Trending

പ‌ലസ്തീൻ ഐക്യദാർഢ്യം: മുസ്ലീം ലീ​ഗ് മനുഷ്യാവകാശ മഹാറാലി ഇന്ന് കോഴിക്കോട്; ശശി തരൂർ ‌പങ്കെടുക്കും.



കോഴിക്കോട്: പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുസ്ലീം ലീഗ് നടത്തുന്ന മനുഷ്യാവകാശ മഹാറാലി ഇന്ന് കോഴിക്കോട്. കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ റാലിയിൽ പങ്കെടുക്കും. ഇന്ന് വൈകിട്ട് ആണ് റാലി നടത്തുക. റാലിയിൽ രാഷ്ട്രീയമില്ലെന്നും പലസ്തീൻ ജനതയ്ക്കുള്ള ഐക്യദാർഢ്യം മാത്രമാണെന്നും മുസ്ലിം ലീ​ഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. റാലിയിൽ മുസ്ലിം ലീ​ഗുകാരായ എല്ലാവർക്കും പങ്കെടുക്കാമെന്ന് മുസ്ലിം ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. വഖഫ് സമ്മേളനത്തിന് സമാനമായ സമ്മേളനം നടത്തുമെന്നും പിഎംഎ സലാം പറഞ്ഞിരുന്നു.

പലസ്തീൻ വിഷയത്തിൽ എല്ലാവരും അവരവരുടെ പ്രതിഷേധം അറിയിക്കണമെന്ന് മുസ്ലിം ലീ​ഗ് നേതാവ് എം കെ മുനീർ എംഎൽഎ ആവശ്യപ്പെട്ടു. യൂത്ത് ലീഗിന്റെ പലസ്തീൻ ഐക്യദാർഢ്യത്തിനെതിരെ കേസെടുത്തതിൽ അത്ഭുതമുണ്ടെന്നും എം കെ മുനീർ പറഞ്ഞു. പിണറായി ഏത് പക്ഷത്താണ്?. നിലപാടും പ്രവൃത്തിയും രണ്ടാവുന്നു. പിണറായിക്ക് പ്രതിഷേധങ്ങൾ അലർജിയാണ്. എല്ലാം തങ്ങൾക്കെതിരെയാണെന്ന് പിണറായിക്ക് തോന്നുന്നുവെന്നും എം.കെ മുനീർ വിമർശിച്ചു.

എല്ലാവരെയും കൂട്ടി പരിപാടി നടത്തൽ മുസ്ലീം ലീഗിന്റെ മാത്രം ബാധ്യതയാണോ എന്നും എം.കെ മുനീർ ചോദിച്ചു. ലീഗിന്റെ ബഹുഭൂരിപക്ഷം പേരും സമസ്തയാണ്. ഉന്നത തലത്തിൽ സമസ്തയും ലീഗും തമ്മിൽ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. സമസ്ത മത സംഘടനയാണ്. ലീഗ് രാഷ്ട്രീയ സംഘടനയും. അതിന്റേതായ വ്യത്യാസങ്ങളുണ്ടാവും. ഒരു കാര്യത്തിന് വിളിച്ചാൽ സമസ്ത പോകുന്നതിൽ തങ്ങൾക്ക് എതിർപ്പില്ല. എന്നാൽ പിണറായി വിജയൻ ഇതെല്ലാം കലക്കാൻ ശ്രമിക്കുകയാണ്. സമസ്തയ്ക്കും ലീഗിനും അവരവരുടേ‌തായ സ്വാതന്ത്ര്യം ഉണ്ടെന്നും മുനീർ വ്യക്തമാക്കി.

പലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമസ്തയും റാലി നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ പ്രാർത്ഥന യോഗം നടത്താനാണ് സമസ്തയുടെ പുതിയ തീരുമാനം.
Previous Post Next Post
Italian Trulli
Italian Trulli