Trending

"ചെറുവാടി ഗവ: സ്കൂൾ 1922 കളിൽ" ഓത്തുപള്ളിയിൽ നിന്നും സ്കൂളിലേക്ക്...!




✍️നിയാസ് ചെറുവാടി എഴുതുന്നു.

കണങ്കാൽ വരെ മാത്രം എത്തുന്ന ഒറ്റ മുണ്ടുടുത്ത് ആൺകുട്ടികളും, കാച്ചിയും അരക്കുപ്പായവുമിട്ട പെൺകുട്ടികളുമുള്ള ഓത്ത് പള്ളിക്കാലം. ചെത്തി മിനുക്കിയ മരപ്പലകയിൽ തോലേങ്ങൽ അബ്ദുസ്സലാം മൊല്ലാക്ക 'അലിഫ്' എന്നെഴുതി തുടങ്ങിയ ആ ഓത്തു പള്ളിയിൽ നിന്നാണ് ചെറുവാടിയുടെ വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത്.

തോലേങ്ങൽ, കരിബനങ്ങോട്ട് പാലിയിൽ, എന്നിവടങ്ങളിൽ നിന്ന് തുടങ്ങിയ ഓത്തു പള്ളികളിൽ തറമ്മൽ തോലേങ്ങൽ മുഹമ്മദ് മൊല്ല, ഒറുവിങ്ങൽ ബിച്ചഹമ്മദ് മൊല്ല, കമ്പളത്ത് അബ്ദുസ്സലാം മൊല്ലാക്ക എന്നിവരിലൂടെ നാടന്ന് മതപഠനം നേടിയപ്പോൾ, ചെറുവാടി പാറപ്പുറത്തും ചുള്ളിക്കാപ്പറമ്പ് ചന്ത പറബിലും ഒരേസമയം സ്കൂളുകൾ പ്രവർത്തിച്ചതായി നാട്ടു പഴമക്കാരുടെ ഓർമ്മയിൽ പറയുന്നു.

ചെറുവാടി അങ്ങാടിയിലെ സ്കൂളിൽ ആദ്യ കാല അധ്യാപകൻ കിഴക്ക് വീട്ടിൽ കമ്മു കുട്ടിയും ചുള്ളിക്കാപ്പറബ് സ്കൂളിൽ കമ്പളത്ത് ഇസ്ലാമുട്ടി മൊല്ലാക്കയും, പടിഞ്ഞാറുവീട്ടിൽ അബ്ദുറഹ്മാൻ കുട്ടി മൊല്ലാക്കയും ആയിരുന്നു.

ചുള്ളിക്കാപ്പറബ് സ്കൂൾ മലബാർ കലാപ കാലത്ത് തീ വെക്കപെട്ടിരുന്നെങ്കിലും, ലഹള ശേഷവും രണ്ട് സ്കൂളുകളും പ്രവർത്തിച്ചിരുന്നു. ശേഷം ചെറുവാടി അങ്ങാടിയിലെ സ്കൂളിന് മലബാർ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ അംഗീകാരം ലഭിക്കുകയും ചുള്ളിക്കാപ്പറബിലേത് നഷ്ടമാവുകയും ചെയ്തു. പിന്നീട് 1956 ൽ ഇന്നുള്ള എൽപി സ്കൂൾ മലബാർ ഡിസ്ട്രിക്ട് ബോര്‍ഡ് ആരംഭിച്ച ഏകാധ്യാപക വിദ്യാലയമാണ്.

നാട്ടിൽ അക്ഷരങ്ങൾ എഴുതാനും വായിക്കാനും, കണക്ക് കൂട്ടാൻ അറിയാവുന്നവരേയും അക്കാലത്ത് അധ്യാപക ജോലിക്കായി നിയമിക്കുമായിരുന്നു. ഉച്ചവരെ മത പഠനവും ഉച്ചക്ക് ശേഷം മലയാള പാഠവുമായി സ്കൂളിലെ കരിക്കുലം മുന്നോട്ട് പോയി. ആഴ്ചയിലൊരിക്കൽ കുട്ടികൾ നൽകുന്ന അരിയാണ് അധ്യാപകർ ശബളമായി വാങ്ങിയിരുന്നത്.

