തിരുവനന്തപുരം: പൊതുവിഭ്യാഭ്യാസ വകുപ്പില്‍ കേരളം കൈവരിച്ചത് അഭിമാനകരമായ നേട്ടമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. ഈ നേട്ടങ്ങള്‍ കാത്ത് സൂക്ഷിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ കഠിനപ്രയത്നം നടത്തണം. പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ക്കടുത്തെത്താൻ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ ഓഫീസര്‍മാരുടെ സംസ്ഥാനതല ശില്പശാല തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാ കാലത്തും മറ്റ് സംസ്ഥാനങ്ങള്‍ മാതൃകയാക്കാൻ ശ്രമിക്കുന്നതും കേരളത്തെയാണ്. സ്‌കൂള്‍ പ്രായത്തിലുള്ള എല്ലാവരും സ്‌കൂളില്‍ ചേരുന്നതും, കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഏറ്റവും കുറവുള്ളതും, ചേര്‍ന്ന കുട്ടികള്‍ ഏതാണ്ടെല്ലാവരും 12-ാം ക്ലാസ് പൂര്‍ത്തീകരിക്കുന്നതും, ഓരോ ക്ലാസിനും ഓരോ പരിശീലനം ലഭിച്ച അധ്യാപകര്‍ ഉള്ളതുമെല്ലാം സംസ്ഥാനത്തിന്റെ ഏറ്റവും വലിയ ശക്തിയാണെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന വിദ്യാലയങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് ഈ സര്‍ക്കാര്‍ എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. സര്‍ക്കാര്‍ നാല് മിഷനുകളെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ഒന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ആയിരുന്നു. ആ മിഷന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യവികസനത്തില്‍ വൻകുതിച്ചുചാട്ടമാണ് ഉണ്ടായത്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും പൊതുവിദ്യാലയങ്ങളെ മാറ്റി സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് പച്ചക്കൊടി വീശുന്ന കാലത്താണ് കേരളം മാറി ചിന്തിച്ചത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ ഏതാണ്ട് 3800 കോടിയുടെ നിക്ഷേപമാണ് ഈ മേഖലയില്‍ നടത്തിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഭൗതിക സൗകര്യവികസനത്തില്‍ മാത്രം ഒതുങ്ങേണ്ടതല്ല ഇന്നത്തെ വിദ്യാഭ്യാസം എന്നും മന്ത്രി പറഞ്ഞു. അക്കാദമിക ഗുണമേന്മയും വേണം. അക്കാദമിക രംഗത്ത് ചില തിരുത്തലുകള്‍ വരുത്തി പോകേണ്ടതുണ്ട്. ഈ തിരുത്തലുകള്‍ക്കാണ് മുൻഗണന നല്‍കേണ്ടതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.