Trending

സ്‌നേഹിൽ കുമാർ സിംഗ് ജില്ലാ കലക്ടറായി ചുമതലയേറ്റു.



കോഴിക്കോട് ജില്ലയുടെ പുതിയ കലക്ടറായി സ്‌നേഹിൽകുമാർ സിംഗ് ചുമതലയേറ്റു. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ കലക്ടറേറ്റിലെത്തിയ അദ്ദേഹത്തെ സബ് കലക്ടർ വി ചെൽസാസിനി, അസിസ്റ്റന്റ് കലക്ടർ പ്രതീക് ജെയിൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. 2017 ൽ അസിസ്റ്റന്റ് കലക്ടറായിരുന്ന കാലം മുതൽ കോഴിക്കോട് തനിക്ക് ഏറെ പ്രിയപ്പെട്ട ഇടമാണെന്ന് അദ്ദേഹം പറഞ്ഞു. പൊതുജന പങ്കാളിത്തത്തോടെ ഭരണ നിർവഹണം സാധ്യമാക്കുന്നതിൽ കോഴിക്കോട് മാതൃകയാണ്.


ജില്ലയെ മാലിന്യമുക്തമാക്കുന്നതിനാണ് തന്റെ പ്രഥമ പരിഗണനയെന്നും ഇതിനായി പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണം ആവശ്യമാണെന്നും കലക്ടർ പറഞ്ഞു. വ്യവസായ, ടൂറിസം മേഖലകളിലെ ജില്ലയുടെ വളർച്ചക്കും ഊന്നൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.


ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി പ്രവർത്തിക്കുകയായിരുന്ന സ്‌നേഹിൽകുമാർ സിംഗ് ഐടി മിഷൻ ഡയറക്ടർ, കണ്ണൂർ ജില്ലാ വികസന കമ്മീഷണർ, ഫോർട്ട് കൊച്ചി സബ് കലക്ടർ, കോഴിക്കോട് അസിസ്റ്റൻറ് കലക്ടർ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. 2016 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. റൂർഖീ ഐഐടിയിൽനിന്ന് സിവിൽ എഞ്ചിനീയറിംഗ് ബിടെക് ബിരുദവും ന്യൂദൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽനിന്ന് പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ മാസ്റ്റർ ബിരുദവും നേടിയിട്ടുണ്ട്.


ഉത്തർ പ്രദേശിലെ ഗാസിയാബാദ് സ്വദേശിയാണ് റിട്ട എഞ്ചിനീയർ പ്രവീന്ദ്രകുമാറിന്റെയും വന്ദനയുടെയും മകനായ സ്‌നേഹിൽകുമാർ സിംഗ്. ഭാര്യ അസ്മിതക്കും എട്ട് മാസം പ്രായമുള്ള മകൾക്കുമൊപ്പമാണ് അദ്ദേഹം എത്തിയത്.
Previous Post Next Post
Italian Trulli
Italian Trulli