Trending

കൊടിയത്തൂരിൽ നിന്നും ചേന്നമംഗല്ലൂരിലേക്ക് എത്താൻ എത്ര കാലം സാഹസിക യാത്ര നടത്തേണ്ടിവരും.



✍🏻എ ആർ കൊടിയത്തൂർ.

കൊടിയത്തൂരിന്റെ ഖ്യാതി വാനോളം ഉയർന്നിട്ടുണ്ട്. "കൊടി കുത്തിയ ഊരുകാരാ, നീ വിജയക്കൊടി പറത്തൂ" എന്നായിരുന്നു ചെന്നമംഗലൂർ ഹൈസ്കൂളിലെ ഒരു അധ്യാപകൻ ഓട്ടോഗ്രാഫിൽ കുറിച്ചു തന്നത്. ചേന്നമംഗലൂർക്കാരും കൊടിയത്തൂർകാരും സുഹൃ - കുടുംബ ബന്ധങ്ങളിൽ മുന്നിലായിരുന്നു.


പണ്ടുകാലത്ത് കൊടിയത്തൂർ രണ്ടാം പൊന്നാനി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇവിടുത്തെ ജുമാ മസ്ജിദിൽ പല ഭാഗത്തുനിന്നും പഠിതാക്കളും അധ്യാപകരും എത്തിയിരുന്നു. അവരുടെ പിൻഗാമികളാണ് പള്ളി പരിസരത്ത് താമസമാക്കിയത്.


മുസ്ലിംകളും അഹമ്മദിയാക്കളും തമ്മിൽ ലോക പ്രശസ്തമായ മുബാഹല നടന്നത് കൊടിയത്തൂരിൽ വച്ചുതന്നെ. കോഴിക്കോട്ടെ റോസ് വില്ലയിൽ നിന്നും കൊടിയത്തൂരിൽ എത്തിയ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് അവസാനമായി പ്രസംഗിച്ചതും ഇവിടെയാണ് എന്നത് ചരിത്രത്തിൽ ഏറെ ഇടം പിടിക്കപ്പെട്ടിട്ടുണ്ട്.

പ്രസിദ്ധനായ ഒരു മൗലവി കൊടിയത്തൂരിൽ വന്ന് പ്രസംഗിച്ചപ്പോൾ പറഞ്ഞത് ഇങ്ങനെയായിരുന്നു. ഏത് വിത്ത് ഇട്ടാലും മുളക്കുന്ന മണ്ണാണ് കൊടിയത്തൂരിലേത്. ശരിയാണ് അന്നും ഇന്നും കൊടിയത്തൂർ പ്രബുദ്ധമാണ്.

കേരളത്തിൽ പ്രവർത്തിക്കുന്ന എല്ലാ മത -- രാഷ്ട്രീയ പാർട്ടികളുടെയും സംസ്ഥാന നേതാക്കൾ കൊടിയത്തൂരിൽ ഉണ്ട്. ഇങ്ങനെയൊക്കെ പ്രബുദ്ധമായ ഒരു നാട്ടിൽ വികസനകാര്യത്തിൽ അമാന്തം കാണിക്കുന്നത് ഒട്ടും ശരിയല്ല.

പറഞ്ഞുവരുന്നത്, മണാശ്ശേരിയിൽ നിന്നും കൊടിയത്തൂർ വഴി ചെറുവാടിയിലേക്ക് നടക്കുന്ന റോഡ് വികസന പ്രവർത്തനത്തെ പറ്റിയാണ്. കൊടിയത്തൂർ അങ്ങാടിയിൽ നിന്നും ചേന്നമംഗല്ലൂർ വരെയുള്ള റോഡ് ഇപ്പോഴും ഒന്നും ചെയ്യാതെ കിടക്കുകയാണ്.

കൊടിയത്തൂർ ജുമാ മസ്ജിദിലെ ഖബർസ്ഥാനിൽ മരിച്ച ദേഹത്തെ മറമാടാൻ കൊണ്ടുവരുന്നവരും അതിനോടനുബന്ധിച്ചുള്ള യാത്രക്കാരും വളരെ പ്രയാസപ്പെടുമ്പോൾ, നാം ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണോ. ആ ഖബറിടത്തിൽ ചെന്ന് ഇത്തിരി ആലോചിച്ചാൽ, നമുക്ക് ബോധ്യമാകുന്ന കാര്യം-- കാലാകാലവും ഈ ഭൂമിയിൽ ജീവിക്കാൻ അല്ലല്ലോ നാം വന്നത്.

ഓടിയെത്തുന്ന മരണത്തെ ഒരാൾക്കും തന്നെ തടുക്കാൻ സാധ്യമല്ലല്ലോ. നാം സമ്പാദിച്ചു എന്ന് കണക്കുകൂട്ടുന്ന മക്കളും സമ്പത്തും മറ്റു മുതലുകളും ഒന്നും തന്നെ ഖബറിടത്തിലേക്ക് കൊണ്ടുപോകുമ്പോൾ മനുഷ്യൻ കയ്യിൽ പിടിക്കുന്നില്ലല്ലോ.

ഉള്ള സ്വത്തുക്കൾ ദൈവത്തിന്റെ അനുഗ്രഹ ദാനമാണെന്ന് നാം കണക്കു കൂട്ടേണ്ടേ, സമ്പത്തും മുതലുകളും മക്കളും തന്നവൻ, അത് അങ്ങോട്ട് തന്നെ തിരിച്ചെടുക്കാറുണ്ടല്ലോ. പിന്നെയെന്തിന് നാം ഈ വാശിയും വക്കാ ണവും കയ്യിൽ വയ്ക്കുന്നു.
ഒരു നാടിന്റെ വികസനത്തിൽ പങ്കാളികളാവുക എന്നുള്ളത് വിശുദ്ധ ഗ്രന്ഥങ്ങളും പ്രവാചകന്മാരുടെ ജീവിതചര്യയും നമുക്ക് മനസ്സിലാക്കി തരുന്നുണ്ട്. ഉള്ളത് മനസ്സറിഞ്ഞ് ചെലവഴിക്കുന്നതിലാണ് പുണ്യം.

റോഡ് പണി എല്ലാ ഭാഗത്തും തകൃതിയായി നടക്കുമ്പോൾ, കൊടിയത്തൂർ നിവാസികൾ പുറംതിരിഞ്ഞു നിൽക്കുന്നത് ശരിയല്ലല്ലോ.
 ഇത് പറയാനും എഴുതാനും നീ ആരാണെന്ന് ചോദിക്കുമ്പോൾ, മറു ഉത്തരമില്ല. റോഡിലൂടെ വണ്ടിയോടിക്കുമ്പോഴും നടക്കുമ്പോഴും ഉണ്ടാകുന്ന പ്രയാസം ഓർമ്മപ്പെടുത്തുന്നു എന്ന് മാത്രം.

മരണശേഷം നമുക്കു മുമ്പിൽ സമർപ്പിക്കപ്പെടുന്ന,നമ്മുടെ ഏടുകൾ പ്രശോഭിതമാവേണ്ടതില്ലേ. ഇനിയെങ്കിലും റോഡിന്റെ ഇരുവശത്തുമുള്ള നിവാസികളും ഭൂ ഉടമകളും ശ്രദ്ധിച്ചിരുന്നെങ്കിൽ എന്ന് ആശിക്കുകയാണ്.
 ദൈവം നമ്മെ ഏവരെയും അനുഗ്രഹിക്കട്ടെ.
Previous Post Next Post
Italian Trulli
Italian Trulli