി.

▪️ആദായനികുതി സ്ലാബുകള്‍ പരിഷ്‌കരിച്ചു.

▪️എല്ലാ വിഭാഗം നിക്ഷേപകര്‍ക്കുമുള്ള ഏഞ്ചല്‍ ടാക്‌സ് നിര്‍ത്തലാക്കും.

▪️പ്ലാസ്റ്റിക്കിന് നികുതി കൂട്ടി.

▪️ജിഎസ്ടി നികുതി ഘടന കൂടുതല്‍ ലളിതമാക്കാന്‍ ശ്രമിക്കും.

▪️തുണിക്കും തുകലിനും വില കുറയും.

▪️സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും തീരുവ കുറച്ചു.

▪️കാശി വിശ്വനാഥ് ക്ഷേത്രമാതൃകയില്‍ ഗയ, ബോധ്ഗയ ക്ഷേത്ര ഇടനാഴി.

▪️മൊബൈല്‍ ഫോണുകളുടെയും മൊബൈല്‍ ചാര്‍ജറിന്റെയും അടിസ്ഥാന കസ്റ്റംസ് തീരുവ 15 ശതമാനമായി സര്‍ക്കാര്‍ കുറച്ചു.

▪️കാന്‍സറിനുള്ള മൂന്നു മരുന്നുകളുടെ വില കുറയും.

▪️അടിസ്ഥാന വികസനത്തിനായി സംസ്ഥാനങ്ങളെ പിന്തുണയ്ക്കുന്നതിനായി 1.5 ലക്ഷം കോടി രൂപ ദീര്‍ഘകാല പലിശ രഹിത വായ്പ.

▪️പ്രളയക്കെടുതി നേരിടാന്‍ ബിഹാറിന് 11,500 കോടി രൂപ.

▪️ബിഹാറില്‍ പുതിയ 2400 മെഗാവാട്ട് ഊര്‍ജനിലയം സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള പവര്‍ പ്രോജക്ടുകള്‍ക്ക് 21,400 കോടി രൂപ.

▪️അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നഗര ഭവന നിര്‍മ്മാണത്തിന് 2.2 ലക്ഷം കോടി രൂപയുടെ കേന്ദ്ര സഹായം.

▪️100 നഗരങ്ങളില്‍ വ്യവസായ പാര്‍ക്കുകള്‍.

▪️ഒരു കോടി യുവാക്കള്‍ക്ക് 500 വന്‍കിട കമ്പനികളില്‍ ഇന്റേണ്‍ഷിപ്. 5000 രൂപ പ്രതിമാസം ഇന്റേണ്‍ഷിപ് അലവന്‍സ്.

▪️നഗരങ്ങളിലെ പാവങ്ങളുടെ ഭവനപദ്ധതിക്കായി 10 ലക്ഷം കോടി.

▪️വ്യാവസായിക മേഖലയിലെ തൊഴിലാളികൾക്ക് ഡോർമിറ്ററി തരത്തിലുള്ള താമസ സൗകര്യം വാടകയ്ക്ക്.

▪️അമൃത്സർ - കൊൽക്കത്ത വ്യവസായ ഇടനാഴിയിൽ ബിഹാറിലെ ഗയയിലെ വ്യവസായ പദ്ധതി.

▪️പി.എം ആവാസ് യോജന പദ്ധതിയിലൂടെ മൂന്നു കോടി വീടുകൾ.

▪️മുദ്ര വായ്‌പ 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കും.

▪️ആന്ധ്രയ്ക്കായി 15,000 കോടിയുടെ പ്രത്യേക സാമ്പത്തിക സഹായം.

▪️ബിഹാറിൽ ദേശീയപാത വികസനത്തിന് 26,000 കോടി.

▪️വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ 100 ശാഖകൾ സ്ഥാപിക്കും.

▪️അടിസ്ഥാന സൗകര്യവികസനത്തിന് ബിഹാറിന് കൂടുതൽ ധനസഹായം.

▪️ബിഹാർ, ഝാർഖണ്ഡ്, പശ്ചിമബംഗാൾ, ഒഡിഷ, ആന്ധപ്രദേശ്
സംസ്ഥാനങ്ങൾക്കായി പൂർവോദയ പദ്ധതി.

▪️ഗ്രാമീണ വികസനത്തിന് 2.66 ലക്ഷം കോടി രൂപ ബജറ്റിൽ വകയിരുത്തി.

▪️ആന്ധ്രയ്ക്കായി 15,000 കോടിയുടെ പ്രത്യേക പാക്കേജ്.

▪️7.5 ലക്ഷം രൂപ വരെയുള്ള വായ്പ‌കൾ സുഗമമാക്കുന്നതിന് മാതൃകാ നൈപുണ്യ വായ്‌പാ പദ്ധതി പരിഷ്കരിക്കും.

▪️മൂന്നു വർഷത്തിനകം 400 ജില്ലകളിൽ ഡിജിറ്റൽ വിള സർവെ.

▪️ഉന്നത വിദ്യാഭ്യാസ മേഖലയിൽ 10 ലക്ഷം രൂപ വരെ വായ്പ‌.

