Trending

നവ്യാനുഭൂതി പകർന്ന കുടുംബ സംഗമം ശ്രദ്ധേയമായി.



ചേന്ദമംഗല്ലൂർ: സ്നേഹ സൗഹൃദം പുതുക്കിക്കൊണ്ട് ചേന്ദമംഗല്ലൂരിലെ ചിരപുരാതന കുടുംബമായ പുന്നക്കണ്ടി കുടുംബത്തിൻ്റെ പ്രഥമ കുടുംബ സംഗമം പ്രൗഢമായ പരിപാടികളോടെ സംഘടിപ്പിച്ചു. പുൽപ്പറമ്പ് എൻ.സി ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന സംഗമം കുടുംബ സുഹൃത്തും മാധ്യമം - മീഡിയ വൺ ഗ്രൂപ്പ് എഡിറ്ററുമായ ഒ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.


കുടുംബ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ ഇത്തരം സംഗമങ്ങൾ കൊണ്ട് സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുടുംബചരിത്രവും പശ്ചാത്തലവും മനസ്സിലാക്കാൻ അനുയോജ്യമായ സുവനീർ ഇത്തരം സംഗമങ്ങളോട് അനുബന്ധിച്ച് പുറത്തിറക്കുന്നത് സമൂഹത്തിന് തന്നെ പ്രയോജനപ്രദമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  


സുൽഫ ബഷീറിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച സംഗമത്തിൽ കോഴിക്കോട് മലപ്പുറം ജില്ലകളിൽ നിന്നുള്ള അഞ്ച് തലമുറകളിൽ പെട്ട നാന്നൂറിലധികം പേർ പങ്കെടുത്തു. കുടുംബ സമിതി പ്രസിഡണ്ട് ടി അബ്ദുൽ അഹദ് അധ്യക്ഷത വഹിച്ചു. ഫാറൂഖ് ട്രൈനിംങ് കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ഡോ. ജൗഹർ മുനവ്വിർ മുഖ്യ പ്രഭാഷണം നടത്തി. 


ചേന്ദമംഗല്ലൂർ ഒതയമംഗലം മഹല്ല് പ്രസിഡണ്ട് കെ.ടി മുഹമ്മദ് അബ്ദുറഹിമാൻ, മുക്കം നഗരസഭാ കൗൺസിലർ എ അബ്ദുൽ ഗഫൂർ, ജനറൽ കൺവീനർ പി.ടി അബുബക്കർ, സെക്രട്ടറി ടി.കെ അബുല്ലൈസ് എന്നിവർ സംസാരിച്ചു.

പുന്നക്കണ്ടി കുടുംബത്തിലെ മുൻഗാമികളെ അനുസ്മരിച്ചുകൊണ്ട് പി.ടി നൗഫ ഷറീൻ രചനയും സംവിധാനവും നിർവ്വഹിച്ച സ്വാഗത ഗാനം ഹുദയും സംഘവും ചേർന്ന് അവതരിപ്പിച്ചു.

കുടുംബത്തിലെ തലമുതിർന്നവരായ അബൂബക്കർ താന്നിക്കണ്ടി, ഫാത്തിമ പുന്നക്കണ്ടി, ആമിന കക്കാട്, മുഹമ്മദ് നറുക്കിൽ, കുഞ്ഞിപ്പാത്തുമ്മ താന്നിക്കണ്ടി എന്നിവരെ ചടങ്ങിൽ ആദരിച്ചു. 

പുന്നക്കണ്ടി കുടുംബത്തിൽ നിന്നുള്ള വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർ, ഉയർന്ന യോഗ്യത നേടിയവർ, ഉന്നത പഠനത്തിന് അവസരം ലഭിച്ചവർ എന്നിവർക്ക് ഉപഹാര സമർപ്പണം നടത്തി.

രണ്ടാമത്തെ സെഷനിൽ 'പുന്നക്കണ്ടി കുടുംബ ചരിത്രം' എന്ന വിഷയത്തിൽ മുനീർ താന്നിക്കണ്ടി പ്രബന്ധം അവതരിപ്പിച്ചു. ഉച്ചക്കു ശേഷം നടന്ന മൂന്നാം സെഷനിൽ വൈവിധ്യമാർന്ന കലാസാംസ്കാരിക പരിപാടികൾ അരങ്ങേറി. സംഗമത്തോടനുബന്ധിച്ച് നേരത്തെ നടത്തപ്പെട്ട വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു.

താന്നിക്കണ്ടി ബഷീർ സംഗമ അവലോകനം നടത്തി. പുന്നക്കണ്ടി സാജിദ് നന്ദി പ്രകാശിപ്പിച്ചു.
Previous Post Next Post
Italian Trulli
Italian Trulli