Trending

കുട്ട്യാലി മാസ്റ്റർ: മാതൃകാ ഗുരുവര്യൻ.


✍🏻എ ആർ കൊടിയത്തൂർ.


ചരിത്രമുറങ്ങുന്ന ചെറുവാടി, കോഴിക്കോട് ജില്ലയിലെ മലപ്പുറം ജില്ലയുമായി ചാരി നിൽക്കുന്ന പ്രദേശം. മലബാർ സമരകാലത്ത് വെള്ളക്കാരുമായി നടന്ന രൂക്ഷ പോരാട്ടത്തിൽ 64 പേർ ഷഹീദ് ആയ നാടാണ് ചെറുവാടി.
കൊടിയത്തൂർ അംശം അധികാരി കട്ടയാട്ട് ഉണ്ണി മൊയ്തീൻ സാഹിബ് ആയിരുന്നു സമര നായകൻ. കേണൽ അനന്തന്റെ നേതൃത്വത്തിൽ വന്ന ബ്രിട്ടീഷ് പട്ടാളവുമായി ഏറ്റുമുട്ടി അദ്ദേഹവും സഹപ്രവർത്തകരും ചെറുവാടി പള്ളിമുറ്റത്തും പരിസരത്തും മരിച്ചു വീണു.

ആ സ്മരണ ഇന്ന് മനസ്സിലൂടെ ഓടിയെത്തിയത്, മാതൃകാ ഗുരുനാഥനും ഉത്തമ പൗര പ്രമുഖനുമായ പി. കുട്ട്യാലി മാസ്റ്ററുടെ അന്ത്യകർമ്മങ്ങൾ നിർവഹിക്കാനായി ചെറുവാടി പുതിയോത്ത് ജുമാഅത്ത് പള്ളിയിൽ ജന സഞ്ജയത്തോടൊപ്പം ഒത്തുകൂടിയപ്പോഴാണ്.

മുസ്ലിംകൾക്കിടയിൽ ഭൗതിക വിദ്യാഭ്യാസത്തിന് കാര്യമായ പ്രോത്സാഹനം ലഭിക്കാതിരുന്ന കാലത്ത്,അക്കാലത്തെ ഉന്നത വിദ്യാഭ്യാസം നേടി സൗത്ത് കൊടിയത്തൂരിലെ ന്യൂ സൗത്ത് സ്കൂളിൽ അധ്യാപകനായി സേവനം നടത്തി. സ്കൂളുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ടായപ്പോൾ പ്രസ്തുത സ്കൂൾ നശിപ്പിക്കപ്പെട്ടു.

അതിനുശേഷം 1956 ലാണ് കുട്ട്യാലി മാസ്റ്റർ എന്ന യുവത്വം തുടിക്കുന്ന അധ്യാപകൻ ചെറുവാടി ഗവൺമെന്റ് യു.പി സ്കൂളിൽ എത്തുന്നത്. ഒരാൾക്ക് ജീവിതത്തിൽ പരമാവധി ലഭിക്കാവുന്ന സർവീസുമായി മാസ്റ്റർ 1989 ൽ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു. അതിനിടയിൽ കുറ്റിച്ചിറ. യു പി സ്കൂൾ, നീലേശ്വരം യു പി സ്കൂൾ എന്നിടങ്ങളിൽ ജോലി ചെയ്യേണ്ടി വന്നിരുന്നു.

ഈ കുറിപ്പുകാരനെ നേരിട്ട് മാസ്റ്റർ പഠിപ്പിച്ചിട്ടില്ലെങ്കിലും, എന്റെ ഗുരുനാഥനും മോട്ടിവേറ്ററും ഉറ്റ സുഹൃത്തും ഒക്കെയായിരുന്നു കുട്ട്യാലി മാസ്റ്റർ. ചെറുവാടി ചെല്ലുമ്പോൾ അധികവും പള്ളിയിൽ വച്ചാണ് കണ്ടുമുട്ടുക. സലാം പറഞ്ഞു രണ്ടു വാക്ക് പറഞ്ഞ് ധൃതിയിൽ പോരാം എന്ന് വെച്ചാൽ മാഷിന് അതിഷ്ടമില്ല. അത്യാവ ശ്യ കാര്യങ്ങൾ എല്ലാം സംസാരിച്ചാലേ പിടിച്ച കൈ മാഷ് വിടുകയുള്ളൂ.

ആദ്യമായി ഞാൻ മിമ്പറിൽ കയറിയത് ചെറുവാടിയായിരുന്നു. അതിനുശേഷം സാർ എന്റെ മോട്ടിവേറ്റർ ആയിരുന്നു.എല്ലാം ഒരു മറയും കൂടാതെ പറഞ്ഞുതരും.

