Trending

നാട്ടൊരുമയിൽ നാട്ടുപച്ച വീണ്ടെടുക്കുമ്പോൾ.



✍️ ഗിരീഷ് കാരക്കുറ്റി.


എന്റെ ഗ്രാമത്തിലെ ഞാനുൾപ്പെടെയുള്ള സുഹൃത്തുക്കൾ നേതൃത്വം കൊടുക്കുന്ന "നാട്ടൊരുമ" സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ ഇപ്രാവശ്യവും നെൽകൃഷി ഒരുക്കി.

കാരക്കുറ്റി എന്ന കൊച്ചു ഗ്രാമത്തെ അതിരിടുന്ന കുറ്റിപ്പൊയിൽ പാടശേഖരങ്ങളിൽ നാലേക്കർ
നിലമൊരുക്കി 
കെ.കെ.സി നാസർ, ചെറുകുന്നത്ത് അബൂബക്കർ, കുഞ്ഞോയി കാരക്കുറ്റി,
അബ്ദുറഹിമാൻ സി.കെ, ഹമീദ് പി.വി എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൃഷി ഒരുക്കിയിരുന്നത്.

കുറ്റിപ്പൊയിൽ പാടശേഖരങ്ങൾ കതിരണിഞ്ഞ് സ്വർണ്ണം വിളയിച്ചാൽ നഷ്ടപ്പെട്ട ഭൂതകാലങ്ങൾ തിരിച്ചു പിടിക്കാനാവും.

ഗ്രാമത്തിന്റെ
പട്ടിണി മാറ്റിയതന്നിവിടമായിരുന്നു.
കുറ്റിപ്പൊയിൽ പാടശേഖരം മുതൽ 
അങ്ങ് കിഴക്ക് നെല്ലിക്കാപ്പറമ്പ് കാളപ്പുറം പാടശേഖരം വരെ അനന്തമായി കിടക്കുന്ന വയലേലകൾ പച്ചപ്പട്ടണിഞ്ഞ് കിടക്കും നേരം മന്ദമാരുതനെ തലയാട്ടി സ്വീകരിക്കുന്നത് കാണുമ്പോൾ തന്നെ മനസ്സിൽ കുളിർകാറ്റ് വീശും. ഞാറ്റടി മുതൽ കൊയ്ത്തും മെതിയു മെല്ലാം ഉത്സവ ലഹരിയിലാവുമവിടം.

ആധുനികതയുടെ പുതുലോകം പിറന്നപ്പോൾ കൃഷിയിടങ്ങൾ ഉപേക്ഷിച്ചു, പുതിയ മേച്ചിൽ പുറങ്ങൾ കണ്ടെത്തിയവർ. ജീവിതശൈലി രോഗങ്ങളുടെ ദുരിതം പേറുകയാണിന്ന്.

ഇവിടെ നിന്നും തുടങ്ങുകയാണ് നാട്ടൊരുമയും നാട്ടുകാരും കാർഷികത്തനിമ വീണ്ടെടുക്കാൻ എല്ലാവരും പാടത്തേക്കിറങ്ങുകയാണ്. 

ബാല്യകാല സ്മരണകളുടെ സുഗന്ധം ഉച്ച വെയിലിന്റെ കാഠിന്യം കുറയ്ക്കാൻ ഇടയ്ക്കിടെ വീശുന്ന ഇളങ്കാറ്റിനൊപ്പം ഒഴുകിവരുന്നത് മനസ്സിൽ കുളിർമയേകിയപ്പോൾ, ഓർമ്മകളുടെ ചെപ്പിലേക്ക് ടോർച്ചടിച്ചു നോക്കിയപ്പോൾ പ്രകാശഗോപുരങ്ങൾക്കിടയിൽ നിന്നും വറുതിയുടെ 
കാലങ്ങളിൽ അമ്മ പിഞ്ഞാണ പാത്രത്തിൽ വിളമ്പിത്തമ്മ കഞ്ഞി കുമ്പിളിൽ കോരി വായിലേക്കൊഴിക്കുമ്പോൾ, മേലോട്ട് നോക്കുന്നേരം ഓട്ടയായ ഓലപ്പുരയുടെ വിടവിലൂടെ നീലാകാശം എന്നെ നോക്കി ചിരിക്കുന്നത് എനിക്ക് കാണാമായിരുന്നു.