കൊളക്കാടൻ ഉസ്സൻ കുട്ടി എന്ന ഭാവി കാലത്തെ നാട്ടുകാരണവരായിരുന്നു അന്ന് സ്കൂൾ പ്രവേശനപട്ടികയിൽ ആദ്യമായി ഇടം പിടിച്ചത്. ചെറുവാടി കണിച്ചാടി ഭാഗത്ത് എഴുപത് വർഷത്തോളം ചായക്കട നടത്തിയ കേലത്ത് ചന്തുവേട്ടന്റെ ഇപ്പോൾ അമ്മുട്ടി ചേച്ചി നടത്തുന്ന കെട്ടിടത്തിനടുത്ത്. (പുതിയ ഹയർസെക്കണ്ടറി ബ്ലോക്ക് റോഡ്) ന് മുമ്പിൽ പാറപ്പുറത്ത് പറമ്പിലായിരുന്നു സ്കൂൾ കെട്ടിടം.

ഗ്രാമത്തിന് വിസ്മയമായ ആ കെട്ടിടം നിർമിച്ച് നൽകിയത് നാട്ടു കാരണവർ കൊളക്കാടൻ ഗുലാം ഹുസ്സൻ ഹാജിയായിരുന്നു. ശേഷം എത്രയോ ഗുരു പുണ്യങ്ങൾ ചെറുവാടി സ്കൂളിലേക്ക് അക്ഷര ദീപവുമായി സഞ്ചാരികളായെത്തി.മാവൂരിലെ തട്ടായി രാമൻ നായർ, തിരൂരങ്ങാടി കെകെ മുഹമ്മദ് മാസ്റ്റർ, അരീക്കോട് എൻ അബ്ദുറഹ്മാൻ മാസ്റ്റർ, എറണാകുളത്ത് നിന്ന് വന്ന മജീദ് ഖാൻ മാസ്റ്റർ തുടങ്ങിയവരൊക്കേ സ്കൂളിന്റെ ആദ്യ കാലത്തെ പ്രധാനാധ്യാപകരാണ്.

"1966 ൽ സ്കൂൾ യുപി സ്കൂളായി ഉയർത്തപെട്ടതോടെ ചെറുവാടി അക്ഷര ജ്ഞാനികളുടെ ദേശമായി കൂടി പ്രസിദ്ധിയാർജിച്ചു."

1989ൽ അധ്യാപക സേവനത്തിൽ നിന്ന് പിരിയും വരേ കുട്ട്യാലി മാസ്റ്റർ തന്നേയായിരുന്നു സ്കൂളിന്റെ പ്രധാനാധ്യാപകൻ. ശേഷം ഇന്നും അനവധി അധ്യാപകർ അക്ഷര വിളക്കുമായി ചെറുവാടിയിലേക്കെത്തിക്കൊണ്ടിരിക്കുന്നു.

കാലം വേഗത്തിൽ കടന്നുപോയപ്പോൾ സ്കൂളിന് കുറേയേറെ മാറ്റങ്ങളും നേട്ടങ്ങളും വന്നു. ഗ്രാമത്തിന് കൈവന്ന ഈ സൗഭാഗ്യങ്ങൾക്ക് നമ്മിൽ നിന്നും മൺമറഞ്ഞ് പോയ കുറേയേറെ മഹാ ജീവിതങ്ങളോട് നാം ചെറുവാടിക്കാർ കടപെട്ടിരിക്കുന്നു.

ഇരുവഴിഞ്ഞിപ്പുഴ കടന്ന് മാവൂർ കുന്നുകൾ താണ്ടി തെങ്ങില കടവിലെ പുഴയിലെ തോണിയും കയറി അക്കരെ എത്തി മാത്രം കോഴിക്കോട് പോയിരുന്ന അക്കാലത്തിൻ്റെ ഓർമ്മകൾ പറയുന്ന നാട്ടുകാരണവൻമാരുടെ വാക്കുകളിൽ മകര മഞ്ഞ് പെയുന്ന നിലാവുള്ള രാത്രിയിൽ പാടം നിറയെയുള്ള നെൽ കതിരുകളും കാവൽ മാടങ്ങളും അതിലെ ശരറാന്തലും ഒരിക്കലും ഉറങ്ങിയിരുന്നില്ല.

ഒരു നാടും അതിന്റെ സ്കൂളും ശതാബ്ദി വർഷവും മഹത്വവുമെല്ലാം ഒരു ദിവസം കൊണ്ട് ഉണ്ടാവുന്നതല്ല. അതിന് പിന്നിൽ ഔരുപാട് സഹനവും സമർപ്പണവുമുണ്ട്. നമ്മുടെ നാടിന്റെ അക്ഷരമുത്തശ്ശിയായ ചെറുവാടി സ്കൂളിന് നൂറ് വയസ്സ് പിന്നിടുബോൾ അവരെയെല്ലാം ആദരവോടെ നന്ദിയോടെ ഓർക്കാം... സ്നേഹത്തോടെ...!
Previous Post Next Post
Italian Trulli
Italian Trulli