വിശുദ്ധ ഖുർആനിൽ ഒരു വചനമുണ്ട്: "ആകയാൽ, നിനക്ക് ഒഴിവ് കിട്ടിയാൽ നീ അധ്വാനിക്കുക"ഈ വചനത്തെ അന്വർത്ഥമാക്കുകയായിരുന്നു മാസ്റ്റർ. പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ സജീവമായിരുന്ന കുട്ട്യാലി മാസ്റ്റർ എന്ന മഹാ മനീഷി ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുന്നിലുണ്ടായിരുന്നു. ചെറുവാടിയിലും സമീപ പ്രദേശങ്ങളിലും കുട്ട്യാലി മാസ്റ്ററുടെ സാന്നിധ്യമില്ലാത്ത ഒരു നല്ല പരിപാടി നടന്നിരുന്നോ എന്ന കാര്യം സംശയമാണ്. നിറസാന്നിധ്യമായിരുന്നു അദ്ദേഹം.

കുറച്ചുകാലം മാസ്റ്ററുടെ നിഷ്കളങ്ക സേവനം വയനാട്ടുകാർക്ക് കിട്ടിയിരുന്നു.മുക്കം മുസ്ലീം ഓർഫനേജുകാരും വയനാട്ടിലെ സേവന തൽപരരായ സമ്പന്ന കുടുംബങ്ങളും ചേർന്ന് വയനാട് മുസ്ലിം ഓർഫനേജ് എന്ന സ്ഥാപനം മുട്ടിൽ, കുട്ടമംഗലത്ത് സ്ഥാപിച്ചു.അതിന്റെ സാരഥിയായിരുന്ന ജമാൽ സാഹിബിന്റെ ദീർഘവീക്ഷണത്തോടെയള്ള പ്രവർത്തനം സ്ഥാപനത്തെ ഉന്നത നിലയിൽ എത്തിച്ചു. യത്തീംഖാനക്കും അനുബന്ധ സ്ഥാപനങ്ങൾക്കും കാര്യമായ പുരോഗതിയില്ലാതിരുന്ന കാലത്താണ് കുട്ട്യാലി മാസ്റ്റർ കുട്ടമംഗലത്ത് എത്തുന്നത്.

ഓർഫനേജിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയി ആത്മാർത്ഥ സേവനം നടത്തി.
22 വർഷക്കാലം വയനാട്ടിലെ ഒരു എയ്ഡഡ് യുപി സ്കൂളിൽ ജോലി ചെയ്ത ഞാൻ അന്ന് കുട്ടമംഗലത്ത് ആയിരുന്നു താമസിച്ചിരുന്നത്. സ്വന്തം നാടിനേക്കാൾ എന്നെ ആകർഷിച്ച ഒരു പ്രദേശമാണത്. ശുദ്ധമനസ്കരായ ഒരുപറ്റം ജനങ്ങളോടൊപ്പം കുട്ട്യാലി മാസ്റ്ററും ചേർന്നു. വൈകുന്നേരങ്ങളിൽ ഞങ്ങൾ കണ്ടുമുട്ടാറുണ്ടായിരുന്നു.
 ജനമനസ്സുകളിൽ കുറേ നന്മകൾ വിതറിയാണ് കുട്ട്യാലി മാസ്റ്റർ യാത്രയായത്.

സോഷ്യൽ മീഡിയകളിൽ വന്ന മാസ്റ്ററെ പറ്റിയുള്ള കുറിപ്പുകൾ അതിന് സാക്ഷ്യം വഹിക്കുന്നു. സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്ററുടെ കുറിപ്പും, ടി പി എ സലാമിന്റെ ജീവിത ഗന്ധിയായ ഓർമ്മകളും നാസർ ചെറുവാടിയുടെ കുറിപ്പും മാത്രമാണ് ഞാൻ കണ്ടത്. അവയൊക്കെ തന്നെ മാസ്റ്ററുടെ വ്യക്തിപ്രഭാവത്തെ സാക്ഷ്യപ്പെടുത്തുന്നു.

മാധ്യമ പ്രവർത്തകനും ഗ്രന്ഥരചനാ പ്രോത്സാഹകനും സാമൂഹ്യ സംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ ബച്ചു ചെറുവാടി, ആൾ ഇന്ത്യ റേഡിയോയിൽ ഉന്നത രംഗത്ത് വിരാചിക്കുന്ന സലീം. റസിയ, സാബിറ എന്നിവർ മക്കളാണ്.

അബ്ദുൽ കരീം മാവൂർ, മുഹമ്മദ് കിളിക്കോട്ടിൽ- ചേന്നമംഗലൂർ, റസാഖ് മാസ്റ്ററുടെ പുത്രി ഹസീന,പൂനൂരിലെ ഷഹറുന്നിസ എന്നിവർ മുരുമക്കളാണ്.

അല്ലാഹു അദ്ദേഹത്തിന് സ്വർഗ്ഗ പൂങ്കാവനത്തിൽ ഉന്നത സ്ഥാനം നൽകിഅനുഗ്രഹിക്കുമാറാകട്ടെ.

mob : 9605848833
Previous Post Next Post
Italian Trulli
Italian Trulli