▪️ഐഐടികൾ നവീകരിക്കും.

▪️രാജ്യത്തെ സ്ഥാപനങ്ങളിൽ ഉന്നത വിദ്യാഭ്യാസത്തിന് 10 ലക്ഷം രൂപ വരെയുള്ള വായ്‌പകൾക്ക് സർക്കാർ സാമ്പത്തിക സഹായം നൽകും.

▪️തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാൻ വർക്കിങ് വിമൻ ഹോസ്റ്റലുകൾ സ്ഥാപിക്കും.

▪️തൊഴിലുമായി ബന്ധപ്പെട്ട മൂന്ന് പദ്ധതികൾ സർക്കാർ ആരംഭിക്കും.

▪️ജൻ സമർഥ് അടിസ്ഥാനമാക്കിയുള്ള കിസാൻ ക്രെഡിറ്റ് കാർഡ് അഞ്ച് സംസ്ഥാനങ്ങളിൽ അവതരിപ്പിക്കും.

▪️വികസനത്തിനായി സർക്കാർ ദേശീയ സഹകരണ നയം കൊണ്ടുവരും.

▪️അടുത്ത രണ്ടുവർഷത്തിൽ ഒരുകോടി കർഷകരെ ജൈവകൃഷിയിലേക്ക് ആകർഷിക്കും

▪️വിദ്യാഭ്യാസ - തൊഴിൽ - നൈപുണ്യ മേഖലയ്ക്കുവേണ്ടി 1.48 ലക്ഷം കോടി വകയിരുത്തി.

▪️ഉൽപ്പാദനക്ഷമത, തൊഴിൽ സാമൂഹിക നീതി, നഗരവികസനം, ഊർജ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ, പരിഷ്കാരങ്ങൾ എന്നിവ ഉൾപ്പെടെ ഒമ്പത് മേഖലകളിൽ ഊന്നൽ.

എയിംസില്ല, പ്രത്യേക പാക്കേജ് ഇല്ല; കേരളത്തിന് നിരാശയുടെ ബജറ്റ്.

തിരുവനന്തപുരം: എയിംസും 24,000 കോടിയുടെ സാമ്പത്തിക പാക്കേജുമടക്കം കേരളം ബജറ്റിൽ സ്വപ്നം കണ്ടതെല്ലാം പാഴായി. കേരളത്തിന് പ്രത്യേക പദ്ധതികളോ പാക്കേജുകളോ ഇല്ലാതെയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍റെ ബജറ്റ് പ്രസംഗം. സാമ്പത്തിക പ്രയാസങ്ങൾ മറികടക്കാൻ ഉതകുന്ന പദ്ധതികൾ ലഭിക്കുമെന്ന സംസ്ഥാനത്തിന്‍റെ പ്രതീക്ഷകൾ വെറുതെയായി.

വിഴിഞ്ഞം തുറമുഖം അനുബന്ധ വികസനത്തിന് 5000 കോടി അടക്കം വലിയ സാമ്പത്തിക ശിപാർശയാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനക്കായി നൽകിയിരുന്നത്. രണ്ടു കേന്ദ്രമന്ത്രിമാരുള്ള കേരളം ഇത്തവണ എയിംസും പ്രതീക്ഷിച്ചിരുന്നു. 

ജി.എസ്‌.ടിയിലെ കേന്ദ്ര - സംസ്ഥാന നികുതി പങ്കുവെക്കൽ അനുപാതം 60:40 എന്നത്‌ 50:50 ആയി പുനർനിർണയിക്കൽ, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്ര വിഹിതം 60ൽ നിന്ന് 75 ശതമാനമാക്കൽ, കേന്ദ്രാവിഷ്‌കൃത പദ്ധതി നടത്തിപ്പിലും മാനദണ്ഡ രൂപവത്കരണത്തിലും സംസ്ഥാനങ്ങൾക്ക്‌ അധികാരം ഉറപ്പാക്കൽ എന്നിവയും സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു.

തലശ്ശേരി - മൈസൂരു, നിലമ്പൂർ-നഞ്ചൻകോട് റെയിൽ പാതകൾ, കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തുരങ്കപാതയുടെ നിർമാണത്തിനുള്ള ധനസഹായം എന്നിവയും കേരളം കാത്തിരുന്ന പ്രഖ്യാപനങ്ങളാണ്. ഇവയും കേന്ദ്ര ധനമന്ത്രി പരാമർശിച്ചില്ല. അതിവേഗ ട്രെയിൻ പദ്ധതിയുമില്ല.

രണ്ട് പ്രളയത്തെ നേരിട്ട കേരളത്തെ പ്രകൃതി ദുരന്തത്തെ നേരിടാനുള്ള സഹായത്തിനും പരിഗണിച്ചില്ല. അസം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്കാണ് പ്രകൃതി ദുരന്തത്തെ നേരിടാന്‍ പ്രത്യേക സഹായം അനുവദിച്ചിരിക്കുന്നത്.
Previous Post Next Post
Italian Trulli
Italian Trulli