Trending

കീഴുപറമ്പിലെ ഖുർആൻ സംഗമം നവ്യാനുഭവമായി.



✍🏻എ.ആർ കൊടിയത്തൂർ.


മലപ്പുറം ജില്ലയിലെ അരീക്കോടിനടുത്ത കീഴുപറമ്പിലെ റോയൽ ഗ്രാൻഡ് കൺവെൻഷൻ സെന്റർ സ്ത്രീകളെയും കുട്ടികളെയുമായി നിറഞ്ഞു കവിഞ്ഞു. ഒരു വീട്ടിൽ നിന്നും തുടങ്ങിയ ബൈത്തുൽ ഖുർആൻ- എന്ന പേരിൽ അറിയപ്പെടുന്ന ഖുർആൻ പഠന വേദിയിലെ രണ്ടായിരത്തോളം പഠിതാക്കളും അധ്യാപകരും ലീഡേഴ്സും ഒന്നിച്ചു കൂടിയപ്പോൾ അത് വേറിട്ട ഒരു അനുഭവമായി.

വിശുദ്ധ ഖുർആൻ പഠന രംഗത്ത് ഇതുപോലൊരു സംഗമം കേരളത്തിൽ വേറെ ഉണ്ടായെന്നു വരില്ല.
കൊടിയത്തൂരിലെ പൗരപ്രമുഖനായിരുന്ന സിപി മുഹമ്മദ് സാഹിബിന്റെ മകൾ സുഹറാബി, കീഴുപറമ്പിലെ കുനിയൻ കുന്നത്ത് ഖയ്യും അലിയുടെ ഭാര്യയായി എത്തിയത് ഒരു നിയോഗമായിരിക്കാം.

കൃഷിയെ സ്നേഹിക്കുകയും താലോലിക്കുകയും ചെയ്യുന്ന ഖയ്യും സാഹിബ്‌ വീട്ടിലെത്തുമ്പോൾ കാണാറുള്ളത് സുഹ്റാബിയും കുറച്ചു സ്ത്രീകളും ഖുർആൻ പഠിക്കുന്നതും ചർച്ച ചെയ്യുന്നതും ആണ്. അദ്ദേഹവും മക്കളും ചേർന്ന് ഖുർആൻ പഠനത്തിൽ തൽപരരായ മഹതികൾക്കായി വീടിനു മുമ്പിൽ ഒരു പ്രത്യേക കേന്ദ്രം പണിതു.

കീഴുപറമ്പിൽ ഒതുങ്ങിയ ബൈത്തുൽ ഖുർആൻ പിന്നീട് നാടിന്റെ നാനാഭാഗത്തേക്കും വ്യാപിക്കുകയായിരുന്നു. എടുത്തു പറയേണ്ട ഒരു കാര്യം കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു മത സംഘടനയുമായും ഈ വേദിക്ക് ബന്ധമില്ല. എല്ലാവരുടെയും ഒത്താശയും ആശീർവാദവും സ്വീകരിക്കും എന്ന് മാത്രം. മൂന്നാമത്തെ സംഗമമാണ് ഇപ്പോൾ നടന്നത്.

തദ്‌രീബു തജ് വീദുൽ ഖുർആൻ (TTQ) എന്നൊരു ഖുർആൻ പഠന പദ്ധതി ബഹുമാനപ്പെട്ട നൗഷാദ് കാക്കവയൽ മൗലവിയുടെ നേതൃത്വത്തിൽ കേരളത്തിൽ നടന്നുവരുന്നുണ്ട്. ഇതിന് ഈജിപ്ഷ്യൻ ഖുർആൻ പാഠ്യപദ്ധതിയാണ് അവലംബം എന്നാണ് മനസ്സിലാകുന്നത്. ചെറിയ കുട്ടികളിൽ ഖുർആൻ സന്നിവേശിപ്പിക്കാൻ അൽ ഫിത്ത്റ എന്നൊരു പദ്ധതിയും കേരളത്തിലുണ്ട്. സി എ സഈദ് ഫാറൂഖിയുടെ ചിന്തകളും ഗവേഷണങ്ങളും ആണ് ഈ പദ്ധതി ഉയർന്ന വരാൻ കാരണമായത്.

സുഹ്റാബിയെ ഞങ്ങൾ ബന്ധുക്കൾ കുഞ്ഞാൾ എന്നാണ് സംബോധന ചെയ്യാറുള്ളത്. മൂന്നു നാല് കൂട്ടുകാരാണ് സുഹ്റാബിയുടെ ഇടവും വലവും ഉള്ളത്. സ്നേഹ സംഗമത്തിന്റെ വിജയത്തിനായി പ്രവർത്തിക്കാൻ ഖ യ്യൂമിന്റെ കുറച്ചു കൂട്ടുകാർ ആത്മാർത്ഥമായി പ്രവർത്തിക്കുന്നുണ്ട്. സുഹറാബിയുടെയും ഖയ്യൂമിന്റെയും ബന്ധുമിത്രാദികളെ ഈ പഠന പദ്ധതിയിലേക്ക് കോർത്തിണക്കിയിട്ടുണ്ട്. സ്നേഹ സംഗമത്തിലും ഒട്ടേറെ ബന്ധുമിത്രാദികളും നാട്ടുകാരുംപങ്കെടുത്തിട്ടുണ്ട്.വിദൂര പ്രദേശത്തുള്ള ധാരാളം പഠിതാക്കളും മറ്റും കീഴുപറമ്പിൽ ഒരുമിച്ചു കൂടി.

