Trending

അറബി ഭാഷ - 2; അറബി ഭാഷയുടെ ജൈത്രയാത്ര.



✍🏻എ.ആർ കൊടിയത്തൂർ

ലോകത്തിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള ലിപിയാണ് അറബി ലിപി. പേർഷ്യൻ, ഉർദു, തുർക്കി, പുഷ്ട്ടു, സ്വാഹിലി, ജാവി -- ഈ ഭാഷകളെല്ലാം അറബി ലിപിയിൽ ആണ് എഴുതുന്നത്. വാസ്കോഡഗാമയും കൊളംബസും ലോക സഞ്ചാരത്തിന്നു ഉപയോഗിച്ച ഭൂപടത്തിന്റെ ഭാഷയാണിത്. കൊളംബസ് തന്റെ യാത്രയിൽ അറബി അറിയുന്ന ഒരു ജൂതനെ കൂടെ കൂട്ടിയിരുന്നു. ക്യൂബയിൽ എത്തി ഗോത്ര തലവനുമായി സംസാരിച്ചത് അറബിയിൽ ആയിരുന്നു.

ലോകത്ത് എവിടെപ്പോയാലും അറബി സംസാരിക്കുന്നവരെ കണ്ടെത്താം. ഇന്ത്യയിൽ ഒന്നര ലക്ഷത്തോളം കയ്യെഴുത്ത് പ്രതികൾ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. അതിൽ 40% വും അറബി ഭാഷയിൽ ഉള്ളതാണ്. ഇന്ത്യൻ ദാർശനിക ഗ്രന്ഥങ്ങൾ അറബിയിലേക്ക് വിവർത്തനം ആരംഭിച്ചത് അബ്ബാസിയ ഭരണകർത്താക്കളിൽ പെട്ട ഖലീഫ മൻസൂറിന്‍റെ കാലത്താണ്.

"സിദ്ധാന്ത"യാണ് അറബിയിലേക്ക് ആദ്യമായി വിവർത്തനം ചെയ്ത സംസ്കൃത ഗ്രന്ഥം. രാമായണം, മഹാഭാരതം മുതലായ ഭാരതീയ ഇതിഹാസങ്ങൾ അക്കാലത്ത് തന്നെ അറബിയിൽ വിവർത്തനം ചെയ്യപ്പെട്ടിരുന്നു. കേന്ദ്രസർക്കാർ സ്ഥാപനമായ ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് "സഖാഫത്തുൽ ഹിന്ദ്" എന്ന പേരിൽ ഒരു ജേർണൽ വർഷങ്ങളായി പുറത്തിറക്കി കൊണ്ടിരിക്കുന്നുണ്ട്.

ഡോ: ത്വാഹാ ഹുസൈൻ, തൗഫീഖുൽ ഹക്കീം, നജീബ് കീലാനി, നജീബ് മഹ്ഫൂസ്, ജിബ്രാൻ ഖലീൽ ജിബ്രാൻ, ഈ ലിയ അബൂ മാളി, മീഖായേൽ നുഐമ, തുടങ്ങിയ ധാരാളം അറബി സാഹിത്യകാരന്മാർ ഉണ്ട്. ഇതൊരു വലിയ ലിസ്റ്റ് ആണ്. ഈ ഒരു ലേഖനത്തിൽ അവരെയെല്ലാം പ്രതിപാദിക്കുക പ്രയാസമാണ്. അറബി ഭാഷയുടെ പോരിശകൾ ഇനിയും ഏറെ പറയാനുണ്ട്. ദൈവം ഉതകിയാല്‍ ബാക്കി അടുത്ത ദിവസം.
Previous Post Next Post
Italian Trulli
Italian Trulli