Trending

ഒരുപാട് പേരെ ചായ കുടിപ്പിച്ചു ഉമ്മർട്ടിയാക്ക യാത്രയായി.



✍🏻എ.ആർ കൊടിയത്തൂർ.

വിദ്യ നേടണമെങ്കിൽ ഇത്തിരി പ്രയാസങ്ങളൊക്കെ അനുഭവിക്കണം. സ്കൂളിൽ ചേരുമ്പോൾ കുന്നുകയറി സ്കൂൾ മുറ്റത്തെത്തിയപ്പോൾ ഒരു നെടുവീർപ്പ് ആയിയിരുന്നു. പടച്ചവനെ, എന്നും ഈ കുന്ന് കയറണമല്ലോ. മുമ്പുള്ളവരൊക്കെ ഇത്രയും സാഹസം സഹിച്ചിട്ടുണ്ടാവുമോ.. സൗത്ത് കൊടിയത്തൂരിൽ നിന്നും എളുപ്പവഴിയായി എള്ളങ്ങൾ ഭാഗത്തുകൂടെ തെയ്യത്തും കടവിൽ എത്തും.

ഇരുവഴിഞ്ഞി പുഴയുടെ അടുക്കലെത്തുമ്പോൾ ഒന്ന് നിന്ന് ശ്വാസം വിടും. സാധാരണ കാ ലാവസ്ഥയിൽ വലിയ പ്രശ്നമില്ല. തോണിക്കോരൻ ഓരോരുത്തരെയും തോണിയിലേക്ക് കയറ്റി അടങ്ങിയിരിക്കാൻ പറയും. ആരെങ്കിലും ഒന്ന് ഇളകുകയോ എഴുന്നേൽക്കുകയോ ചെയ്താൽ അയാളുടെ കയ്യിലുള്ള നീണ്ട മുളവടി ശബ്ദിക്കും.

തോണിക്കൂലി പിന്നീട് കൊടുത്താൽ മതി. അതിനുവേണ്ടി ഒരു കുറിക്കല്യാണം നടത്തും. വെള്ളം കര കവിഞ്ഞൊഴുകുമ്പോഴാണ് മനസ്സിൽ ആളിക്കത്തലുകൾ ഉണ്ടാവുക. തോണി കുറേ ദൂരം മേലോട്ട് പോയി താഴോട്ട് ഒഴുക്കും ആ ഒഴുക്കിലാണ് നമ്മുടെ പ്രിയപ്പെട്ട ബിപി മൊയ്തീൻ ഒലിച്ചു പോയത്.

ഞങ്ങളുടെ ഒരു അയൽവാസി നാട്ടിക്കല്ലിങ്ങൽ ചിന്നനും ഓർമ്മയായത് അവിടെയാണ്. ഇപ്പോൾ മറ്റൊരു സഹോദരൻ മുങ്ങി പോയിട്ട് ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. തോണി കടന്ന് കുറുക്കുവഴിയിലൂടെ നടന്ന് കയറ്റത്തിന് താഴെ എത്തുമ്പോൾ മലയാളം പണ്ഡിറ്റ് പരമേശ്വരൻ സാറും അറബി പണ്ഡിതൻ കെ ട്ടി മൗലവിയും വരാൻ കാത്തിരിക്കും.

അവരോടൊപ്പം കയറ്റം കയറിയാൽ കയറുന്നത് നമ്മൾ അറിഞ്ഞിരുന്നില്ല. ഓരോ കാര്യങ്ങൾ പറഞ്ഞ് കയറിപ്പോകും. പറയുന്നതൊക്കെ തന്നെ അറിവ് വർദ്ധിക്കാൻ ഉതകുന്നത് ആയിരുന്നു. ഇന്റർവെൽ സമയത്ത് എല്ലാവരും കൂടെ ഉമ്മർട്ടിയാക്കയുടെ ചായക്കടയിൽ ഒരുമിച്ചു കൂടും. കായപ്പത്തിന് അന്ന് ബോംബ് എന്നാണ് പറഞ്ഞിരുന്നത്. ചായ കുടിച്ചും കായപ്പം തിന്നും, പൈസയും കൊടുത്ത് ഞങ്ങൾ നീങ്ങും. പൈസ കൊടുക്കാതെ മുങ്ങുന്ന വില്ലന്മാരെ ഞാൻ ധാരാളം കണ്ടിട്ടുണ്ട്. ഏതെങ്കിലും ദിവസം സമരം ഉണ്ടായാൽ അന്ന് കെങ്കേമമായി.

