✍🏻റഫീഖ് കുറ്റിയോട്ട്.
കൊടിയത്തൂർ: അടുത്തടുത്ത ദിവസങ്ങിലായി കൊടിയത്തൂരിലെ കുയ്യിൽ പരേതരായ ആലിഹസ്സൻ - ആയിശ മതിയംകല്ലിങ്ങൽ ദമ്പതികളുടെ മകളുടെയും മരുമകളുടെയും മരണം നാടിനെയൊന്നാകെ നൊമ്പരപ്പെടുത്തുന്നതായി. മകൾ സാറ എസ്.എസ്.എൽ.സി ക്ക് ശേഷം ബീർമനക്കണ്ടി ടി.കെ ആമിനയോടൊപ്പം വാടാനപ്പള്ളി ഇസ്ലാമിയാ കോളേജിലെത്തുകയും 3 വർഷത്തെ എ.ഐ.സി കോഴ്സിനുശേഷം മെഡിക്കൽ ഫീൽഡിൽ ചേർന്ന് നഴ്സ് ജോലിയിൽ പ്രവേശിക്കുകയുമായിരുന്നു.
ദീർഘകാലം സൗദിയിലെ താഇഫ് ഹോസ്പിറ്റലിൽ ജോലി ചെയ്ത അവർ കുടുംബത്തിന്റെ പ്രധാന അത്താണിയായിരുന്നു. സൈനബ, അബ്ദുറഹ് മാൻ, സുലൈഖ, റഷീദ്, ഷരീഫ, ശാഹിന, ശിഹാബ്, ശഹർബാൻ എന്നീ സഹോദരങ്ങളെയും പ്രിയതമൻ തൊട്ടടുത്ത പ്രദേശമായ കൂളിമാടിലെ ഫാർമസിസ്റ്റ് എൻ.എം അഹ്മദ് സലീം, മക്കളായ റൈഹാന, റംഷാന എന്നിവരെയും ബന്ധുജനങ്ങളെയും നാട്ടുകാരെയും കണ്ണീരണിയിച്ചാണ് 57-ാം വയസ്സിൽ ഷുഗർ വില്ലനായി വന്ന് അനുബന്ധ രോഗങ്ങൾ പിടിപ്പെട്ട് അവർ യാത്രയായത്.
ഇവരുടെ മരണം കഴിഞ്ഞ് നാലാം നാളാണ് മൂത്ത സഹോദരൻ അബ്ദുറഹ്മാന്റെ ഭാര്യ സുലൈഖ കാരാട്ടുപാറമ്മലിന്റെ വേർപാട്. 54 വയസ്സ് പ്രായമേ ആയിട്ടുണ്ടായിരുന്നുള്ളൂ അവർക്ക്. മാടത്തിങ്ങൽ കുടുംബത്തിലെ ചേന്ദമംഗല്ലൂർ ഉമ്മയ്യ എന്ന പെണ്ണാച്ചിയുടെ കക്കാടിലെ പേരക്കുട്ടിയായിരുന്നു സുലൈഖ. നീണ്ട ഇരുപത് വർഷമായി തൊണ്ട ഭാഗത്ത് കാൻസർ ബാധിതയായി. സംസാരശേഷി നഷ്ടപ്പെട്ട് അവർ ജീവിച്ചു വരികയായിരുന്നു.
കിടപ്പിലാവാതെ, സ്വന്തം കാര്യങ്ങളും വീട്ടുകാര്യങ്ങളും നിർവഹിച്ചു വരുന്നതിനിടെയാണ് പൊടുന്നനെ യാത്ര ചൊല്ലലുണ്ടായത്. അസുഖ ബാധിതയായിരിക്കെ തന്റെ മൂന്നു മക്കളുടെയും വിവാഹം നടന്നു കാണാനും മരുമക്കളുടെയും പേരക്കുട്ടിയുടെയും പരിലാളനകൾ ഏറ്റുവാങ്ങാനും അവർക്ക് സൗഭാഗ്യമുണ്ടായി.
ഭർത്താവ് അബ്ദുറഹ്മാൻ, മക്കൾ ജിൻസി, ജബീന, യാസീൻ, മരുമക്കൾ ജംഷീർ, അയ്യൂബ്, ആയിഷ ഹിബ, മറ്റു ബന്ധുക്കൾ എന്നിവരെ കണ്ണീരണിയിച്ചാണ് പ്രിയപ്പെട്ടവൾ കണ്ണടച്ചത്. ഇരുപേരുടെയും വിട പറച്ചിൽ മൂലം ദു:ഖമനുഭവിക്കുന്ന കുടുംബങ്ങൾക്കും ബന്ധുക്കൾക്കും അല്ലാഹു ക്ഷമയുടെ പ്രതിഫലം വർധിപ്പിച്ചു നൽകുമാറാകട്ടെ.
ഇരു പേർക്കും നാഥൻ പാപങ്ങൾ പൊറുത്തു കൊടുത്ത്, സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ.ആമീൻ