Trending

കൊടിയത്തൂർ മാട്ടുമുറി ഉൾപ്പെടെയുള്ള മൂന്ന് വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ത്രികോണ മത്സരത്തിന് സാദ്ധ്യത.



കൊടിയത്തൂർ: സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് ഒഴിവു വന്ന വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഈ മാസം 30 നാണ് തെരഞ്ഞെടുപ്പ്. 31ന് വോട്ടെണ്ണലും ഫല പ്രഖ്യാപനവും നടക്കും. ജൂലൈ 11 വരെയാണ് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.

ജില്ലയില്‍ മൂന്നിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കൊടിയത്തൂർ പഞ്ചായത്തിലെ മാട്ടുമുറി വാര്‍ഡിലും തൂണേരി ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ് ഡിവിഷന്‍, ഓമശേരി പഞ്ചായത്തിലെ മങ്ങാട് ഈസ്റ്റ് വാര്‍ഡ് എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഈ പഞ്ചായത്തുകളില്‍ ഇന്നലെ മുതല്‍ മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്നിട്ടുണ്ട്. കൊടിയത്തൂര്‍ പഞ്ചയത്തംഗമായിരുന്ന ഷിഹാബ് മാട്ടുമുറി രാജി വച്ചതോടെയാണ് മൂന്നാം വാർഡായ മാട്ടുമുറിയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ എത്രയും വേഗം സ്ഥാനാർഥികളെ കണ്ടെത്തി പ്രചാരണത്തിനൊരുങ്ങുകയാണ് മുന്നണികള്‍. യു.ഡി.എഫ്, എല്‍.ഡി.എഫ് മുന്നണികള്‍ തമ്മില്‍ നേരിട്ട് മത്സരം നടക്കുന്ന ഈ വാർഡില്‍ ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനാണ് വഴിയൊരുങ്ങുന്നത്.

കഴിഞ്ഞ തവണ മുന്നൂറിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഷിഹാബ് മാട്ടുമുറി വിജയിച്ചിരുന്നത്. ഉപ തെരഞ്ഞെടുപ്പില്‍ ഷിഹാബ് സ്വതന്ത്രനായി മത്സരിക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ അത് രണ്ട് മുന്നണികളേയും കാര്യമായി ബാധിച്ചേക്കും.

സ്വന്തം നിലയില്‍ അത്യാവശ്യം വോട്ട് ഷിഹാബ് പിടിക്കുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. യു.ഡി.എഫിന്‍റെ ഉറച്ച കോട്ടയായി അറിയപ്പെടുന്ന ഈ വാർഡില്‍ ഒരു തവണ യു.ഡി.എഫ് വിമത അട്ടിമറി വിജയവും കരസ്ഥമാക്കിയിട്ടുണ്ട്.
Previous Post Next Post
Italian Trulli
Italian Trulli