Trending

അഡ്രിനാലിൻ' ലൂണ; 'ഡയമണ്ട്' ഡയമണ്ടക്കോസ്; ഒഡീഷയെ തകർത്ത് ബ്ലാസ്റ്റേഴ്സ്.



കൊച്ചി: ഐ.എസ്.എല്ലിൽ കൊച്ചിയിൽ തോൽവി അറിയാതെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ തേരോട്ടം. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ഒഡീഷയെ തകർത്തത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഒഡീഷ ലീഡ് ചെയ്തു. 15-ാം മിനിറ്റിൽ ബ്രസീലിയൻ താരം ഡീ​ഗോ മൗറീഷ്യോയാണ് ആദ്യ ​ഗോളടിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ രണ്ട് പ്രതിരോധ താരങ്ങൾക്കിടയിലൂടെ ഓടിക്കയറിയ ​ഡീ​ഗോ മൗറീഷ്യോ ആദ്യ ​ഗോളടിച്ചു. ​ബ്രസീലിയൻ താരത്തെ തടയാൻ ശ്രമിച്ച ബ്ലാസ്റ്റേഴ്സ് കീപ്പർ സച്ചിന്റെ കൈയ്യിൽ നിന്നും പന്ത് വഴുതി വലയിലേക്കെത്തി.

19-ാം മിനിറ്റിൽ വീണ്ടും മുന്നിലെത്താനുള്ള അവസരം ഒഡീഷ എഫ്സി കള‍ഞ്ഞുകുളിച്ചു. ഇസാക് റാൾട്ടെയെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീക്വിക്ക് ഒഡീഷ ആദ്യം നശിപ്പിച്ചു. അഹമ്മദ് ജഹായുടെ കിക്ക് ​ക്രോസ്ബാറിൽ തട്ടി തിരികെ വന്നു. പക്ഷേ ബ്ലാസ്റ്റേഴ്സിന്റെ നവോച സിം​ഗ് പന്ത് കൈകൊണ്ട് തട്ടിമാറ്റാൻ ശ്രമിച്ചു. ഇതോടെ ഒഡീഷയ്ക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. പക്ഷേ ഇത്തവണ സച്ചിൻ സുരോഷ് രക്ഷകനായി. ഡി​ഗോ മൗറീഷ്യയുടെ പെനാൽറ്റിയും പിന്നാലെ ഇസാക് റാൾട്ടെയുടെ ​​ഗോൾശ്രമവും ഡബിൾ സേവിലൂടെ സച്ചിൻ രക്ഷപെടുത്തി.

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ​വീണ്ടും സച്ചിന്റെ കിടിലൻ സേവ് ഉണ്ടായി. ഡീ​ഗോ മൗറീഷ്യയ്ക്ക് സച്ചിനെ മാത്രമാണ് മുന്നിൽകിട്ടിയത്. സച്ചിന്റെ സേവിന് പിന്നാലെ റഫറി ഓഫ്സൈഡ് ഫ്ലാ​ഗും ഉയർത്തി. മത്സരത്തിൽ പിന്നിലായ ശേഷം ​സമനില ​ഗോൾ കണ്ടെത്താനുള്ള തുടർച്ചയായ ശ്രമങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ ഭാ​ഗത്ത് നിന്നുണ്ടായി. പക്ഷേ അഡ്രിയാൻ ലൂണയെയും സംഘത്തെയും ഒഡീഷ താരങ്ങൾ പ്രതിരോധിച്ചു. ആദ്യ പകുതിയിൽ ബോൾ പൊസഷനിൽ ഇരുടീമുകളും ഏകദേശം തുല്യത പാലിച്ചു.

രണ്ടാം പകുതിയുടെ തുടക്കം മുതല്‍ സമയം നശിപ്പിക്കാനായിരുന്നു ഒഡീഷ തീരുമാനിച്ചത്. ഇതോടെ 57-ാം മിനിറ്റിൽ ദിമിത്രിയോസ് ഡയമന്റക്കോസിനെ പരിശീലകൻ ഇവാൻ വുകാമനോവിച്ച് കളത്തിലേക്ക് ഇറക്കി. 66-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരുന്ന നിമിഷമെത്തി. ദിമിത്രിയോസ് ഡയമന്റക്കോസ് സൂപ്പർ സബായി മാറി. ഡയമന്റക്കോസിന്റെ ഷോട്ട് ഒഡീഷ ​ഗോൾകീപ്പർ അമരീന്ദർ സിം​ഗിനെ മറികടന്ന് ​വലയിൽ കടന്നു. മത്സരം 1-1ന് സമനിലയായി.

84-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയ​ഗോൾ എത്തി. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയാണ് കേരളത്തിനായി ​ഗോൾ നേടിയത്. ലൂണയുടെ വലംകാലിൽ നിന്നുയർന്ന ഷോട്ട് തടയാൻ ഓടിയെത്തിയ അമരന്ദീർ സിം​ഗിന് സാധിച്ചില്ല. ഇതോടെ ​ബ്ലാസ്റ്റേഴ്സ് 2-1ന് മുന്നിലെത്തി. അവസാന നിമിഷം ഒഡീഷ സമനിലയ്ക്ക് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇവാൻ വുകാമനോവിച്ച് തിരികെ വന്ന ആദ്യ മത്സരത്തിൽ മഞ്ഞപ്പടയ്ക്ക് ആവേശ ജയം.
Previous Post Next Post
Italian Trulli
Italian Trulli