Trending

ഒരുക്കം പൂര്‍ണ്ണം; ആത്മ ജ്ഞാനത്തിന്‍റെ പത്ത് വസന്ത രാവുകള്‍ക്ക് ഇന്ന് തുടക്കം; കാന്തപുരം ഉസ്താദ് ഉദ്ഘാടനം ചെയ്യും.



ദശദിന ഖുര്‍ആന്‍ പ്രഭാഷണത്തിന്‍റെ ഭാഗമായി നഗരിയില്‍ നടന്ന പതാക ഉയര്‍ത്തലിന് ടി പി മുഹമ്മദ് കുട്ടി സഖാഫി നേതൃത്വം നല്‍കുന്നു.
കൊടിയത്തൂർ: ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയിലെ ആത്മീയോത്സവമായ ശാഫി സഖാഫി മുണ്ടമ്പ്രയുടെ ചെറുവാടി ദശദിന ഖുര്‍ആന്‍ പ്രഭാഷണത്തിന് ഇന്ന് തുടക്കം. ചെറുവാടിയിലെയും പരിസര വാസികളുടെയും കണ്ണും കാതും അറിവിന്‍റെ ആത്മ വസന്തത്തിലേക്ക് നയിക്കുന്ന പത്തു രാവുകള്‍ക്കായി ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യത്തോടൊപ്പം കാല്‍ ലക്ഷത്തോളം ആളുകള്‍ക്ക് പ്രഭാഷണം വീക്ഷിക്കാനുള്ള സൗകര്യമാണ് സംഘാടകര്‍ ഒരുക്കിയത്. വെെകീട്ട് 6.30ന് ആരംഭിച്ച് കൃത്യം 9.30 ഓടെ ഓരോ ദിവസവും പരിപാടി അവസാനിക്കും.

പരിസര പ്രദേശങ്ങളിലേക്ക് വാഹന സൗകര്യവും വിശാലമായ പാര്‍ക്കിംഗ് സംവിധാനവും ഒരുങ്ങിക്കഴിഞ്ഞു. ആത്മജ്ഞാനത്തിന്റെ ഹൃദയ സാന്നിധ്യം എന്ന ശീര്‍ഷകത്തിലാണ് പതിമൂന്നാമത് വാര്‍ഷിക പ്രഭാഷണം നടക്കുന്നത്.

തുടര്‍ച്ചയായ പന്ത്രണ്ട് വര്‍ഷം ഒരേ വേദിയില്‍ ഒരു പ്രഭാഷകന്‍ 120 മണിക്കൂര്‍ പ്രസംഗം എന്ന ചരിത്രം സൃഷ്ടിച്ച പ്രഭാഷണ പരമ്പര കൊവിഡ് സാഹചര്യത്തില്‍ 3 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് പുനരാരംഭിക്കുന്നത്. വിശുദ്ധ ഖുര്‍ആനിലെ മുപ്പത്തി മൂന്നാം അധ്യായമായ സൂറത്തുല്‍ അഹ്സാബ് ആണ്  ഈ വര്‍ഷത്തെ പ്രതിപാധ്യ വിഷയം.

വിവിധ ദിവസങ്ങളില്‍ പ്രമുഖ സാദാത്തീങ്ങളും പണ്ഡിതന്മാരും അനുഗ്രഹ പ്രഭാഷണം നടത്തും. പരിപാടി പൂര്‍ണ്ണമായും ഭിന്നശേഷി,വയോജന സൗഹൃദവുമായിരിക്കും.

തിരുനബിയുടെ വിവാഹ പശ്ചാത്തലം എന്ന വിഷയത്തിലാണ് ഇന്നത്തെ പ്രഭാഷണം. ഉദ്ഘാടന സംഗമത്തില്‍  സംഘാടക സമിതി ചെയര്‍മാന്‍ എന്‍ അലി അബ്ദുല്ല  അദ്ധ്യക്ഷത വഹിക്കും.

സയ്യിദ് കെ.എസ്.എ തങ്ങള്‍, അബ്ദുല്‍ ലത്വീഫ് മുസ്ലിയാര്‍ കുറ്റിക്കാട്ടൂര്‍, അഡ്വ. എ.കെ ഇസ്മായില്‍ വഫ, ഡോ. എം അബ്ദുല്‍ അസീസ് ഫെെസി, മജീദ് കക്കാട്, ഇ യഅ്ഖൂബ് ഫെെസി, ജി അബൂബക്കര്‍, അബ്ദുല്ല സഅദി ചെറുവാടി, നാസര്‍ ചെറുവാടി, കെ.ടി അബ്ദുല്‍ ഹമീദ്, യു.പി അബ്ദുല്‍ ഹമീദ്, കെ.ടി അബ്ദുല്‍ ജബ്ബാര്‍ സഖാഫി, സി.കെ ശമീര്‍, മജീദ് പൂത്തൊടി, അബ്ദുല്‍ ഹമീദ് സഖാഫി, അബ്ദുല്‍ വാഹിദ് സഖാഫി, ശാദില്‍ സഖാഫി, മുബശ്ശിര്‍ ബുഖാരി  തുടങ്ങിയവര്‍ സംബന്ധിക്കും. നഗരിയില്‍ നടന്ന പതാക ഉയര്‍ത്തലിന് സംഘാടക സമിതി വെെസ് ചെയര്‍മാന്‍ ടി.പി മുഹമ്മദ് കുട്ടി സഖാഫി നേതൃത്വം നല്‍കി.
Previous Post Next Post
Italian Trulli
Italian Trulli