ഉണ്ടാക്കിയ ഉണ്ട മുഴുവൻ ബാക്കിയായി. കിട്ടുന്ന പൈസക്ക് ഉമർടിയാക്ക അത് വിറ്റു. എനിക്ക് ഉമ്മ പാത്രത്തിൽ ആക്കി തരുന്ന ഭക്ഷണം സ്വാദോട് കഴിക്കും. പക്ഷേ എനിക്കൊക്കെ അസൂയ ഉണ്ടാക്കിയ ഒരു കാര്യമുണ്ടായിരുന്നു അവിടെ. ഹോസ്റ്റൽ കുട്ടികൾക്ക് നല്ല ഭക്ഷണം കൊണ്ടു വന്ന് ഉച്ചക്ക് കൊടുക്കും അതിന്റെ വാസന മൂക്കിലടിക്കുമ്പോൾ വല്ലാത്തൊരു അസ്വസ്ഥതയായിരുന്നു. ഉമ്മർട്ടിയാക്ക ചായ കുടിച്ച് പൈസ കൊടുക്കാതെ മുങ്ങുന്നവരെ ഒന്നും പിടിക്കാറില്ല. അതൊക്കെ അദ്ദേഹത്തിന്റെ ജാരിയായ സ്വദക്കയായിരിക്കും
സ്കൂൾ പഠനം കഴിഞ്ഞും പലപ്പോഴും ഞാൻ ഉമ്മർട്ടിയാക്കയെ കണ്ടിട്ടുണ്ട്..

അദ്ദേഹത്തിന്റെ മകൾ നാദിറയെ വിവാഹംചെയ്തയച്ചത് എന്റെ വീടിന്റെ തൊട്ടടുത്തേക്കാണ്. മണക്കാടിയിൽ വീരാൻ കുട്ടിസാഹിബിന്റെ ഭാര്യ. ഉമ്മർട്ട്യാക്ക ഓർമ്മയാകുമ്പോൾ എത്രയോ ഓർമ്മകളെയാണ് ഇവിടെ ബാക്കിയാക്കിയത്. എന്തായാലും നിഷ്കളങ്ക സ്വഭാവത്തിന്റെ ഉടമയായ അദ്ദേഹത്തിന്റെ ചിത്രം എല്ലാവരുടെയും മനസ്സിൽ ഉണ്ടാകും.

എന്തോ അപകടത്തിൽ ഒരു കൈ നഷ്ടപ്പെട്ട ഹസ്സൻ സാഹിബ് ആ ഒരു കൈകൊണ്ട് വെള്ളം കോരുന്നത് പലപ്പോഴും അത്ഭുതത്തോടെ നോക്കിയിരുന്നു. ഉമ്മർട്ട്യാക്ക വലിയ പുണ്യമായിരുന്നു ചെയ്തിരുന്നത്. ഉച്ചക്ക് മുമ്പുള്ള ഒരു താൽക്കാലിക ആശ്വാസമായിട്ടാണ് ഞങ്ങളൊക്കെ അതിനെ കണ്ടത്. ചായക്കടയിൽ വന്ന് ചായ കുടിക്കാനും ഉണ്ട വാങ്ങാനും കഴിയാത്ത എത്രയോ പേര് ദൂരെ മാറി നിൽക്കുന്നുണ്ടാവും.

വിടപറഞ്ഞത് നല്ലൊരു അന്നദാതാവ് ആയിരുന്നു ജഗന്നിയന്താവ് അവന്റെ പറുദീസയിൽ അദ്ദേഹത്തിന് ഇടം നൽകട്ടെ. എല്ലാവരിലും ശാന്തിയും സമാധാനവും ഉണ്ടാവട്ടെ.
Previous Post Next Post
Italian Trulli
Italian Trulli