ഏതായാലും ബാല്യകാല സ്മരണകൾ കാലത്തിന്റെ രഥചക്ര മുരുളുമ്പോൾ അതിനടിയിൽപ്പെടാതെ 
ചിരസ്മരണയായി കുറ്റിപ്പോയിൽ പാടശേഖരങ്ങൾ കണ്ടപ്പോൾ ഓർമ്മകളുടെ കലവറ തുറക്കാനായി.

പടിഞ്ഞാറൻ ചക്രവാളത്തിൽ നിന്നും ചുവന്ന സൂര്യൻ തലയുയർത്തിയപ്പോൾ അതിന്റെ സൂര്യ കിരണങ്ങളേറ്റു കുറ്റിപ്പൊയിൽ പാടശേഖരങ്ങളിലെ ഞാറ്റടികളെ ബന്ധനസ്ഥനാക്കിയ മഞ്ഞുതുള്ളികളെ തട്ടിയുണർത്തിയ നേരം,
നാട്ടൊരുമയുടെ കൂടെ നാട്ടുകാരും, കാരക്കുറ്റി ജി.എൽ.പി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരുമെല്ലാം ഒരുമിച്ച് പാടത്തേക്കിറങ്ങിയപ്പോളത് തലമുറകളുടെ സംഘമ ഭൂമികയായി മാറി.

ഉമ, പൗർണമി, ആവണി തുടങ്ങിയ വിത്തുകളാണിതിനായി ഉപയോഗിച്ചത്. ഒരുകാലത്ത് ഗ്രാമത്തിന്റെ പട്ടിണി മാറ്റിയ പാടശേഖരങ്ങളിലെ അന്യം നിന്നു പോയ കൃഷിയിടങ്ങൾ വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെയും പുതിയ തലമുറയെ കൃഷിയെ പരിചയപ്പെടുത്തുന്നതിനും പുതിയൊരു കാർഷിക സംസ്കാരം വീണ്ടെടുക്കുന്നതിന് വേണ്ടിയുമാണ് നാട്ടൊരുമ സാശ്രയ സംഘം ഈ സംരംബത്തിലറങ്ങിയത്. 

കേരള ബാങ്ക് ഡയറക്ടർ ഇ. രമേഷ് ബാബു ഞാറു നടീൽ ഉദ്ഘാടനം ചെയ്തു. പന്നിക്കോട് കൃഷിഭവൻ കൃഷി അസിസ്റ്റന്റ് ശ്രീജയ് പഴയതും പുതിയതുമായ കാർഷിക രീതിയെ കുറിച്ച് വിദ്യാർഥികൾക്ക് ക്ലാസ് എടുത്തു. 

ഗ്രാമ പഞ്ചായത്ത് മെമ്പർ വി. ഷംലുലത്ത്, ഗിരീഷ് കാരക്കുറ്റി, എം.എ അബ്ദുറഹിമാൻ , സുൽഫിക്കറലി പി.പി, സുനിൽ പി പി, അബ്ദുസ്സലാം എ.പി, കെ.കെ സി റഷീദ്, ഹസീന ടീച്ചർ, ബിജു വിളക്കോട്, അബ്ദുറഹിമാൻ സി.കെ, കെ.ടി ഷാജഹാൻ, കുഞ്ഞോയി കാരക്കുറ്റി, ഹമീദ് പി.വി എന്നിവർ സംസാരിച്ചു. എം.കെ അബ്ദുസ്സലാം സ്വാഗതവും കെ.കെ.സി നാസർ നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli