ടെല്‍ അവീവ്: ഗാസയില്‍ അഞ്ചാം ദിവസവും ഇസ്രയേല്‍ ബോംബാക്രമണം തുടരുന്നു. ഗാസയില്‍ മാത്രമായി ആയിരത്തോളം പേര്‍ മരിച്ചു.കുടിവെള്ളവും ഭക്ഷണവും വൈദ്യുതിയുമില്ലാതെ ദുരിതത്തിലായിരിക്കുകയാണ് ഗാസ നിവാസികള്‍. യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ ഇസ്രയേലിലും ഗാസയിലുമായി രണ്ടായിരത്തോളം പേരാണ് മരിച്ചത്. ഇസ്രയേല്‍ - ഹമാസ് യുദ്ധത്തില്‍ ഓരോ ദിവസവും മരണ സംഖ്യ ഉയരുകയാണ്. ഇസ്രയേലില്‍ ഹമാസ് സായുധ സംഘം നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു.
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രണമണത്തില്‍ മരിച്ചവരുടെ എണ്ണം 900 കടന്നു. വെസ്റ്റ് ബാങ്കില്‍ 21 പലസ്തീനികളും കൊല്ലപ്പെട്ടിട്ടുണ്ട്. ഗാസയില്‍ അഞ്ചാം ദിവസവും കനത്ത ബോബാക്രമണമാണ് ഇസ്രയേല്‍ നടത്തിയത്.കുടിവെള്ളവും ഭക്ഷ്യ വസ്തുക്കളും ഇല്ലാതെ ഗാസ നിവാസികള്‍ വൻ ദുരന്തമാണ് അഭിമുഖീകരിക്കുന്നത്. അഞ്ച് ദിവസമായി മേഖലയില്‍ വൈദ്യുതിയും ഇല്ല.
പരിക്കേറ്റവരെ ഉള്‍ക്കൊള്ളാനാകാതെ ഗാസയിലെ ആരോഗ്യമേഖല തകര്‍ന്നതായി ഐക്യരാഷട്ര സഭ വ്യക്തമാക്കി.കാനഡ അടക്കം കൂടുതല്‍രാജ്യങ്ങള്‍ ഇസ്രയേലില്‍ നിന്നും പൗരന്മാരെ രക്ഷപ്പെടുത്താൻ കാനഡ അടക്കമുള്ള കൂടുതല്‍ രാജ്യങ്ങള്‍ നീക്കം തുടങ്ങി. ഇതിനിടെ, പലസ്തീന്‍ ജനതക്ക് യു.എ.ഇ സഹായം പ്രഖ്യാപിച്ചിരുന്നു. ഐക്യരാഷ്ട്ര സഭാ ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യുഎ വഴി രണ്ടു കോടി ഡോളര്‍ സഹായം എത്തിക്കാനാണ് പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിര്‍ദേശം നല്‍കിയത്.
ഇന്നലെ ഹമാസ് ഭരണത്തിലുള്ള ഗാസയില്‍ ഇസ്രയേല്‍ സൈന്യം ധനകാര്യ മന്ത്രാലയവും ബാങ്കും തകര്‍ത്തിരുന്നു. ഇതിനൊപ്പം ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയിലെ ധനമന്ത്രി കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഗാസയിലെ ധനകാര്യ മന്ത്രി അബു ഷംലയാണ് കൊല്ലപ്പെട്ടത്. ഹമാസ് ഭരണത്തിലുള്ള പ്രദേശമാണ് ഗാസ. അതേസമയം ഹമാസിന്‍റെ അതിര്‍ത്തി കടന്നുള്ള ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
അതിനിടെ ഇസ്രയേല്‍ - ഹമാസ് യുദ്ധത്തില്‍ ആദ്യ പ്രതികരണവുമായി റഷ്യൻ പ്രസിഡന്‍റ് വ്ളാട്മിര്‍ പുടിനും രംഗത്തെത്തി. പുടിന്‍റെ വിമര്‍ശനം അമേരിക്കക്കെതിരെ ആയിരുന്നു. പശ്ചിമേഷ്യയില്‍ കാണുന്നത് അമേരിക്കയുടെ നയ പരാജയമാണെന്നാണ് റഷ്യൻ പ്രസിഡന്‍റ് പ്രതികരിച്ചത്. ഇരു വിഭാഗങ്ങളേയും പരിഗണിക്കുന്നതില്‍ വീഴ്ച പറ്റിയെന്നും വ്ളാട്മിര്‍ പുടിൻ പറഞ്ഞു.
അതിനിടെ ഇസ്രയേല്‍ - ഹമാസ് സംഘര്‍ത്തില്‍ ഇസ്രയേലിനൊപ്പമാണ് ഇന്ത്യ നില്‍ക്കുന്നതെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തി. എല്ലാ തരം തീവ്രവാദത്തെയും ഇന്ത്യ ശക്തമായി അപലപിക്കുകയാണെന്നും നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചെന്നും നിലവിലെ സ്ഥിതി അദ്ദേഹം അറിയിച്ചെന്നും നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു.
Tags:
INTERNATIONAL