ഖുർആൻ പണ്ഡിതൻ നൗഷാദ് കാക്കവയലും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും സുഹറാബിയുടെ സഹോദരനുമായ സി.പി ചെറിയ മുഹമ്മദും തിരുവനന്തപുരത്തുള്ള ഷൈനി ബീഗവും സ്നേഹ സംഗമത്തിലെ വിശിഷ്ടാതിഥികളായിരുന്നു.

ഒരു വീട്ടിൽ നിന്നും തുടങ്ങിയ ഈ ഖുർആൻ പഠന പദ്ധതി പടർന്നു പന്തലിക്കുമ്പോൾ, അതിലെ ഉൽപ്പന്നങ്ങൾ നാടുനീളെ പരിലസിക്കുമ്പോൾ, നമുക്കേവർക്കും സായൂജ്യമടയാം. ദൈവീക പ്രീതി മാത്രം ലക്ഷ്യം വെച്ചുകൊണ്ട് മുന്നേറുന്ന ഈ സംഘത്തിൽ ഏവർക്കും കണ്ണികൾ ആവാം.

വിശുദ്ധ ഗ്രന്ഥം പഠിക്കുകയും അതിലെ ആശയങ്ങൾ സ്വാംശീകരിക്കുകയും ചെയ്യുമ്പോൾ, ഇവിടെ ആത്മീയതയുടെ മണിമുഴക്കം ഉണ്ടാവും. അവസാനമായി ഈ ലേഖകന് സൂചിപ്പിക്കാനുള്ളത്. ദൈവം അവതരിച്ചിരിക്കുന്ന വചനങ്ങളിൽ ചിന്തിക്കുകയും ഉറ്റാലോചിക്കുകയും ചെയ്യണമെന്ന് സ്രഷ്ടാവ് ആവശ്യപ്പെടുന്നു.

ഖുർആനിന്റെ അർത്ഥവും സാരവും മനസ്സിലാക്കി ഖുർആനിക ആശയങ്ങൾ, സ്വജീവിതത്തിൽ പകർത്തി മുന്നേറണം. ഓരോ വചനങ്ങളിലും അടങ്ങിയിരിക്കുന്ന ഉൾ സാരം മനസ്സിലാക്കണം നാം.
ഇവിടെ മൂന്ന് മഹത് വ്യക്തികളെ ഓർക്കാതിരിക്കാൻ നിർവാഹമില്ല. സുല്ലമുസ്സലാം അറബി കോളേജ് പ്രിൻസിപ്പാളും ഖുർആൻ പഠന പദ്ധതിയുടെ തുടക്കക്കാരനും ആയിരുന്ന കെ കെ മുഹമ്മദ് സുല്ലമി, ഖുർആനിക വചനങ്ങളെ മറ്റു ഖുർആനിക വചനങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട്, ആശയങ്ങളുടെ ആഴത്തിലേക്ക് ഇറങ്ങിച്ചെന്ന് വിശുദ്ധ ഖുർആനിനെ പഠിപ്പിച്ചിരുന്നു അദ്ദേഹം. അദ്ദേഹം ഉണ്ടാക്കിയ പാതയാണ് ഇന്നും കേരളക്കരയിൽ ഖുർആൻ പഠിതാക്കൾ പ്രയോഗവൽക്കരിച്ചു കൊണ്ടിരിക്കുന്നത്.

ഖുർആൻ പഠന രംഗത്തെ മഹാ മനീഷിയായിരുന്നു കെ സി അബൂബക്കർ മൗലവി. ഈയുള്ളവൻ ജാമിഅ സലഫിയ്യയിൽ രണ്ടുവർഷം പഠിച്ചപ്പോൾ, കെ. സിയുടെ ക്ലാസ്സ് ധന്യ പൂർണ്ണമായിരുന്നു. ഖുർആനും ശാസ്ത്രവും എന്ന വിഷയത്തിൽ കെ സി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് നിന്നും കണ്ണെടുക്കാൻ സമയം ഉണ്ടായിരുന്നില്ല. ഈ രണ്ട് മഹത് വ്യക്തിത്വത്തോടൊപ്പം അരീക്കോട് പ്രദേശത്ത് എത്തുമ്പോൾ ഏറ്റവും ഓർമ വരുന്നത് ശൈഖ് മുഹമ്മദ് മൗലവിയെയാണ്. കേരളത്തിലെ അറിയപ്പെടുന്ന പണ്ഡിതനായ അദ്ദേഹം കൊടിയത്തൂരിനടുത്ത കക്കാട് ആണ് ജനിച്ചതെങ്കിലും, അദ്ദേഹത്തിന്റെ തട്ടകം അരീക്കോടും ഉഗ്രപുരത്തും ആയിരുന്നു.

മുൻ കഴിഞ്ഞ മഹാ പണ്ഡിതന്മാരെ ഇടയ്ക്കിടക്ക് നാം ഓർക്കുമ്പോൾ, അതൊരു വല്ലാത്ത അനുഭൂതിയാണ്. വിശുദ്ധ വേദഗ്രന്ഥമായ ഖുർആനിലൂടെ നടന്നുപോകുന്ന ഏതൊരാൾക്കും വരാനിരിക്കുന്ന ജീവിതത്തിലേക്കുള്ള പാത തുറക്കപ്പെടും. ഖുർആനിലൂടെയുള്ള ഈ സഞ്ചാരം സ്വർഗ്ഗീയ ആരാമങ്ങളിലേക്കുള്ള വഴി എളുപ്പമാക്കിത്തർക്കും. തീർച്ച.
Previous Post Next Post
Italian Trulli
Italian Trulli