✍️ ഗിരീഷ് കാരക്കുറ്റി.
അടുത്തകാലത്തെ പരിചയം കൊണ്ടു തന്നെ കറുത്ത പറമ്പിലെ വേണപാറക്കൽ മുഹമ്മദലിക്ക എൻ്റെ സൗഹൃദ വലിയത്തിനകത്തായി.
ലാംഡയിലേക്ക് കലക്ഷനെടുക്കാൻ വരുന്ന എന്നോട് വലിയ ബഹുമാനമായിരുന്നദ്ദേഹത്തിന്.
സൗമ്യമായ പെരുമാറ്റം, പുഞ്ചിരിക്കുന്ന മുഖം മനസ്സിൽ നിന്നുമായുന്നില്ല .
നാട്ടിലും വിദേശത്തും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വളയം പിടിച്ചു തളർന്ന നേരം ലാംഡ സ്റ്റീൽസ് മുക്കം ബ്രാഞ്ചിലെ സെക്യൂരിറ്റി ജീവനക്കാരന്റെ വേഷം ധരിച്ച് പ്രതീക്ഷകളോടെ ജീവിതയാത്രയുടെ പടവുകൾ കയറുമ്പോൾ ലക്ഷ്യം തെറ്റി കാലിടറി ഇത്ര പെട്ടെന്ന് മരണത്തിലേക്ക് നടന്നടക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല.
മിനിയാന്ന് രാത്രി 7 മണിയോടടുത്ത് മുക്കത്തെ ലാംഡ സ്റ്റീൽസിനു മുമ്പിൽ തിരക്കേറിയ റോഡരികിൽവെച്ച് പതിവില്ലാതെ ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചു. ആ സ്നേഹ സൗഹൃദ സംഭാഷണത്തിനിടയിൽ സമയം പോയതറിഞ്ഞില്ല.യാത്ര പറഞ്ഞു പിരിയുന്നേരം ഒരിക്കലും വിചാരിച്ചില്ല തിരിച്ചു വരാൻ പറ്റാത്ത ലോകത്തേക്കാണ് അവസാന യാത്ര പറഞ്ഞെതെന്ന്.
യാത്ര പറഞ്ഞ് പിരിഞ്ഞതും നേരെ റോഡ് ക്രോസ് ചെയ്യും നേരം വാഹനങ്ങൾ വരുന്നില്ലെന്നുറപ്പാക്കി റോഡ് മുറിച്ച് കടക്കു നേരം അപ്രതീക്ഷിതമായി ചീറിപ്പാഞ്ഞുവരുന്ന ഓട്ടോറിക്ഷ തട്ടിത്തെറിപ്പിച്ചത് മുഹമ്മദാലിക്കയുടെ ജീവിതമായിരുന്നു.
കൈക്കും തലക്കും സാരമായ പരിക്കേറ്റ് ബോധരഹിതനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
മരണം ഇങ്ങനെയൊക്കെയാണ്. ജീവിതയാത്രയിൽ ആടി തിമർക്കുമ്പോൾ രംഗബോധമില്ലാത്ത കോമാളിയെപോലെ അവൻ വരും ശവമഞ്ചലുമായ്.... കയറാതിരിക്കാൻ കഴിയില്ല, ഒരുപക്ഷേ ഉറ്റവരോടും ഉടയവരോടും യാത്ര പറയാൻ പോലും കഴിയില്ല.
കോരിച്ചൊരിയുന്ന മഴയെത്തും, മഞ്ഞുപെയ്യുന്ന രാത്രിയിലും, ചുട്ടുപൊള്ളുന്ന കൊടുംചൂടിലും, കാവലിരിക്കാൻ ലാംഡ സ്റ്റീൽസിലിനി മുഹമ്മദലിക്ക ഉണ്ടാവില്ല...
മരണത്തിനു മുമ്പുള്ള ആ സൗഹൃദ സംഭാഷണവും സ്നേഹപ്രകടനവും എന്റെ ഇടനെഞ്ചിലൊരു നീറ്റലായ്അനുഭവപ്പെടുന്നു.
പോസ്റ്റ്മോർട്ടം കഴിഞ്ഞു തണുത്ത് വിറങ്ങലിച്ച് നിശ്ചലമായ അദ്ദേഹത്തിന്റെ ഭൗതികശരീരം ഒരു നോക്ക് കാണാൻ ഹൃദയം പൊട്ടി കാത്തിരിക്കുന്ന. കൂടപ്പിറപ്പുകളുടെ കണ്ണ് നിറഞ്ഞനേരം, ആദരസൂചകമായി പ്രകൃതി തന്നെ മുക്കത്തും, കറുത്തപറമ്പിലും പരിസരപ്രദേശങ്ങളിലും നിർത്താതെ കണ്ണീർമഴ പെയ്തുകൊണ്ടേയിരുന്നു
മുഹമ്മദലിക്ക,
സ്നേഹപ്രകടനങ്ങൾക്കും സൗഹൃദത്തിനും നന്ദി. കണ്ണീർ പ്രണാമം