Trending

സിറിയക് ജോണും കൊടിയത്തൂരും പിന്നെ കരീം കൊടിയത്തൂരും.



✍️ ഗിരീഷ് കാരക്കുറ്റി.

മുൻ കൃഷിമന്ത്രി ശ്രീ. പി സിറിയക്ക് ജോൺ (90) അന്തരിച്ചു.

കൊടിയത്തൂരിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ 1980 കളിലെ നിറസാന്നിധ്യമായിരുന്നു മുൻമന്ത്രി പി സിറിയക് ജോൺ,
കരീം കൊടിയത്തൂരിന്റെ നേതാവ് മാത്രമല്ല കൊടിയത്തൂരുമായി വലിയ ആത്മബന്ധം പുലർത്തിയിരുന്നദ്ദേഹം. അക്കാലങ്ങളിൽ കൊടിയത്തൂരിലെ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നേതൃത്വത്തിലെ പ്രധാനിയായിരുന്ന കരീമാക്ക സിറിയക് ജോണുമായുള്ള സൗഹാർദ്ദം മുറുകെപ്പിടിച്ച് നാടിന്റെ വികസനത്തിനായി ഒത്തൊരുമിച്ചപ്പോൾ, കൊടിയത്തൂരിലേക്ക് കാരക്കുറ്റി വഴി ആദ്യത്തെ കറുത്ത റോഡ് (ടാറിട്ട റോഡ്) യാഥാർത്ഥ്യമായി. ബാല്യകാലങ്ങളിൽ എന്നെപ്പോലുള്ളവർക്ക് കൗതുകമായിരുന്നു കല്ലമർത്തിയും ടാറിങ്ങും.

പിന്നീട് കോട്ടമുഴി പാലവും കൊടിയത്തൂർ - കക്കാട് കാരശ്ശേരി - മുക്കം റോഡും കോട്ടമുഴി കുടിവെള്ള പദ്ധതിയും വില്ലേജ് ഓഫീസ് കെട്ടിടവും പന്നിക്കോട് കൃഷിഭവനും സൗത്ത് മലബാർ ഗ്രാമീണ ബാങ്കും കൊടിയത്തൂരിൽ ജി.എം.എൽ.പി സ്കൂളിൽ 6, 7 ക്ലാസ്സ് തുടങ്ങിയപ്പോൾ കെട്ടിടവും അങ്ങനെ കൊടിയത്തൂരിന്റെ മുഖച്ഛായ മാറ്റിയ നിരവധി വികസന പ്രവർത്തനങ്ങൾക്ക് കരീമാക്ക ശ്രീ. സിറിയക് ജോണിനെ കൊണ്ട് തിരിതെളിയിച്ചു. 

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ ബൂത്ത് സെക്രട്ടറിയായി പ്രവർത്തിക്കാനുള്ള ഭാഗ്യം എനിക്കും ലഭിച്ചു. സ്നേഹവാത്സ്യത്തോടെയുള്ള അദ്ദേഹത്തിന്റെ പെരുമാറ്റവും നീട്ടി വലിച്ചുള്ള പ്രസംഗവുമെല്ലാം ഇന്നും ഓർക്കുകയാണ്.

അദ്ദേഹത്തിന്റെ ഇടപെടൽ നാട്ടിലെ നിരവധി ആളുകൾക്ക് സർക്കാർ ജോലി ലഭിക്കുകയുണ്ടായി.
 
മലയോര കുടിയേറ്റ കർഷകരുടെ നീറുന്ന പ്രശ്നങ്ങൾ നിയമ സഭക്കകത്തും പുറത്തും ഉന്നയിച്ച് കേരള രാഷ്ട്രീയത്തിൽ ജനശ്രദ്ധ പിടിച്ചുപറ്റിയ നേതാവായിരുന്നദ്ദേഹം.

അദ്ദേഹത്തിന്റെ വേർപാട് കൊടിയത്തൂർ കാർക്ക് കനത്ത നഷ്ടമാണ്. ആ ദീപ്ത സ്മരണക്കു മുമ്പിൽ കണ്ണീർ പ്രണാമം.
Previous Post Next Post
Italian Trulli
Italian Trulli